തല്ലാന്‍ പറഞ്ഞാല്‍ കൊന്നിട്ട് വരും, ഇവരാണ് മൈതാനത്തിറങ്ങാത്ത കിബുവിന്റെ പടയാളികള്‍

ഏതൊരു ടീമിന്റെ വിജയത്തിനു പിന്നില്‍ ആ ടീമിന്റെ മുഖ്യ പരിശീലകനൊപ്പം ബാക്ക് റൂം സ്റ്റാഫിനും നിര്‍ണ്ണായക പങ്കു വഹിക്കാനുണ്ട്. മികച്ച കരിയര്‍ റെക്കോര്‍ഡ് ഉള്ള കോച്ചിങ് സ്റ്റാഫുകളെ തന്നെയാണ് മുഖ്യ പരിശീലകന്‍ കിബുവിനൊപ്പം പ്രവര്‍ത്തിക്കാന്‍ ബ്ലാസ്റ്റേഴ്സ് എത്തിച്ചിരിക്കുന്നത്. കിബു കൂടി ഉള്‍പ്പെട്ട 6 അംഗ സംഘമാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കുന്നത്. ഈ സംഘത്തിന്റെ അമരക്കാരനായി കരോലിസ് സ്‌കിന്‍കിസ് എന്ന ലിത്വാനിയന്‍ സ്‌പോര്‍ട്‌സ് ഡയറക്ടറും ടീമിനൊപ്പം ഉണ്ടാകും.
ഇവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ടോമസ് ഷോര്‍സ്
കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച്

27 വയസ്സാണ് പ്രായം. UEFA യുടെ A -ലൈസന്‍സും A -എലൈറ്റ് ലൈസന്‍സും നേടിയ പരിശീലകന്‍ ആണ് ഷോര്‍സ്. പോളണ്ടിലെ വിസ്ല പ്ലോക്ക് എസ് എയിലും ലിത്വാനിയയിലെ എഫ് കെ ട്രകായിലും കിബുവിന്റെ കീഴില്‍ സഹ പരിശീലകന്‍ ആയിരുന്നു ഷോര്‍സ്. പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ്, ലിത്വാനിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലായി നിരവധി വര്‍ഷത്തെ പരിചയമുള്ള പരിശീലകന്‍ ആണ് ഷോര്‍സ്. ഇതില്‍ എടുത്തു പറയേണ്ട ഒന്നാണ് വിഖ്യാത ക്ലബ് സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ അക്കാഡമി പരിശീലകന്‍ ആയിരുന്നു ഷോര്‍സ് എന്ന കാര്യം. സ്‌പോര്‍ട്‌സ് മാനേജ്മെന്റില്‍ മാസ്റ്റര്‍ ബിരുദം ഉള്ള പരിശീലകന്‍ കൂടിയാണ് ഷോര്‍സ്. വിഖ്യാത ക്ലബുകള്‍ ആയ സതാംപ്ടണ്‍, ബെന്‍ഫിക്ക,വോള്‍ഫ്‌സ്‌ബെര്‍ഗ്, സ്‌പോര്‍ട്ടിങ് ക്ലബ് തുടങ്ങിയ ക്ലബുകളില്‍ നിന്നും കോച്ചിങ് ട്രെയിനിങ് നേടിയ പരിശീലകന്‍ കൂടിയാണ് ഷോര്‍സ്. മോഹന്‍ ബഗാനിലും ഇദ്ദേഹം കിബുവിന്റെ കീഴില്‍ സഹ പരിശീലകന്‍ ആയിരുന്നു.

