തമ്മില്‍ തല്ലിയവര്‍ ഒരുടീമില്‍, രാഹുലിന് പുതിയ തലവേദന

Image 3
CricketIPL

ഐപില്‍ മെഗാതാരലേലത്തില്‍ രസകരമായ ഒരു കൗതുകത്തിനാണ് ലഖ്‌നൗ ഫ്രാഞ്ചസി വഴിയൊരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ ആള്‍റൗണ്ടര്‍ കൃനാള്‍ പാണ്ട്യയെയും മറ്റൊരു ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെയും ലഖ്‌നൗ വിളിച്ചെടുത്തതാണ് അത്. 8.25 കോടി രൂപയാണ് കൃനാള്‍ പാണ്ട്യ സ്വന്തമാക്കിയത്. ഹൂഡയാകട്ടെ 5.75 കോടി രൂപയും വാരിയെടുത്തു.

അതേസമയം നേരത്തെ ബറോഡ ടീമില്‍ കളിച്ച ഇരുവരും തമ്മില്‍ തല്ലിയത് ഏറെ നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബറോഡ ടീമിന്റെ നായകനായിരുന്ന കൃനാള്‍ ഹൂഡയെ ഏറെ അധിക്ഷേപിച്ചതായും റിപ്പോര്‍ട്ടുകലുണ്ടായിരുന്നു. ഇതോടെ ബറോഡ ടീമില്‍ സ്ഥാനം നഷ്ടമായ ഹൂഡ സഹികെട്ട് രാജസ്ഥാനായി അഭ്യന്തര മത്സരങ്ങള്‍ കളിയ്ക്കുകയാണ്.

നിലവില്‍ ഇന്ത്യന്‍ ടി20, ഏകദിന ടീമില്‍ ഇടംപിടിച്ചിട്ടുളള താരമാണ് ഹൂഡ. കൃനാല്‍ ആകട്ടെ ഇന്ത്യന്‍ ടീമിന് പുറത്തുമാണ്. വീണ്ടും ഒരിക്കല്‍ കൂടി ഇരുവരും ഒരേ ടീമിലേക്ക് എത്തുമ്പോള്‍ എന്താകുമെന്നുള്ള ആകാംക്ഷ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഇക്കഴിഞ്ഞ വെസ്റ്റ് ഇന്‍ഡീസ് ലിമിറ്റെഡ് ഓവര്‍ പരമ്പരയില്‍ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ദീപക് ഹൂഡ മികച്ച ഫോമിലാണ്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് ഇന്ത്യന്‍ ടീമിലേക്ക് വഴി ഒരുക്കിയത്.

അതേസമയം നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ കൃനാല്‍ പാണ്ട്യ തന്നെ തനിക്ക് ഏത് മത്സരവും ജയിക്കാനുള്ള മിടുക്കുണ്ട് എന്നാണ് അഭിപ്രായപെട്ടത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായ കൃനാള്‍ പാണ്ട്യയും പഞ്ചാബ് കിംഗ്‌സ് താരമായ ദീപക് ഹൂഡയും ഒരുമിച്ച് പ്ലേയിംഗ് ഇലവനില്‍ എത്താനുള്ള സാധ്യത വലുതാണ്. ഇതോടെ ഇരുവരുടേയും സാന്നിദ്ധ്യം ലഖനൗ നായകന്‍ കെഎല്‍ രാഹുലിന് തലവേദനയായി മാറുമോന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.