രാഹുല്‍ ടി20 ടീമില്‍ നിന്ന് പുറത്ത്, പകരം സഞ്ജു?
ഇന്ത്യന്‍ താരം കെ.എല്‍ രാഹുലിന് വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പര നഷ്ടമാകും. കഴിഞ്ഞയാഴ്ച കോവിഡ് ബാധിച്ച രാഹുലിന്റെ ഐസൊലേഷന്‍ കാലയളവ് ബുധനാഴ്ച അവസാനിക്കുമെങ്കിലും ഒരാഴ്ച്ച കൂടി വിശ്രമിക്കാന്‍ ബിസിസിഐ മെഡിക്കല്‍ സംഘം നിര്‍ദേശിക്കുകയായിരുന്നു. ഇതോടെയാണ് രാഹുല്‍ ടി20 പരമ്പര കളിയ്ക്കില്ലെന്ന് ഉറപ്പായത്.
ജൂണ്‍ അവസാനത്തോടെ ജര്‍മ്മനിയില്‍ വെച്ച് സ്‌പോര്‍ട്‌സ് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ രാഹുല്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ സുഖം പ്രാപിച്ചു വരികയായിരുന്നു. ജൂലായ് 29-നാണ് വിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കുക.
രാഹുലിന്റെ അഭാവത്തില്‍ റിഷഭ് പന്ത് വീണ്ടും ഓപ്പണിങ് സ്ഥാനത്തെത്താന്‍ സാധ്യതയുണ്ട്. ഓപ്പണിങ് സ്ലോട്ടിലേക്ക് ഇഷാന്‍ കിഷനും അവസരം കാത്തിരിക്കുന്നു. അതേസമയം രാഹുലിന് പകരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ട സഞ്ജുവിനെ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ഏറെ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. സഞ്ജു ടീമിലെത്തിയാലും പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടാന്‍ സാധ്യത കുറവാണ്.
വിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ തരക്കേടില്ലാത്ത പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ആദ്യ ഏകദിനത്തിലൊഴികെ ബാറ്റ് കൊണ്ട് തിളങ്ങിയ സഞ്ജു കീപ്പിംഗിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.