ഏഷ്യകപ്പ്, രാഹുലിനൊപ്പം ദീര്‍ഘകാലമായി കളിയ്ക്കാത്ത മറ്റൊരു ഇന്ത്യന്‍ താരവും തിരിച്ചെത്തും

Image 3
CricketTeam India

ഏഷ്യകപ്പിനുളള ഇന്ത്യന്‍ ടീമില്‍ ആരൊക്കെയെന്നറിയാനുളള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഏത് നിമിശവും പ്രഖ്യാപിക്കാവുന്ന ടീമില്‍ രണ്ട് താരങ്ങളെ കുറിച്ച് സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഓപ്പണര്‍ കെ എല്‍ രാഹുല്‍ ഏഷ്യാ കപ്പിലൂടെ ഇന്ത്യന്‍ ടീമിലേക്ക തിരിച്ചെത്തുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. കൂടാതെ പരിക്കിന്റെ പിടിയിലായി ദീര്‍ഘകാലമായി കളിയ്ക്കാത്ത ദീപക് ചാഹറിനും സ്‌ക്വാഡില്‍ ഇടംപിടിക്കാനായേക്കും എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഗസ്റ്റ് എട്ടിനാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിക്കുക. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഏഷ്യാ കപ്പ് ടൂര്‍ണമെന്റ്.

‘കെ എല്‍ രാഹുലിന് ഒന്നും തെളിക്കേണ്ടതില്ല. അദ്ദേഹമൊരു ക്ലാസ് താരമാണ്. സ്പെഷ്യലിസ്റ്റ് ഓപ്പണറായാണ് രാഹുല്‍ ടി20യില്‍ കളിക്കാറ്, അത് തുടരും. സൂര്യകുമാര്‍ യാദവും റിഷഭ് പന്തും സ്പെഷ്യലിസ്റ്റ് മധ്യനിര താരങ്ങളായി തുടരും’ ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.

രാജ്യാന്തര ടി20യില്‍ 56 മത്സരങ്ങളില്‍ രണ്ട് സെഞ്ചുറികളോടെ 40.69 ശരാശരിയിലും 142.49 സ്ട്രൈക്ക് റേറ്റിലും 1831 റണ്‍സ് രാഹുലിനുണ്ട്. ഐപിഎല്‍ കരിയറില്‍ 190 മത്സരങ്ങളില്‍ 4 ശതകങ്ങളോടെ 3889 റണ്‍സും സ്വന്തം. ബാറ്റിംഗ് ശരാശരി 48.01 ഉം സ്ട്രൈക്ക് റേറ്റ് 136.22 ഉം.

ഫെബ്രുവരിക്ക് ശേഷം ഇന്ത്യക്കായി ഒരു മത്സരം പോലും രാഹുല്‍ കളിച്ചിട്ടില്ല. പരിക്കിനെ തുടര്‍ന്ന് സ്പോര്‍ട്സ് ഹെര്‍ണിയ ശസ്ത്രക്രിയക്ക് വിധേയനായ രാഹുല്‍ സുഖംപ്രാപിച്ചുവരുന്നതിനിടെ കൊവിഡ് ബാധിതനായതാണ് തിരിച്ചുവരവ് വൈകിപ്പിച്ചത്. നിലവിലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രാഹുല്‍ ടീമിനൊപ്പമില്ല. ഇന്ത്യയുടെ വരാനിരിക്കുന്ന സിംബാബ്വെ പര്യടത്തില്‍ രാഹുലുണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാത്തത് തിരിച്ചടിയായി.

ഈ മാസം 27ന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ ആറ് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ദുബായിയും ഷാര്‍ജയുമാണ് മത്സരങ്ങളുടെ വേദി. 28നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബദ്ധ വൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.