രണ്ട് വിദേശ താരങ്ങളുടേയും വരവ് വെളിപ്പെടുത്തി കിബു വികൂന

ഐഎസ്എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ഇംഗ്ലീഷ് താരം ഗാരി ഹൂപ്പറും സിംബാബ് വെ താരം കോസ്റ്റ നമോനിസുവും കളിയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കഴിഞ്ഞ കിബു നല്‍കിയ അഭിമുഖത്തിലാണ് ഇരുവരുടേയും പേരെടുത്ത് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സില്‍ കളിയ്ക്കുമെന്ന് ഉറപ്പിച്ചത്.

ബ്ലാസ്റ്റേഴ്‌സിന് ലാലിഗയില്‍ കളിയ്ക്കുന്ന താരങ്ങളുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് ഉത്തരമായാണ് കിബു ഇരുവരുടേയും പേര് വെളിപ്പെടുത്തിയത്. ലാലിഗയില്‍ കളിച്ചിരുന്ന വിസെന്റെ ഗോമസ് ടീമിലുണ്ടെന്ന് പറഞ്ഞ കിബു പിന്നീട് ഇരുവരുടേയും പേര് പറയുകയായിരുന്നു.

നേരത്തെ ഗാരി ഹൂപ്പറിന്റെ മെഡിക്കല്‍ പൂര്‍ത്തിയായതായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോയും പറഞ്ഞിരുന്നു. ട്വിറ്ററില്‍ ആരാധകന്റെ ചോദ്യത്തിന് ഉത്തരമായാണ് മെര്‍ഗുളാനോ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതോടെ ഗാരി ഹൂപ്പറിന്റേയും നമോനിസുവിന്റേയും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരുടേയും വരവ് ആഘോഷമാക്കണമെന്നും ആരാധകര്‍ തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ കഴിഞ്ഞ സീസണില്‍ കളിച്ച സ്പാനിഷ് താരം സെര്‍ജിയോ സിഡോചയെ ബ്ലാസ്റ്റേഴ്സ് നിലനിര്‍ത്തിയപ്പോള്‍ രണ്ട് വിദേശ താരങ്ങളെ പുതുതായി ടീം പ്രഖ്യാപിച്ചു കഴിഞ്ഞു. അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ ഫ്ക്കുണ്ടോ പെരേരയും സ്പാനിഷ് താരം വിസെന്റെ ഗോമസിനേയുമാണ് ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

 

You Might Also Like