പോളിയസ് രഗോസ്‌കസ്
കേരള ബ്ലാസ്റ്റേഴ്സ് ഫിസിക്കല്‍ ട്രെയ്‌നര്‍

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ ഏറ്റവും കൂടുതല്‍ ബാധിച്ചത് താരങ്ങളുടെ പരിക്കായിരുന്നു. താരങ്ങളുടെ ഫിറ്റ്‌നസ്സ് ലെവലും കടുത്ത പരിശീലന മുറകളും എല്ലാം ഇതിനു കാരണമാകുന്നു. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ ഒരു ഫിറ്റ്‌നസ് ട്രെയ്‌നറുടെ അഭാവം ശെരിക്കും അറിയാനുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ എന്നല്ല പല സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സിന് ഒരു ഫിറ്റ്‌നസ് ട്രെയ്‌നര്‍ ഇല്ലായിരുന്നു. ഒരു സ്‌ട്രെങ്ത് കണ്ടിഷനിങ് കോച്ച് താരങ്ങളുടെ പ്രകടനത്തിന്റെ കാര്യത്തിലും ഫിറ്റ്‌നസ്സിന്റെ കാര്യത്തിലും എത്ര മാത്രം ചലനങ്ങള്‍ ഉണ്ടാക്കുമെന്ന് ലോക ഫുട്‌ബോളില്‍ നമ്മള്‍ പല തവണ കണ്ടതാണ്. വരുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പാനിഷ് പരിശീലകന്‍ കിബു വിചുനയോടൊപ്പം പോളിയസ് രഗോസ്‌കസ് എന്ന ലിത്വാനിയന്‍ ഫിസിക്കല്‍ ട്രെയ്‌നര്‍ കൂടി ഉണ്ടാകും. മോഹന്‍ ബഗാനില്‍ ഈ സീസണിന്റെ രണ്ടാം പകുതിയില്‍ ആണ് പോളിയസ് റഗോസ്‌കസ് എന്ന ലിത്വാനിയന്‍ ഫിസിക്കല്‍ ട്രെയ്‌നര്‍ എത്തുന്നത്. കിബു വിചുനയോടൊപ്പവും അല്ലാതെയും നിരവധി യൂറോപ്യന്‍ ലീഗ് ക്ലബുകളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള പോളിയസ് റഗോസ്‌കസ് സ്‌പോര്‍ട്‌സ് സയന്‍സില്‍ മാസ്റ്റര്‍ ബിരുദമുള്ള ആള്‍ ആണ്. പല ടീമുകളിലും സ്‌ട്രെങ്ത് കണ്ടിഷനിംഗ് കോച്ച് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ ലീഗില്‍ അവസാന മത്സരങ്ങളില്‍ അവസാന മിനിറ്റുകളില്‍ മോഹന്‍ ബഗാന്‍ നേടിയ 7 ഗോളുകള്‍ക്ക് ഇദ്ദേഹത്തിന്റെ കൂടി സംഭാവന ഉണ്ടെന്ന കാര്യത്തില്‍ സംശയം ഇല്ല. 29 വയസ്സാണ് ഇദ്ദേഹത്തിന്റെ പ്രായം.

ഡേവിഡ് ഒച്ചോവ
ടാക്ടിക്കല്‍ & അനലറ്റിക്കല്‍ കോച്ച്

മറ്റു സീസണുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഒരു ടാക്ടിക്കല്‍ & അനലറ്റിക്കല്‍ കോച്ച് കൂടി വരുന്ന സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സംഘത്തിലുണ്ട്. സ്പാനിഷ് പരിശീലകന്‍ ഡേവിഡ് ഒച്ചോവയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടാക്ടിക്കല്‍ & അനലറ്റിക്കല്‍ കോച്ച്.
കിബുവിനൊപ്പം മോഹന്‍ ബഗാനില്‍ ഇദ്ദേഹം ഉണ്ടായിരുന്നില്ല. ഏകദേശം 10 വര്‍ഷത്തെ പരിശീലക പരിചയവുമായാണ് ഡേവിഡ് ഒച്ചോവ കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്.കളിക്കാരനായും പരിശീലകനായും നിരവധി വര്‍ഷത്തെ പരിചയം ഇദ്ദേഹത്തിനുണ്ട്.സ്‌പെയിനിലെ സെക്കന്റ് ഡിവിഷന്‍, 4വേ ഡിവിഷന്‍ ക്ലബ്ബുകളില്‍ ആയിരുന്നു ഒച്ചോവയുടെ കരിയറില്‍ ഭൂരിഭാഗവും.ഹാരോ ഡീപോര്‍ട്ടീവോ എഫ് സിയില്‍ കളിക്കാരനായും പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുള്ള ഒച്ചോവ നക്‌സാര,സാന്‍ മാര്‍ഷ്യല്‍ തുടങ്ങിയ ടീമുകളില്‍ കളിക്കുകയും യു ഡി എല്‍ പ്രോമിസാസ്, എസ് ഡി ലെഗ്രോനെസ, അര്‍നേഡോ, ജെറേറോ തുടങ്ങിയ ക്ലബുകളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്പാനിഷ് ക്ലബ് ഒസാസുനയില്‍ ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ കിബുവിന്റെ കീഴില്‍ സഹ പരിശീലകന്‍ ആയിരുന്നു ഡേവിഡ് ഒച്ചോവ. ഫ്രന്‍സിസ്‌കോ ഡി വിറ്റോറിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫുട്‌ബോള്‍ കോച്ചിങ്ങില്‍ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള ഒച്ചോവ സ്‌പെയിനിലെ ജെറേറോ ഫുട്‌ബോള്‍ ക്ലബിനെയാണ് അവസാനമായി പരിശീലിപ്പിച്ചത്.ഡേവിഡ് ഒച്ചോവയുടെ സഹോദരന്‍ റോബര്‍ട്ട് ഒച്ചോവയും കളിക്കാരനായി തിളങ്ങി നിലവില്‍ പരിശീലകനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ കിബു വികുനയ്ക്കും സഹ പരിശീലകന്‍ ടോമസ് ഷോര്‍സിനും ഫിസിക്കല്‍ ട്രെയ്‌നര്‍ പോളിയസ് രഗോസ്‌കസിനുമൊപ്പം ഇദ്ദേഹത്തെയും 2 വര്‍ഷത്തെ കരാറില്‍ ആണ് കേരള ബ്ലാസ്റ്റേഴ്സ് ടീമില്‍ എത്തിച്ചിരിക്കുന്നത്.

