ഞങ്ങള്‍ നിരാശരാണ്, രണ്ട് പോയന്റ് നഷ്ടപ്പെട്ടിരിക്കുന്നു, അസ്വസ്ഥനായി വികൂന

Image 3
FootballISL

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ സമനില വഴങ്ങിയതിന് പിന്നാലെ നിരാശ പരസ്യമാക്കി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂന. അര്‍ഹതപ്പെട്ട രണ്ട് പോയന്റുകള്‍ കളഞ്ഞുകുളിച്ചതില്‍ താന്‍ അസ്വസ്ഥനാണെന്ന് വികൂന പറഞ്ഞു. മത്സര ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ തുറന്ന് നിരാശ പ്രകടിപ്പിച്ചത്.

‘ആദ്യ പകുതിയില്‍ ഞങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത് എന്നാണ് വിലയിരുത്തുന്നത്. ഞങ്ങളുടെ അടുത്തായിരുന്നു പന്ത്. കളി ഞങ്ങളുടെ നിയന്ത്രണത്തിലുമായിരുന്നു. ആദ്യ ഗോള്‍ വീണതിന് ശേഷം മത്സരം വളരെ ഓപ്പണ്‍ ആയി. മത്സരങ്ങള്‍ ഓപ്പണാകുന്നത് എനിക്കിഷ്ടമല്ല. ലക്ഷ്യത്തിലേക്കുള്ള വഴിയിലാണ് ഞങ്ങളെന്നു എനിക്കറിയാം. എന്നാല്‍ ഇന്നത്തെ പ്രകടനത്തില്‍ ഞങ്ങള്‍ വളരെ അസ്വസ്ഥരും നിരാശരുമാണ്. കാരണം ഇന്ന് ഞങ്ങള്‍ക്ക് രണ്ട് പോയിന്റുകള്‍ നഷ്ടപ്പെട്ടു’ കിബു വികുന പറഞ്ഞു.

അതെസമയം നായകന്‍ സെര്‍ജിയോ സിഡോചയുടെ പ്രകടനത്തില്‍ കിബു വികൂന സന്തോഷം പ്രകിപ്പിച്ചു. ‘സെര്‍ജിയോ നന്നായി കളിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹം ഒരു ഗോള്‍ നേടി. മത്സരത്തില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു’. വികൂന പറഞ്ഞു.

മത്സരത്തില്‍ രണ്ട് ഗോള്‍ വീതം നേടിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും സമനില നേടിയത്. . അഞ്ചാം മിനുറ്റില്‍ നായകന്‍ സെര്‍ജിയോ സിഡോഞ്ചയും 45ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഗാരി ഹൂപ്പറുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചത്. 51ാം മിനുറ്റില്‍ അപിയയും 90ാം മിനുറ്റില്‍ ഇദ്രിസ സില്ലയും ഹൈലാന്‍ഡേഴ്സിനായി മറുപടി ഗോള്‍ നേടി.

29ന് ഒഡീഷ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. എടികെ മോഹന്‍ബഗാനെതിരായ മത്സരത്തില്‍ നിന്ന് നാലു മാറ്റങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കോച്ച് കിബു വികൂന വരുത്തിയത്. ആല്‍ബിനോ ഗോമെസിനെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വലയ്ക്ക് മുന്നില്‍ നിര്‍ത്തി. പ്രതിരോധത്തില്‍ ബകാരി കോനെ, കോസ്റ്റ ന്യമോയിന്‍സു, ജെസെല്‍ കര്‍ണെയ്റോ എന്നിവര്‍ക്കൊപ്പം നിഷു കുമാറും അണിനിരന്നു. മധ്യനിരയില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച, വിന്‍സെന്റെ ഗോമസ്, രോഹിത് കുമാര്‍, ലാല്‍താതാംഗ ഖാല്‍റിങ്, സെയ്ത്യസെന്‍ സിങ് എന്നിവരും മുന്നേറ്റത്തില്‍ ഗാരി ഹൂപ്പറും.

സമനിലയോടെ ആദ്യ പോയിന്റ് നേടി പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറി.