ചരിത്രനേട്ടവുമായി രാഹുൽ; ഒപ്പം കോഹ്‌ലിയും ബാബറും

Image 3
CricketTeam India

കാന്‍ബെറ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യിലെ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുല്‍. മല്‍സരത്തില്‍ 51 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കററായിരുന്നു അദ്ദേഹം. ഇതോടെ അന്താരാഷ്ട്ര ടി20യില്‍ 1500 റണ്‍സ് പിന്നിട്ടിരിക്കുകയാണ് രാഹുല്‍.

വെറും 39 ഇന്നിങ്‌സുകളിലാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ നേട്ടം. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, പാകിസ്താന്‍ ക്യാപ്റ്റൻ ബാബര്‍ ആസം, ഓസ്‌ട്രേലിയന്‍ ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ച് എന്നിവര്‍ക്കൊപ്പമാണ് രാഹുൽ ഈ നേട്ടം പങ്കിടുന്നത്. മൂവരും 39 ഇന്നിങ്‌സുകളിലാണ് 1500 റണ്‍സ് എന്ന നാഴികക്കല്ല് മറികടന്നത്. ടി20 കരിയറിൽ ഇതുവരെ രണ്ടു സെഞ്ച്വറികളും 12 ഫിഫ്റ്റികളും സ്വന്തം പേരിലുള്ള ഇന്ത്യൻ ഉപനായകന്റെ ഒരു ഇന്നിങ്സിലെ ഏറ്റവും ഉയർന്ന സ്‌കോർ 110 റണ്‍സാണ്.

കാൻബറയിൽ ഇന്നത്തെ മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ രാഹുൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. 37 പന്തുകളിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ താരം, 40 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 51 റണ്‍സെടുത്തു. രാഹുലിനെക്കൂടാതെ അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യൻ സ്‌കോർ 160ൽ എത്തിച്ചത്. 23 പന്തുകൾ നേരിട്ട ജഡേജ അഞ്ചു ബൗണ്ടറികളും ഒരു കൂറ്റൻ സിക്‌സറും പായിച്ചു.

ഏറെ പ്രതീക്ഷകളോടെ പാഡ് കെട്ടിയ സഞ്ജു സാംസൺ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 23 റൺസെടുത്ത് പുറത്തായി. ഓസീസിനു വേണ്ടി മോയ്‌സസ് ഹെന്റിക്വസ് മൂന്നും മിച്ചെല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിനിറങ്ങിയ ഓസീസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഫിഞ്ചും ഷോര്‍ട്ടും ആദ്യ വിക്കറ്റിൽ നേടിയ മികച്ച പാര്‍ട്ണര്‍ഷിപ്പിന്‍റെ ആനുകൂല്യം മുതലാക്കാൻ മധ്യനിര പരാജയപ്പെട്ടു. പരിക്കുപറ്റിയ ജഡേജക്ക് പകരക്കാരനായി ഇറങ്ങി കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്തിയ ചാഹലും നടരാജനും ചേർന്ന് കങ്കാരുപ്പടയെ വരിഞ്ഞുകെട്ടി. ചാഹല്‍ നാലോവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും, നടരാജന്‍ നാലോവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളും നേടി. ആരോണ്‍ ഫിഞ്ചും (35) ഹെന്‍റ്‍‍റിക്വസും (30) ഷോർട്ടും (34) മാത്രമാണ് ഓസീസ് നിരയിൽ പൊരുതിയത്.