എന്താണ് ഒരു ടാക്ടിക്കല്‍ & അനലറ്റിക്കല്‍ പരിശീലകന്റെ ചുമതലകള്‍ ?

ടീമിന്റെയും താരങ്ങളുടെയും പ്രകടനം വിലയിരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതു തന്നെയാണ് ഇദ്ദേഹത്തിന്റെ മുഖ്യ ചുമതല. ഇതിനായി ടീമിന്റെ പരിശീലനവേളകളും മത്സരങ്ങളും ഇദ്ദേഹം സസൂക്ഷ്മം നേരിട്ടു വീക്ഷിക്കുകയും അതു റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കുകയും അതു വിലയിരുത്തുകയും ചെയ്യും. മെച്ചപ്പെടുത്തേണ്ട കാര്യങ്ങളില്‍ നിര്‍ണ്ണായക ഉപദേശങ്ങള്‍ നല്‍കി മുഖ്യ പരിശീലകനെ സഹായിക്കാനും ഇദ്ദേഹത്തിന് കഴിയും.ഇതിനായി ടീമിന്റെയും താരങ്ങളുടെയും ഡേറ്റ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കലക്ട് ചെയ്യുകയും വിശകലനം ചെയ്യുകയും ചെയ്യും. ടാക്ടിക്കല്‍ അനലിറ്റിക്കല്‍ കോച്ചിന്റെ മറ്റൊരു പ്രധാന ചുമതല പ്ലയെര്‍ ഡെവലപ്പ്‌മെന്റ് ആണ്. ഓരോ താരങ്ങളെയും പ്രത്യേകം നിരീക്ഷിച്ചു അവരുടെ കുറവുകള്‍ കണ്ടെത്തി അതു പരിഹരിക്കുന്നതിനു വിദഗ്ദ്ധ പരിശീലനം നല്‍കാന്‍ മുഖ്യ പരിശീലകനെ സഹായിക്കുന്നതും ഇദ്ദേഹത്തിന്റെ ചുമതലയാണ്. ടീമിന്റെ തന്ത്രപരമായ തീരുമാനങ്ങളില്‍ മുഖ്യ പരിശീലകനെ സഹായിക്കുക എന്നതും ഇദ്ദേഹത്തിന്റെ ചുമതലയാണ്.

ബാര്‍ട്ടോസ് ഗ്രൊസാക്
ഗോള്‍കീപ്പിങ് കോച്ച്.

ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരുന്ന സീസണില്‍ ബാര്‍ട്ടോസ് ഗ്രൊസാക് തന്നെയായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍കീപ്പിങ് കോച്ച് എന്നുറപ്പായിക്കഴിഞ്ഞു. പോളണ്ടുകാരനായ ഗ്രൊസാക് നിരവധി വര്‍ഷത്തെ പരിചയ സമ്പത്തുമായാണ് കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്. പോളണ്ടിലെ പ്രമുഖ സോക്കര്‍ അക്കാഡമികളുടെ ഗോള്‍കീപ്പിങ് കോച്ച് ആയും കോര്‍ഡിനേറ്റര്‍ ആയും പരിചയ സമ്പത്തുള്ള പരിശീലകന്‍ ആണ് ഗ്രൊസാക്. UEFA ഗോള്‍കീപ്പിങ് ബി ലൈസന്‍സ് ഹോള്‍ഡര്‍ ആണ് ഇദ്ദേഹം. ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിയ്ക്ക് പരിഹാരം ഉണ്ടാക്കാന്‍ ഇദ്ദേഹത്തിന് കഴിയും എന്നു പ്രതീക്ഷിക്കാം. 2 വര്‍ഷത്തെ കരാറില്‍ ആണ് ഇദ്ദേഹത്തെ ടീമില്‍ എത്തിച്ചിരിക്കുന്നത്.

