ഗില്‍ മുന്നില്‍ നിന്നും നയിച്ചു, കൊല്‍ക്കത്തയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്, തലകുനിച്ച് ഹൈദരാബാദ്

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴ് വിക്കറ്റ് ജയം. സണ്‍റൈസേഴ്സ് മുന്നോട്ടുവൈച്ച 143 റണ്‍സ് എന്ന വിജയലക്ഷ്യം 18 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ നൈറ്റ് റൈഡേഴ്സ് മറികടന്നു. സണ്‍റൈസേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.
ശുഭ്മാന്‍ ഗില്ലിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 62 ബോളില്‍ നിന്ന് ഗില്‍ 70 റണ്‍സ് നേടി പുറത്താകാതെ നിന്നു. മോര്ഗന് 29 പന്തില്‍ പുറത്താകാതെ 42 റണ്‍സുമായി ഗില്ലിന് പിന്തണ നല്കി. നിതീഷ് റാണ 26 റണ്‍സ് നേടി. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ്, ടി. നടരാജന്, റാഷിദ് ഖാന് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ബാറ്റിംഗ് എളുപ്പമല്ലാതിരുന്ന അബുദാബിയിലെ മൈതാനത്ത് മനീഷ് പാണ്ഡെയുടെ അര്‍ദ്ധ സെഞ്ച്വറി മികവിലാണ് ഹൈദരാബാദ് 4 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് അടിച്ചെടുത്തത്. പാണ്ഡെ 37 ബോളില്‍ 51 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ 36 റണ്‍സും വൃദ്ധിമാന്‍ സാഹ 30 റണ്‍സും എടുത്തു. ജോണി ബെയര്‍സ്റ്റോ (5) നിരാശപ്പെടുത്തി.
കൊല്‍ക്കത്തന്‍ ബോളര്‍മാരുടെ മികവുറ്റ ബൗളിംഗ് പ്രകടനാണ് അബുദാബിയില്‍ കാണാനായത്. കഴിഞ്ഞ മത്സരത്തില്‍ നിന്നും വ്യത്യസ്തമായി മികച്ച രീതിയില്‍ ബോളെറിഞ്ഞ കമ്മിന്‍സ് നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി. റസല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.