കടിഞ്ഞാണുളള കുതിരയായിരിക്കും ഇത്തവണ ബ്ലാസ്റ്റേഴ്‌സ്, വികൂനയ്ക്ക് സൂപ്പര്‍ താരങ്ങളെ ആവശ്യമില്ല
മികച്ച ഇന്ത്യന്‍ യുവതാരങ്ങളും ഒപ്പം എണ്ണംപറഞ്ഞ വിദേശതാരങ്ങളുമെന്നതാണ് കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ബഗാനില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നിലവിലെ കോച്ച് കിബു വികൂന പരീക്ഷിച്ച് വിജയിപ്പിച്ച ഫോര്‍മുല. യുവകളിക്കാര്‍ക്കൊപ്പം മികച്ച വിദേശകളിക്കാരേയും ചേര്‍ത്തുവെച്ച് തന്റെ കൈയില്‍ നില്‍ക്കുന്ന ടീമിനെ വാര്‍ത്തെടുക്കാനാണ് വികൂന നിലവില്‍ ശ്രമിക്കുന്നത്.
പുതിയ സ്പോര്‍ട്ടിങ് ഡയറക്ടര്‍ ലിത്വാനിയന്‍ സ്വദേശിയായ കരോളിന്‍ സ്‌കിന്‍സിന്റെ പിന്തുണയോടെയാണിത്. അക്കാദമിയും റിസര്‍വ് ടീമും ശക്തമാക്കുമെന്നും യുവതാരങ്ങള്‍ക്ക് പ്രധാന്യം നല്‍കുമെന്നും വികൂന ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.
കിബുവിന്റെ ഗെയിംപ്ലാനിന് അനിവാര്യനായ കളിക്കാരനല്ല ജിങ്കന്‍. സ്പാനിഷ് പാസിങ് ശൈലിയില്‍ ഹോള്‍ഡ് ചെയ്ത് കളിക്കുന്ന സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരെയാണ് ആവശ്യം. അതിനാല്‍ തന്നെയാണ് ജിങ്കന് ക്ലബ് വിടാന്‍ ബ്ലാസ്റ്റേഴ്‌സ് ഒടുവില്‍ സമ്മതം മൂളിയതും. തിരിയുടെ കാര്യത്തിലും സംഭവിച്ചത് അതാണ്. താരത്തിന്റെ ഉയര്‍ന്ന് പ്രതിഫലം ബ്ലാസ്റ്റേഴ്‌സിന് ചേര്‍ന്നതല്ലെന്ന് വികൂന നിലപാടെടുക്കുകയായിരുന്നു.
വികൂനയുടെ വരവോടെ സ്ഥാനം നഷ്ടപ്പെട്ട മറ്റൊരാളാണ് ബ്ലാസ്‌റ്റേഴ്‌സ് സി.ഇ. ഒ വീരന്‍ ഡിസില്‍വ. വികുനയുടെ കൂടി താത്പര്യമനുസരിച്ചാകും പുതിയ സി.ഇ.ഒ.യുടെ നിയമനം. ടീം തിരഞ്ഞെടുപ്പില്‍ വികുനയുടെ മനസ്സിലുള്ള ഗെയിം പ്ലാന്‍ അറിയുന്ന സി.ഇ.ഒ. വന്നാല്‍ ഇത്തവണ കാര്യങ്ങളെല്ലാം അനുകൂലമാകുമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വിലയിരുത്തുന്നു. ഇഷ്ഫാഖിനേയും പുറത്താക്കിയതിന് പിന്നില്‍ മാനേജുമെന്റിന്റെ ഇതേ നിലപാടാണ്.