പുറകില്‍ നിന്ന് പടയൊരുക്കം നടത്തും, അസമയത്ത് പ്രത്യാക്രമണം സംഘടിപ്പിക്കും, ബ്ലാസ്റ്റേഴ്‌സ് ഇനി ഇങ്ങനെയായിരിക്കും

അടുത്ത സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ കളി ശൈലി വിശദമാക്കി പുതിയ പരിശീലകന്‍ കിബു വികൂന. സ്വന്തമായി ആക്രമണം നടത്തുകയും പെട്ടെന്ന് പ്രത്യാക്രമണം സംഘടിപ്പിക്കുകയും ചെയ്യുന്ന ടീമായിരിക്കും തന്റേതെന്നാണ് വികൂന പറയുന്നത്.

കൂടാതെ ഗോള്‍ കീപ്പറില്‍ നിന്ന് തുടങ്ങി പ്രതിരോധ താരങ്ങളിലൂടെ വികസിച്ച് എതിരാളികള്‍ക്ക് മേല്‍ പൊടുന്നനെയുളള ആക്രമണമാണ് തന്റെ ടീം സംഘടിപ്പിക്കുക എന്നും വികൂന വെളിപ്പെടുത്തുന്നു.

എതിരാളികളില്‍ നിന്ന് പന്ത് പിടിച്ച് വാങ്ങാന്‍ പരമാവധി സമ്മര്‍ദ്ദം ചെലുത്തുമെന്ന് പറയുന്ന വികൂന ക്ലബിന്റെ ലക്ഷ്യങ്ങള്‍ക്കായി 10 ശതമാനം പോരാടുന്ന ടീമായിരിക്കും തന്റേതെന്ന്ും വ്യക്തമാക്കി. ഓണ്‍ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വികൂന.

പ്രതീക്ഷയുടെ അമിത ഭാരം താങ്കളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘സമ്മര്‍ദ്ദമെന്നത് പ്രെഫഷണല്‍ ഫുട്‌ബോളിന്റെ ഭാഗമാണ്. കഴിഞ്ഞ സീസണില്‍ ബഗാന്‍ ഐലീഗ് കിരീടം സ്വന്തമാക്കിയതിനാല്‍ എന്നെ കുറിച്ചുളള പ്രതീക്ഷ വളരെ വലുതാണെന്ന് എനിക്കറിയാം. ബ്ലാസ്റ്റേഴ്‌സിലും എന്റെ ലക്ഷ്യം മറ്റൊന്നല്ല’ വികൂന പറയുന്നു.

നല്ലഫുട്‌ബോള്‍ കാഴ്ച്ചവെക്കുകയും ലീഗില്‍ മികച്ച പൊസിഷന്‍ സ്വന്തമാക്കുകയും നല്ലൊരു സീസണ്‍ ആസ്വദിക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നും വികൂന കൂട്ടിചേര്‍ത്തു.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിലവില്‍ സ്‌പെയിനിലുളള വികൂന ഓണ്‍ലൈനിലൂടെയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഇന്ത്യയിലേക്കുളള അന്താരാഷ്ട്ര വിമാന സര്‍വ്വീസ് ആരംഭിച്ചാല്‍ ഉടന്‍ തന്നെ വികൂന കേരളത്തിലേക്ക് തിരിച്ചെത്തും.

You Might Also Like