ഇഷ്ഫാഖ് അഹമ്മദ്
ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച്

ജമ്മു & കശ്മീരില്‍ നിന്നും ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ എത്തിയ രണ്ടേ രണ്ടു താരങ്ങളില്‍ ഒരാളാണ് ഇഷ്ഫാഖ് അഹമ്മദ്. ഇന്ത്യന്‍ അണ്ടര്‍ -23 ടീമിന് വേണ്ടിയായിരുന്നു അരങ്ങേറ്റം. മറ്റൊരാള്‍ മിറാജുദ്ധീന്‍ വാഡു ആയിരുന്നു.15 വര്‍ഷത്തോളം നീണ്ട കരിയര്‍. വിങ്ങര്‍ ആയും മിഡ്ഫീല്‍ഡര്‍ ആയും. HAL, ടെമ്പോ,മോഹന്‍ ബഗാന്‍, സാല്‍ഗോക്കര്‍, ഈസ്റ്റ് ബംഗാള്‍, മുഹമ്മദന്‍, കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പടെ ഇന്ത്യയിലെ പ്രമുഖ ക്ലബുകളുടെ താരമായിരുന്നു ഇഷ്ഫാഖ് അഹമ്മദ്. അതിനു ശേഷം പരിശീലക കരിയറിലേക്ക് പ്രവേശിച്ചു. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ A-ലൈസന്‍സ് നേടിയ പരിശീലകന്‍ ആണ് ഇഷ്ഫാഖ് അഹമ്മദ്. തന്ത്രജ്ഞനായ സ്റ്റീവ് കോപ്പലിന് കീഴില്‍ സഹ പരിശീലകന്‍ ആയിരുന്നു ഇഷ്ഫാഖ് അഹമ്മദ്. സ്റ്റീവ് കോപ്പല്‍ ജാംഷെഡ്പൂര്‍ എഫ് സിയുടെ പരിശീലക ചുമതല ഏറ്റെടുത്തപ്പോള്‍ ആദ്യം ആവശ്യപ്പെട്ടത് ഇഷ്ഫാഖ് അഹമ്മദിനെയായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിനെയും താരങ്ങളെയും കുറിച്ചുള്ള അഗാധമായ അറിവാണ് ഇഷ്ഫാഖിനെ വ്യത്യസ്തനാക്കുന്നത്. മികച്ച ഇന്ത്യന്‍ താരങ്ങളെ സ്‌കൗട്ട് ചെയ്യാന്‍ ഉള്ള പ്രത്യേക കഴിവ് ഇഷ്ഫാഖിനുണ്ട്. ജംഷഡ്പൂര്‍ എഫ് സിയിലും അതു കണ്ടതാണ്.കഴിഞ്ഞ സീസണില്‍ അധികമാരും അറിയാതിരുന്ന ജെസ്സലിനെ ടീമില്‍ എത്തിച്ചതും ഇഷ്ഫാഖ് അഹമ്മദായിരുന്നു. വരുന്ന സീസണിലേക്ക് ഒരുപിടി മികച്ച യുവ താരങ്ങളെയാണ് ഇഷ്ഫാഖ് അഹമ്മദിന്റെ നേതൃത്വത്തില്‍ ടീമില്‍ എത്തിച്ചു കൊണ്ടിരിക്കുന്നത്. എല്‍ക്കോയുടെയും വിശ്വസ്തന്‍ തന്നെയായിരുന്നു ഇഷ്ഫാഖ്. താരങ്ങളെ റിക്രൂട്ട് ചെയ്യുന്നതില്‍ മാത്രമല്ല അസിസ്റ്റന്റ് കോച്ച് എന്ന റോള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്യുന്നുണ്ട് ഇഷ്ഫാഖ്.

കടപ്പാട്: https://indiasportslive.com/

You Might Also Like