സഹല്‍ വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് കിബു, ‘എന്തൊരു അസംബന്ധം’

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ചുട്ടമറുപടിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂന. സഹല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാനപ്പെട്ട താരമാണെന്നും ഒരു മത്സരത്തില്‍ ഗാളവസരം നഷ്ടപ്പെടുത്തിയത് കൊണ്ട് ഒരു താരത്തെ വിമര്‍ശിക്കാന്‍ കഴിയില്ലെന്നും വികൂന പറയുന്നു.
‘സഹല്‍ ടീമിലെ പ്രധാന താരമാണ്. ഗോളവസരം നഷ്ടപ്പെടുത്തിയത് കൊണ്ട് ഒരു താരത്തെ വിമര്‍ശിക്കാന്‍ കഴിയില്ല ആദ്യ മത്സരം മാത്രമേ കഴിഞ്ഞിട്ടുള്ളൂ ഇനിയുള്ള മത്സരങ്ങളില്‍ സഹലിന് കൂടുതല്‍ മെച്ചപ്പെടാന്‍ സാധിക്കും’ കിബു വികൂന പറഞ്ഞു.
കഴിഞ്ഞ മത്സരത്തിലെ തെറ്റുകള്‍ തിരുത്തി ടീം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിഷു കുമാറിന്റേയും കെപി രാഹുലിന്റേയും പരിക്ക് ഭേദമായാല്‍ അവര്‍ ഉടന്‍ തന്നെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തുമെന്നും കിബു വികൂന ഉറപ്പ് നല്‍കി. ഇരുവരും പരിശീലനത്തിന് ഇറങ്ങിയിട്ടുണ്ടെന്നും കിബു വികൂന സ്ഥിരീകരിച്ചു.
ഐഎസ്എല്ലില്‍ ആദ്യ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. റോയ് കൃഷ്ണയാണ് എടികെയ്ക്കായി വിജയഗോള്‍ നേടിയത്. രണ്ടാം മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളി.