പരിശീലനം ആരംഭിച്ച് ബ്ലാസ്റ്റേഴ്‌സ്, കിബു ടീമിനെ നിയന്ത്രിക്കുന്നതിങ്ങനെ

Image 3
Uncategorized

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കായി ആദ്യ ഘട്ട പരിശീലന പരുപാടികള്‍ തുടങ്ങി. കോവിഡ് മഹാമാരി മൂലമുളല പ്രത്യേക സാഹചര്യം പരിഗണിച്ച് ഓണ്‍ലൈന്‍ മീറ്റിംഗുകളാണ് പുതിയ പരിശീലകന്‍ കിബു വികൂന ആരംഭിച്ചിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സില്‍ നിലവിലുളള താരങ്ങളെ ഒരുമിച്ച് കൂട്ടി ആഴ്ച്ചയില്‍ ഒന്ന് വീതമുളള ഓണ്‍ലൈന്‍ പരിശീലകന കളരി കിബുവും പരിശീലക സംഘവും തുടങ്ങിയത്.

ഒരുമിച്ച് പരിശീലനം തുടങ്ങുന്നത് വരെ ഇത്തരത്തിലായിരിക്കും ഇനിമുതലുളള ബ്ലാസ്റ്റേഴ്സ് മീറ്റിംഗുകള്‍. സൂം ആപ്പ് വഴിയാണ് താരങ്ങളും പരിശീലകരും പങ്കെടുക്കുന്ന ഓണ്‍ലൈന്‍ മീറ്റിംഗ് സംഘടിപ്പിക്കുന്നത്.

മീറ്റിംഗില്‍ ഉടനീളം കിബു വികൂന അദ്ദേഹത്തിന്റെ ഫുട്ബോള്‍ ശൈലിയും തന്ത്രങ്ങളുമെങ്ങനെയെന്നാണ് വിശദീകരിക്കുന്നത്. കൂടാതെ അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ സ്വഭാവം എങ്ങനെയായിരിക്കുമെന്നും താരങ്ങളോടൊത്ത് കിബുവും കൂട്ടരും ചര്‍ച്ച നടത്തും.

എല്ലാ വ്യാഴായിച്ചയുമാണ് ഇത്തരത്തിലുളള മീറ്റിംഗുകള്‍ ബ്ലാസ്റ്റേഴ്സ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ലിത്വാനിയന്‍ ഫിറ്റ്നസ് പരിശീലകന്‍ പൗളിസ് റെകോസ്‌ക്കസും ഈ മീറ്റിംഗിന്റെ ഭാഗമാകാറുണ്ട്. കളിക്കാര്‍ക്ക് ഫിറ്റ്നസ് നിലനിര്‍ത്താനുളള നിര്‍ദേശങ്ങള്‍ ഇദ്ദേഹമാണ് നല്‍കുന്നത്. ഒരോ കളിക്കാരനെയും പ്രത്യേകം പ്രത്യേകം പരിഗണിച്ചാണ് ഇതിനുളള നിര്‍ദേശങ്ങള്‍ നല്‍കുക.

കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഐഎസ്എല്ലില്‍ പ്ലേഓഫില്‍ പ്രവേശിക്കാനായിട്ടില്ല. അതിനാല്‍ തന്നെ പഴുതുകളില്ലാത്ത ഒരുക്കങ്ങളാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. മറ്റ് ടീമുകളെ അപേക്ഷിച്ച് കിബുവും കൂട്ടരും വളരെ നേരത്തേയാണ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

നിലിവില്‍ സ്‌പെയിനിലാണ് കിബു വികൂനയുളളത്. ഓഗസ്റ്റോടെ ഇന്ത്യയിലെത്താമെന്നാണ് വികൂന കരുതുന്നത്.