ഇന്ത്യയുടെ അടുത്ത നായകന്‍ രോഹിത്തല്ല, മറ്റൊരാളെ പരീക്ഷണ നായകനാക്കുന്നു

Image 3
CricketTeam India

ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീം നായക സ്ഥാനത്ത് നിന്നും ഒഴിയുമെന്ന് ഇതിനോടകം തന്നെ വിരാട് കോഹ്ലി പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതോടെ പുതിയ ടി20 നായകന്‍ ആരെന്ന കാര്യത്തില്‍ നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കാനിരിക്കുകയാണ്. ഇതിനിടെ ലോകകപ്പിന് ശേഷം ഇന്ത്യ കളിയ്ക്കുന്ന ന്യൂസിലന്‍ഡ് ടി20 പരമ്പരയില്‍ കെഎല്‍ രാഹുല്‍ ഇന്ത്യന്‍ ക്യാപ്റ്റനായേക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഒരുക്കിയിരിക്കുന്നത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നത് കാരണമാണ് കെല്‍ രാഹുല്‍ ഇന്ത്യന്‍ ക്യാപ്റ്റനാവുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍. കൂടാതെ ദീര്‍ഘകാലത്തേയ്ക്ക് നായകനെന്ന നിലയില്‍ രാഹുലിനെ പരീക്ഷിക്കാന്‍ കഴിയുമോ എന്നതിന്റെ ടെസ്റ്റ് ഡോസ് കൂടിയാകും ഈ പരമ്പര.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ച്ചയായ മത്സരങ്ങള്‍ കളിക്കുകയാണ്. അതുകൊണ്ടാണ് സീനിയര്‍ താരങ്ങളായ വീരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബൂംറ എന്നിവര്‍ക്ക് ഈ പരമ്പരയില്‍ നിന്നും വിശ്രമം അനുവദിക്കാന്‍ സാധ്യതയുള്ളത്. സഞ്ജു സാംസണ്‍ അടക്കം ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കും. ഉടന്‍ തന്നെ ന്യൂസിലന്റ് പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കും.

അതെസമയം വിരാട് കോഹ്ലി സ്ഥാന മൊഴിയുന്ന പശ്ചാത്തലത്തില്‍ കിവീസ് പര്യടനത്തിന് ശേഷം രോഹിത്ത് ശര്‍മ്മയെ ഇന്ത്യയുടെ നായകനാക്കാനും സാധ്യതയുണ്ട്. പ്രയാം മാത്രമാണ് 34കാരനായ രോഹിത്തിന് മുന്നില്‍ വലിയ തടസ്സം.

ടി20 പരമ്പര കൂടാതെ 2 ടെസ്റ്റ് മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റേഡിയത്തില്‍ കാണികളെ അനുവദിക്കുന്ന കാര്യവും ബിസിസിയുടെ പരിഗണനയിലുണ്ട്.

ഇന്ത്യ – ന്യൂസിലന്റ് പരമ്പരയിലെ മത്സരങ്ങള്‍

നവംമ്പര്‍ 17 – ടി20 – ജയ്പൂര്‍
നവംമ്പര്‍ 19 – ടി20 – റാഞ്ചി
നവംമ്പര്‍ 21 – ടി20 – കൊല്‍ക്കത്ത
നവംമ്പര്‍ 25 – ടെസ്റ്റ് – കാന്‍പൂര്‍
ഡിസംമ്പര്‍ 03 – ടെസ്റ്റ് – മുംബൈ