ഗോവയെ തള്ളിയാണ് താന്‍ ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തത്, കാരണം വെളിപ്പെടുത്തി കിബു വികൂന

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തും മുമ്പ് മറ്റൊരു ഐഎസ്എല്‍ ക്ലബും തനിക്കായി രംഗത്തെത്തിയിരുന്നതായി ബ്ലാസ്റ്റേഴ്‌സ് കോച്ച് കിബു വികൂന. മോഹന്‍ ബഗാന്‍ വിടുമെന്ന് ഉറപ്പായപ്പോള്‍ തന്നെ തേടി എഫ് സി ഗോവയാണ് ആദ്യമായി രംഗത്തെത്തിയതെന്നാണ് വികൂന വെളിപ്പെടുത്തിയത്. ഒരു സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് വികൂന ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓഫര്‍ വന്നപ്പോള്‍ ഇവിടേക്ക് വരാന്‍ തീരുമാനിക്കുകയായിരുന്നു എന്നും വികൂന പറഞ്ഞു. ഗോവയ്ക്ക് ഒപ്പം എ എഫ് സി ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ അവസരം ഉണ്ടായിരുന്നു. അത് ഒഴിവാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് തിരഞ്ഞെടുത്തത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരള ബ്ലാസ്റ്റേഴ്‌സ് ആണ് ശരിയായ പ്രൊജക്ട് ആയി തനിക്ക് തോന്നിയത് എന്ന് അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സില്‍ മികച്ച ഇന്ത്യന്‍ താരങ്ങള്‍ ഉണ്ട് എന്നും പ്ലേ ഓഫാണ് ആദ്യ സീസണില്‍ തന്റെ ലക്ഷ്യം എന്നും വികൂന പറഞ്ഞു.

മോഹന്‍ ബഗാനില്‍ എത്തും മുമ്പ് തനിക്ക് ക്രെയേഷ്യ, ലിത്വാനിയ, കുവൈത്ത്, അമേരിക്ക എന്നീ രാജ്യങ്ങളിലെ ക്ലബുകളില്‍ നിന്നും ഓഫറുണ്ടായിരുന്നതായും വികൂന പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍ താരമായ സഹല്‍ അബ്ദുല്‍ സമദ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയേക്കാള്‍ മികച്ച താരമാണെന്നാണ് വികൂന വിലയിരുത്തുന്നത്. ഇന്ത്യയില്‍ നിന്ന് യൂറോപ്പില്‍ കളിക്കാന്‍ സാധ്യതയുളള കളിക്കാരെ പറ്റി ചോദിച്ചപ്പോഴാണ് വികൂന സഹലിനെ ഛേത്രിയുമായി താരതമ്യം ചെയ്തത്.

ഈ ചോദ്യത്തിന് ഉത്തരം നല്‍കുക പ്രയാസകരമാണെന്ന് പറഞ്ഞ വികൂന രണ്ട് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ പേരെടുത്ത് പ്രശംസിച്ചു. ബ്ലാസ്റ്റേഴ്സ് താരങ്ങളായ നംഗാമ നോര്‍ദ, സഹല്‍ അബ്ദു സമദ് എന്നിവരെയാണ് വികൂന സൂചിപ്പിച്ചത്. നോര്‍ദെ മികച്ച ടെസ്നിക്കും, ടാക്റ്റിക്കും, ഇന്റലിന്റും സ്മാര്‍ട്ടുമായ താരമാണെന്ന് വികൂന പറഞ്ഞു.

പിന്നീടായിരുന്നു വികൂനയുടെ സഹല്‍-ഛേത്രി താരതമ്യം. ഇന്ത്യയില്‍ എല്ലാവരും പറയുന്നത് സുനില്‍ ചേത്രിയാണ് മികച്ച കളിക്കാരനെന്നാണെന്ന് വികൂന പറയുന്നു. എന്നാല്‍ ഛേത്രി ‘ബെസ്റ്റ്’ കളിക്കാരന്‍ മാത്രമാണെന്നും സഹല്‍ ‘ഗ്രേറ്റസ്റ്റ്’ കളിക്കാരനാണെന്നും വികൂന വിലയിരുത്തുന്നത്. സഹല്‍ അബ്ദുല്‍ സമദ് വ്യത്യസ്തനായ കളിക്കാരനാണെന്ന് പറയുന്ന വികൂന അദ്ദേഹം ഭാവനാത്മകമായി കളിക്കുന്നവനും വിഷനുളളതും മികച്ച ത്രൂ പാസുകള്‍ നല്‍കുന്ന താരവുമാണെന്നും കൂട്ടിചേര്‍ത്തു.

ഇന്ത്യയിലെത്തും മുമ്പ് ക്രെയേഷ്യ, ലിത്വാനിയ, കുവൈത്ത്, അമേരിക്ക എന്നിവിടങ്ങളിലെ ക്ലബുകളില്‍ നിന്നും ഓഫര്‍ ഉണ്ടായിരുന്നെന്ന് പറയുന്ന വികൂന ഇന്ത്യ തിരഞ്ഞെടുത്തത് തന്റെ ജീവിതത്തിലെ ശരിയായ തീരുമാനമായിരുന്നെന്നും കൂട്ടിചേര്‍ത്തു.