പഞ്ചാബ് ഇനിയും അമാന്തിക്കരുത്, അവനെ കളിപ്പിച്ചില്ലേല്‍ വലിയ വിലകൊടുക്കേണ്ടി വരും

ജോര്‍ജ് തോമസ് ചാത്തോലില്‍

വീണ്ടും നിരാശ മാത്രം സമ്മാനിച്ച് കൊണ്ട് ഒരു കളി കൂടി കഴിയുന്നു. ഒരു പഞ്ചാബ് ഫാന്‍ എന്ന നിലക്ക് സന്തോഷിക്കാനുള്ള ഒരു വകയും അവര്‍ തരുന്നില്ല. രാജസ്ഥാന്‍ റോയല്‍സിന് എതിരെ കഷ്ടിച്ച് കേറിക്കൂടി. മുംബൈ ഇന്ത്യന്‍സിന് എതിരെ മാത്രം നന്നായി കളിച്ചു എന്ന് പറയാം. ബാക്കി 3 കളിയിലും വളരെ മോശം പ്രകടനം.

കഴിഞ്ഞ സീസണിലെ പ്രശ്‌നങ്ങള്‍ ഇപ്പോഴും പഞ്ചാബിനെ പിന്തുടരുന്നു. രാഹുലും മായങ്കും കളിച്ചില്ലേല്‍ സ്‌കോര്‍ 125 കടക്കില്ല എന്നതാണ് അവസ്ഥ. മിഡില്‍ ഓര്‍ഡറിന്റെ ഈ പ്രശ്‌നങ്ങള്‍ ആയിരിക്കാം രാഹുലിന്റെ സ്വതസിദ്ധമായ ബാറ്റിങ്ങിന് തടസ്സം നില്‍ക്കുന്നത്. കൂടാതെ ക്യാപ്റ്റന്‍ എന്ന അധിക ഉത്തരവാദിത്തവും കൂടിയാകുമ്പോ രാഹുല്‍ കൂടുതല്‍ സമ്മര്‍ദ്ധത്തില്‍ ആകുന്നു.

4 കളി കഴിഞ്ഞ സ്ഥിതിക്ക് ഇന്ന് എങ്കിലും ഡേവിഡ് മലന് അവസരം കൊടുക്കും എന്ന് കരുതി. മൊയ്സ് ഹെന്റിക്വസിന് പകരം ആയിട്ട് മലാനെ കളിപ്പിക്കാമായിരുന്നു. മൊയ്സിന് ബൗളര്‍ എന്ന നിലയിലോ ബാറ്റ്സ്മാന്‍ എന്ന നിലയിലോ ഒരു ഇമ്പാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. മലാന്‍ ആകട്ടെ, മികച്ച ഫോമിലുമാണ്. അടുത്ത കളിയില്‍ എങ്കിലും മലാന്‍ ടീമില്‍ ഉണ്ടാകുമെന്ന് കരുതുന്നു.

മിഡില്‍ ഓര്‍ഡര്‍ നന്നായി കളിക്കുന്നു എന്ന് തോന്നിയാല്‍ രാഹുലിന് കുറച്ചൂടെ ഈസി ആയി റണ്‍സ് കണ്ടെത്താന്‍ സാധിച്ചേക്കാം. രാഹുല്‍ സെല്‍ഫിഷ് ആണ് എന്നുള്ള രോധനം ഒക്കെ വെറും വിരോധം കൊണ്ട് മാത്രമാണ്. രാഹുല്‍ ആദ്യമേ പുറത്തായ കളികളില്‍ പഞ്ചാബ് എത്ര സ്‌കോര്‍ ചെയ്തു എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പൂരനില്‍ നിന്നും പഞ്ചാബ് മികച്ചൊരു ഇന്നിംഗ്‌സ് എല്ലാ കളിയിലും പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത കളിയില്‍ എങ്കിലും സ്ഥാനക്കയറ്റം കൊടുത്ത് മൂന്നാമത് ഇറക്കി നോക്കിയാല്‍ ചെലപ്പോ ഒരു മാറ്റം കണ്ടേക്കാം.

രാഹുലും ഗെയിലും കൂടി ഓപ്പണ്‍ ചെയ്തിട്ട് മായങ്ക് നാലാമത് കളിക്കണം എന്നാണ് വ്യക്തിപരമായ അഭിപ്രായം (മലാന്‍ ഉണ്ടെങ്കില്‍ അഞ്ചാമന്‍ ആയും പരിഗണിക്കാം). എല്ലാ സീസണിലെയും പോലെ പഞ്ചാബിന്റെ ബൗളിംഗ് വളരെ ശോകം തന്നെയാണ്. ആദ്യം ബാറ്റ് ചെയ്ത് 250+ അടിച്ചാലും സേഫ് അല്ല.

ഒരു ഷമിയും ബിഷണോയിയും മാത്രമുണ്ട് എടുത്ത് പറയാന്‍. വളരെ പ്രതീക്ഷയോടെ വന്ന റിച്ചാര്‍ഡ്‌സണും മെറിദിത്തും തുടക്കത്തില്‍ തന്നെ നിരാശപ്പെടുത്തി. ഇനിയും കളികള്‍ ഉണ്ട്. എഴുതിത്തള്ളാറായിട്ടില്ല എന്നറിയാം. എന്നാലും മുന്നോട്ടുള്ള വഴികള്‍ ഇതിലും കഠിനമായിരിക്കും എന്നുറപ്പാണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like