കൊല്‍ക്കത്തയുടെ രഹസ്യ കോഡ്, പൊട്ടിത്തെറിച്ച് ഇന്ത്യന്‍ താരം

Image 3
CricketIPL

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ രഹസ്യ കോഡുപയോഗില്‍ ആശയകൈമാറ്റം നടത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നീക്കത്തിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സെവാഗ്. പഞ്ചാബ് ബാറ്റ് ചെയ്യുന്നതിനിടേയാണ് കൊല്‍ക്കത്തന്‍ പരിശീലകര്‍ കോഡുകള്‍ ഉപയോഗിച്ച് ക്യാപ്റ്റന്‍ മോര്‍ഗന് നിര്‍ദേശം നല്‍കിയത്.

54 എന്ന ബോര്‍ഡ് വെച്ചാണ് കെകെആര്‍ പരിശീലക സംഘം മോര്‍ഗന് എന്തോ സന്ദേശം കൈമാറിയത്. ടീം നേരത്തെ തയ്യാറാക്കിയ പദ്ധതികളുടെ ഭാഗമാണിതെന്ന് വ്യക്തം. എന്നാല്‍ അത്തരം പ്രവര്‍ത്തികള്‍ ക്യാപ്റ്റന്റെ വില നഷ്ടപ്പെടുത്തുമെന്ന് തുറന്നടിച്ചിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്.

‘ഇത്തരം കോഡ് ഭാഷകള്‍ പട്ടാളത്തിലാണ് നമ്മള്‍ കാണാറുള്ളത്. 54 എന്നത് അവരുടെ ടീമിന്റെ പദ്ധതിയുടെ ഭാഗമാണെന്നാണ് കരുതുന്നത്. അതായത് ഒരു പ്രത്യേക സമയത്ത് ആ ബൗളറെക്കൊണ്ട് തന്നെ പന്തെറിയിക്കണം എന്ന് സൂചന നല്‍കിയതാവാം അത്. ക്യാപ്റ്റനെ സഹായിക്കാമെന്ന ലക്ഷ്യത്തോടെയാവാം ഡഗ്ഔട്ടിലിരുന്ന് പരിശീലകര്‍ അങ്ങനെ ചെയ്തത്. അതില്‍ തെറ്റായൊന്നും പറയാനാവില്ല. എന്നാല്‍ ക്യാപ്റ്റന്റെ വില നഷ്ടപ്പെടുത്തുന്നു. ക്യാപ്റ്റന് മത്സരത്തില്‍ റോളില്ലാതാവുന്നു. ഇങ്ങനെ ചെയ്യാനാണെങ്കില്‍ മോര്‍ഗന്റെ ആവിശ്യമില്ല. ആരെയെങ്കിലും ക്യാപ്റ്റനാക്കിയാല്‍ മതി. ലോകകപ്പ് നേടിയ നായകനാണവന്‍’-സെവാഗ് പറഞ്ഞു.

‘ഒരു സന്ദര്‍ഭത്തില്‍ ഏത് ബൗളറെ ഉപയോഗിക്കണമെന്ന് പുറത്ത് നിന്ന് സഹായം ലഭിക്കുന്നത് മോശമല്ല. എന്നാല്‍ ക്യാപ്റ്റന്റെ മനസില്‍ ഈ സന്ദര്‍ഭത്തിന് ആരാവും അനുയോജ്യനെന്നത് സംബന്ധിച്ച ചിന്ത ഉണ്ടാവും. പുറത്ത് നിന്നുള്ള സഹായം തെറ്റല്ല. കാരണം ചില സമയങ്ങളില്‍ ടീമിലെ 25ാമനാവും നല്ല ആശയം പങ്കുവെക്കാന്‍ സാധിക്കുക’ സെവാഗ് പറഞ്ഞു.

അതെസമയം നാല് തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. പഞ്ചാബ് കിങ്സിനെ അഞ്ച് വിക്കറ്റിനാണ് ഓയിന്‍ മോര്‍ഗനും സംഘവും തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 9 വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റഇംഗില്‍ കെകെആര്‍ 20 പന്ത് ബാക്കിനിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. നായകന്‍ ഓയിന്‍ മോര്‍ഗന്റെ (47*) ബാറ്റിങ് പ്രകടനമാണ് കെകെആറിന് അനായാസ ജയം സമ്മാനിച്ചത്.