തോറ്റുപോയ ഹീറോ, അരങ്ങേറ്റം അവിസ്മരണീയമാക്കി നസീം ഷാ, മറക്കില്ലൊരിക്കലും

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 147 റണ്‍സിന് ഒതുക്കാന്‍ ആയതോടെ ഇന്ത്യ അനായാസം മത്സരം ജയിക്കുമെന്നാണ് എല്ലാവരും കരുതിയത്. 19 വയസ്സുളള ഒരു അരങ്ങേറ്റ താരം ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ സര്‍വ്വ വിനാശം സൃഷ്ടിയ്ക്കുമെന്ന് ആരും സ്വപ്ത്തില്‍ പോലും കരുതിയില്ല. എന്നാല്‍ ഒരൊറ്റ ഓവര്‍ കൊണ്ട് മത്സരം ഇന്ത്യയ്ക്ക് അനായാസം ജയിച്ച് കയറാനാകില്ലെന്ന് വ്യക്തമായ മുന്നറിയിപ്പ് നല്‍കുകയായിരുന്നു പാകിസ്ഥാന്‍.

നസീം ഷാ എറിഞ്ഞ ആദ്യ ഓവര്‍ അത്രയേറെ ഭയാനകമായിരുന്നു. അദ്യ പന്തില്‍ രോഹിത്ത് സിംഗിളെടുത്തതിനെ തുടര്‍ന്ന് ക്രീസിലെത്തിയ കെഎല്‍ രാഹുല്‍ ഗോള്‍ഡണ്‍ ഡെക്കായി കുറ്റി തെറിച്ച് മടങ്ങുന്നതാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടത്. ഇന്‍സൈഡ് എഡ്ജായതാണ് രാഹുലിന് ഇങ്ങനെയൊരു വിധി വരാന്‍ കാരണം. പിന്നാലെ ക്രീസിലെത്തിയ കോഹ്ലിയെ അടിമുടി വിറപ്പിക്കാനും നസീം ഷായ്ക്ക് ആയി. ഒടുവില്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ കോഹ്ലി രണ്ടാം സ്ലിപ്പില്‍ ഫഖര്‍ സമാന് ക്യാച്ച് നല്‍കിയെങ്കിലും പാകിസ്ഥാന് അവസരം മുതലെടുക്കാനായില്ല.

ആദ്യ ഓവറില്‍ ഒരു വൈഡടക്കം മൂന്ന് റണ്‍സ് മാത്രമാണ് നസീം ഷാ വഴങ്ങിയത്. കോഹ്ലിയുടെ വിക്കറ്റ് കൂടി ആ ഓവറില്‍ വീണിരുന്നെങ്കില്‍ ഒരു പക്ഷെ മത്സരം തന്നെ ഇന്ത്യയ്ക്ക് കൈവിടുകയായിരുന്നു. രണ്ടാം വരവിലും നസീം ഷാ ഇന്ത്യന്‍ ക്യാമ്പില്‍ ഭീതി പരത്തിയിരുന്നു. ഇന്ത്യയെ വിജയത്തിലേക്ക് ഡ്രൈവ് ചെയ്ത സാക്ഷാല്‍ സൂര്യകുമാര്‍ യാദവിന്റെ കുറ്റിപിഴുതാണ് നസീം ഷാ തന്റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് ക്രിക്കറ്റ് ലോകത്തെ കാണിച്ചത്.

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ഷഹീന്‍ ഷാ അഫ്രീദി നടത്തിയ പ്രകടനം ഓര്‍മ്മിപ്പിക്കുന്നതായിരുന്നു നസീം ഷായുടെ ബൗളിംഗ് പ്രകടനം. അന്ന് ആദ്യ സ്‌പെല്ലില്‍ രോഹിത്തിനേയും രാഹുലിനേയും പുറത്താക്കിയ ഷഹീന്‍ രണ്ടാം വരവില്‍ കോഹ്ലിയേയും പുറത്താക്കിയിരുന്നു.

മത്സരത്തില്‍ നസീം ഷാ എറിഞ്ഞ നാലാം ഓവര്‍ നിറകണ്ണുകളോടെയാണ് പാക് ആരാധകര്‍ കണ്ടത്. പരിക്കേറ്റ് വലഞ്ഞ നസീം ഷാ മര്യാദയ്ക്ക് റണ്ണപ്പ് പോലും ചെയ്യാനാകാതെയാണ് ആ ഓവര്‍ എറിഞ്ഞ് തീര്‍ത്തത്. പലപ്പോഴും വേദനകൊണ്ട് ഗ്രൗണ്ടില്‍ വീണ് നസീം ഷാ പുളയുന്നതും ക്രിക്കറ്റ് ലോകം കണ്ടു. ആ ഓവറില്‍ പൂര്‍ണ്ണ ഫിറ്റായി നസീം ഷായ്ക്ക് എറിയാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ മത്സര ഗതി തന്നെ മാറി മറിയുമായിരുന്നു. മത്സരം അവസാനിച്ചപ്പോള്‍ നസീം ഷായുടെ ഫിഗര്‍ ഇങ്ങനെയായിരുന്നു. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ്. ഇതാ ഒരു താരോദയം നടന്നിരിക്കുന്നു.

You Might Also Like