അവനെ കളിപ്പിക്കില്ല, ബലിയാടാക്കും, ഞെട്ടിക്കുന്ന പ്രവചനവുമായി മഞ്ജരേക്കര്‍

ഇംഗ്ലണ്ടിനെതിരെ നിര്‍ണായകമായ അഞ്ചാം ടി20യില്‍ ഇന്ത്യയുടെ പ്ലയിംഗ് ഇലവനില്‍ യുവതാരം ഇഷാന്‍ കിഷന്‍ ഇടംപിടിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍താരം സഞ്ജയ് മഞ്ജരേക്കര്‍. കെഎല്‍ രാഹുലിനായി ഇത്തവണയും ഇഷാന്‍ കിഷനെ ബലലിയാടാക്കുമെന്നാണ് മഞ്ജരേക്കര്‍ വിലയിരുത്തുന്നത്.

പരിക്ക് പൂര്‍ണമായും മാറിയെങ്കില്‍ കിഷനെ കളിപ്പിക്കണമെന്നാണ് മഞ്ജരേക്കര്‍ തുറന്ന് പറയുന്നത്.

‘പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിലും രാഹുലിന് തന്റെ സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. എന്നിരുന്നാലും അദ്ദേഹത്തെ പുറത്തിരിത്തുമെന്ന് ഞാന്‍ കരുതുന്നില്ല. ഫോം വീണ്ടെടുക്കാന്‍ രാഹുലിന് വീണ്ടും അവസരം നല്‍കും. ഇക്കാര്യം ക്യാപ്റ്റന്‍ നേരത്തെ സൂചിപ്പിച്ചതാണ്. അതുകൊണ്ടുതന്നെ ഇഷാന്‍ പുറത്തിരിക്കേണ്ടിവരും’ മഞ്ജരേക്കര്‍ തുറന്ന് പറയുന്നു.

‘രാഹുലിനെ കളിപ്പിക്കണം എന്നുള്ളതുകൊണ്ട് കിഷനെ പരിക്കിന്റെ പേര് പറഞ്ഞ് ഒഴിവാക്കിയേക്കാം. എന്നാല്‍ അവന്‍ ടീമില്‍ വേണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്’ മഞ്ജരേക്കര്‍ വ്യക്തമാക്കി. ബോളിങ് നിരയില്‍ മാറ്റത്തിന്റെ ആവശ്യമില്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു. വാഷിംഗ്ടണ്‍ സുന്ദറിന് പകരം രാഹുല്‍ തെവാട്ടിയയെ കളിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതെസമയം നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് ആരെ കളിപ്പിക്കും ആരെ പുറത്തിരിത്തുമെന്നുള്ള ആശയകുഴപ്പത്തിലാണ്. മോശം ഫോമിലുള്ള ഓപ്പണര്‍ കെ എല്‍ രാഹുലിന് മറ്റൊരു അവസരം കൂടി ലഭിക്കുമെന്നാണ് പൊതുവെയുളള വിലയിരുത്തല്‍.

You Might Also Like