ഇത്തവണ ഐപിഎല്ലില്‍ രാഹുലിന്റെ മറ്റൊരു മുഖമാകും കാണുക, വെളിപ്പെടുത്തി വസീം ജാഫര്‍

Image 3
CricketIPL

ഐപിഎല്‍ ആരംഭിക്കാന്‍ ഏതാനും ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ടീമുകളെല്ലാം ഐപിഎല്ലിനായി കൈമെയ് മറന്നുളള ഒരുക്കത്തിലാണ്. അതിനിടെ ഇക്കൊല്ലത്തെ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്‌സ് താരം ലോകേഷ് രാഹുല്‍ ആക്രമണാത്മക ബാറ്റിംഗ് കാഴ്ചവെക്കുമെന്ന് ഉറപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പഞ്ചാബ് ടീമിന്റെ ബാറ്റിംഗ് പരിശീലകന്‍ വസീം ജാഫര്‍.

കഴിഞ്ഞ സീസണില്‍ മധ്യനിര അത്ര ശക്തമായിരുന്നില്ലെനും അതുകൊണ്ട് ക്രീസില്‍ തുടരാന്‍ വേണ്ടിയാണ് രാഹുല്‍ സാവധാനം ബാറ്റ് ചെയ്തതെന്നും ജാഫര്‍ ക്രിക്ക് ബസിനോട് പറഞ്ഞു.

”കഴിഞ്ഞ സീസണില്‍ രാഹുല്‍ ശങ്കയോടെയാണ് ബാറ്റ് വീശിയത്. അഞ്ചാം നമ്പറിനു ശേഷം ബാറ്റിംഗ് ദുര്‍ബലമാണെന്നതും മാക്‌സ്വല്‍ ഫോമിലല്ല എന്നതുമായിരുന്നു കൂടുതല്‍ സമയം ക്രീസില്‍ നില്‍ക്കാന്‍ രാഹുലിനെ പ്രേരിപ്പിച്ചത്. ക്രീസില്‍ തുടര്‍ന്ന് ടീമിനെ വിജയിപ്പിക്കാനുള്ള ചുമതല രാഹുല്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇക്കൊല്ലം ആക്രമണകാരിയായ രാഹുലിനെ നിങ്ങള്‍ കാണും.”- ജാഫര്‍ പറഞ്ഞു.

ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.

ചെന്നൈയോടൊപ്പം, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനല്‍.