ഫുട്ബോൾ നിർത്തി പോയാലോ എന്നുവരെ തോന്നി, മെസിക്കൊപ്പമുള്ള പരിശീലനത്തെക്കുറിച്ച് ബോട്ടെങിന്റെ വെളിപ്പെടുത്തൽ

Image 3
FeaturedFootballLa Liga

2018-19 ലാലിഗ സീസണിൽ ജനുവരി ട്രാൻസ്ഫറിൽ ലോണിൽ ബാഴ്സക്കായി ബൂട്ടുകെട്ടിയ താരമാണ് ഘാനക്കാരനായ കെവിൻ പ്രിൻസ് ബോട്ടെങ്‌. ബാഴ്സ സ്‌ട്രൈക്കറായ ലൂയിസ് സുവാരസിന് ബാക്കപ്പ് എന്ന നിലയിലാണ് പ്രസിഡന്റായിരുന്ന ബർതോമ്യു ഇറ്റാലിയൻ ക്ലബ്ബായ സസൂളോയിൽ നിന്നും താരവുമായി കരാറിലെത്തുന്നത്. ബാഴ്സക്കായി നാലിൽ കൂടുതൽ മത്സരത്തിൽ മാത്രമേ കളിക്കാനായുള്ളുവെങ്കിലും ബാഴ്സയിലെ ഏതാനും മാസങ്ങളെക്കുറിച്ച് സ്മരണ പുതുക്കിയിരിക്കുകയാണ് ബോട്ടെങ്‌.

അമേരിക്കൻ മാധ്യമമായ DAZN ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബോട്ടെങ്‌. ബാഴ്സയിലെ ആറുമാസം അവിശ്വസനീയമായിരുന്നുവെന്നാണ് ബോട്ടെങിന്റെ അഭിപ്രായം. ബാഴ്സ സൂപ്പർതാരം ലയണൽ മെസിയെക്കുറിച്ചും ബോട്ടെങ്‌ മനസു തുറന്നു. മെസിയോടൊപ്പമുള്ള  പരിശീലനം തന്നെ സ്തബ്ധനാക്കികളഞ്ഞുവെന്നും ബോട്ടെങ്‌ വെളിപ്പെടുത്തി.

“മെസ്സിയോടൊപ്പമുള്ള പരിശീലനം എന്നെ സ്തബ്ധനാക്കി മാറ്റിയിട്ടുണ്ട്. ഞാനെപ്പോഴും പറയാറുള്ളത് ക്രിസ്ത്യനോയാണ്  ലോകത്തിലെ മികച്ചതാരമെന്നാണ്. പക്ഷെ മെസി മറ്റെന്തോ ആണ്. അദ്ദേഹം ഒരു സാധാരണ വ്യക്തിയല്ല. അദ്ദേഹത്തോടൊപ്പം പരിശീലിക്കുമ്പോൾ എന്റെ കരിയറിൽ ആദ്യമായി ഞാൻ പരിമിതനായതു പോലെ അനുഭവപ്പെട്ടു. അത്രയും അവിശ്വസനീയമായ കാര്യങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. “എനിക്ക് മതിയായി, ഞാൻ കളി നിർത്താൻ പോവുകയാണ്” എന്ന് വരെ തോന്നിപ്പോയി.” ബോട്ടെങ്ങ് പറഞ്ഞു.

ബാഴ്‌സയിലേക്ക് ലോണിൽ എത്തിയ ബോട്ടെങ്ങിനു ആ സീസണിൽ ബാഴ്സയ്ക്കൊപ്പം ലാലിഗ കിരീടവും നേടാൻ സാധിച്ചിരുന്നു. എന്നാൽ ബാഴ്സയിൽ കളിക്കാൻ സാധിച്ചതിൽ  തനിക്ക് അത്ഭുതം തോന്നിയിരുന്നുവെന്നും ബോട്ടെങ്‌ അഭിപ്രയപ്പെട്ടു.” ബാഴ്സയിലെ ആറു മാസം  വളരെ അവിശ്വനീയമായ ഒന്നായിരുന്നു. ആദ്യം ഞാനത് വിശ്വസിച്ചില്ല. ആദ്യം ഞാൻ എസ്പാന്യോളിനാണ് എന്നെ ആവശ്യമെന്നാണ് കരുതിയത്. ശരിക്കും ബാഴ്സലോണക്കാണെന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ” ബോട്ടെങ്‌ പറഞ്ഞു.