സഹിക്കുന്നതിന് പരിധിയുണ്ട്, പഞ്ചാബിനെതിരെ പൊട്ടിത്തെറിച്ച് രാഹുല്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തോല്‍വി ഇരന്ന് വാങ്ങിയ കിംഗ്‌സ് പഞ്ചാബിനെ തള്ളി നായകന്‍ കെഎല്‍ രാഹുല്‍.
മുന്‍പ് വരുത്തിയ പിഴവുകളില്‍ നിന്നും പഠിക്കാന്‍ തന്റെ ടീമിന് ഇനിയും സാധിച്ചിട്ടില്ലായെന്നാണ് കെഎല്‍ രാഹുല്‍ തുറന്ന് പറയുന്നത്.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നിരശാജനകമായ പരാജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു രാഹുല്‍.

‘ ഇത് സഹിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്, ഇതുപോലുള്ള മത്സരങ്ങളില്‍ മുന്‍പും ഞങ്ങളിങ്ങനെ തകര്‍ന്നിട്ടുണ്ട്. സമ്മര്‍ദ്ദത്തെ എങ്ങനെ കൂടുതല്‍ സമര്‍ഥമായി നേരിടണമെന്ന് ഞങ്ങള്‍ പഠിക്കേണ്ടതുണ്ട്. 18 ഓവറിനുള്ളില്‍ മത്സരം ഫിനിഷ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ചില സമയങ്ങളില്‍ മത്സരത്തിലെ നിയന്ത്രണം നഷ്ടമാവുകയും എതിരാളികളെ തിരിച്ചുവരാന്‍ അനുവദിക്കുകയും ചെയ്യും’ രാഹുല്‍ പറഞ്ഞു.

‘മുന്‍പ് ചെയ്ത തെറ്റുകളില്‍ നിന്നും പാഠം പഠിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. കൂടുതല്‍ ശക്തമായി തിരിച്ചെത്തി ഇനിയുള്ള അഞ്ച് മത്സരങ്ങളും വിജയിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. ‘ മത്സരശേഷം കെ എല്‍ രാഹുല്‍ പറഞ്ഞു.

മത്സരത്തില്‍ റോയല്‍സ് ഉയര്‍ത്തിയ 186 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ട്ടത്തില്‍ 183 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 120 റണ്‍സിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടും പഞ്ചാബിന് ലഭിച്ചിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ അവിശ്വസനീയ തിരിച്ചുവരവാണ് രാജസ്ഥാന്‍ റോയല്‍സ് നടത്തിയത്.

 

You Might Also Like