ഇരുകൂട്ടര്‍ക്കും മതിയായി, രാഹുലും പഞ്ചാബും വേര്‍പിരിയുന്നു, റാഞ്ചാന്‍ വമ്പന്‍മാര്‍

ഐപിഎല്‍ 15ാം സീസണില്‍ പഞ്ചാബ് കിംഗ്‌സ് ജഴ്‌സി അണിയാന്‍ അവരുടെ നായകന്‍ കെഎല്‍ രാഹുല്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ രാഹുലും കിംഗ്‌സ് പഞ്ചാബും വഴിപിരിയാന്‍ ധാരണയിലെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പ്രമുഖ കായിക മാധ്യമമായ ക്രിക്ക് ബസ്സാണ് പതിനാലാം സീസണില്‍ നിലവിലെ ഓറഞ്ച് ക്യാപ്പ് ഹോള്‍ഡര്‍ക്ക് പഞ്ചാബ് വിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സീസണിലുടനീളം തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം കാഴ്ച്ചവെച്ചെങ്കിലും കെഎല്‍ രാഹുലിന് ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് ചില കടുത്ത തീരുമാനങ്ങളുണ്ടായിരിക്കുന്നത്. രാഹുലിനെ സ്വന്തമാക്കാന്‍ ചില ഐപിഎല്‍ ടീമുകള്‍ താല്‍പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതെസമയം വരും സീസണിന് മുമ്പ് നടക്കേണ്ട മെഗാ താരലേലം സംബന്ധിച്ചുള്ള മാനദണ്ഢങ്ങള്‍ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫ്രാഞ്ചൈസികള്‍ക്ക് എത്ര താരങ്ങളെ വരെ നിലനിര്‍ത്താം എന്ന് ഇതിനാല്‍ത്തന്നെ നിലവില്‍ അറിയില്ല.

ഐപിഎല്ലില്‍ നിന്ന് പുറത്തായ ശേഷം ടി20 ലോകകപ്പിനായി ദുബായില്‍ ബയോ-ബബിളില്‍ തുടരുകയാണ് കെ എല്‍ രാഹുല്‍. ഐപിഎല്ലിന് ശേഷം കൂടുതല്‍ താരങ്ങള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ചേരും. ഐപിഎല്‍ പതിനാലാം സീസണില്‍ 13 ഇന്നിംഗ്സില്‍ 62.60 ശരാശരിയിലും 138.80 സ്ട്രൈക്ക് റേറ്റിലും 626 റണ്‍സ് രാഹുല്‍ നേടിയിരുന്നു. പുറത്താകാതെ നേടിയ 98 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആറ് അര്‍ധ സെഞ്ചുറികള്‍ സഹിതമാണ് രാഹുലിന്റെ റണ്‍വേട്ട.

ലോകകപ്പ് സ്‌ക്വാഡില്‍ മാറ്റം വരുത്താന്‍ ഒക്ടോബര്‍ 15 വരെ ബിസിസിഐക്ക് അവസരമുണ്ട്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹര്‍ഷാല്‍ പട്ടേല്‍, വെങ്കടേഷ് അയ്യര്‍, ശിവം മാവി എന്നിവരില്‍ ചിലരോട് ഇന്ത്യന്‍ ടീമിനെ സഹായിക്കാന്‍ യുഎഇയില്‍ തുടരാന്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട് എന്നും ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബര്‍ 23നാണ് ലോകകപ്പിലെ സൂപ്പര്‍ 12 ഘട്ടം തുടങ്ങുന്നത്.

You Might Also Like