കരുതിയിരിക്കുക, ഇന്ത്യയുടെ മാനം കെടാന്‍ ഒരു പീറ്റേഴ്‌സണ്‍ ജനിച്ചാല്‍ മതി

Image 3
CricketCricket News

പ്രണവ് തെക്കേടത്ത്

ഇംഗ്ലീഷ് പട ഇന്ത്യയിലെത്തുമ്പോള്‍ ഓര്‍മ്മയിലേക്കൊരാള്‍ കടന്നു വരുന്നുണ്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഇംഗ്ലീഷ് പതാക ഉയര്‍ത്തുവാന്‍ അവരെ സഹായിച്ച കെവിന്‍ പീറ്റേഴ്സണ്‍ എന്ന ആ ഷോ മാന്‍

അന്നത്തെ ഇന്ത്യയിലെ അവരുടെ സീരീസ് വിജയത്തെ 2010 ലെ ആഷസ് വിജയത്തിനേക്കാള്‍ വിലയുണ്ടെന്ന് പറഞ്ഞ മൈക്കല്‍ വോണിന്റെ വാക്കുകളിലുണ്ട് അയാള്‍ കളിച്ച ആ ഇന്നിങ്‌സിന്റെ തീവ്രത. ആ ഇന്നിംഗ്‌സ് ആയിരുന്നു ആ സീരീസിന്റെ വിധി പോലും നിര്‍ണയിച്ചത് .

അഹമ്മദാബാദിലേ 9 വിക്കറ്റിന്റെ പരാജയത്തിന് ശേഷം ചരിത്രമുറങ്ങുന്ന വാങ്കെടിയില്‍ രണ്ടാം അങ്കത്തിന് കളമൊരുങ്ങുകയാണ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പൂജാര പൊരുതി നേടിയ ശതകത്തിന്റെ പിന്‍ബലത്തില്‍ 327 റന്‍സുകള്‍ സ്വന്തമാക്കുമ്പോള്‍, സച്ചിന്റെ ഓഫ് സ്റ്റമ്പ് എടുത്ത പനേസറിന്റെ ആ മാജിക്കല്‍ ബോള്‍ ഇന്നും ഓര്‍മ്മയില്‍ തെളിയുന്നുണ്ട് . അപ്പോഴും നവമ്പറിലെ ചൂടില്‍ തകരാന്‍ ആരംഭിക്കുന്ന പിച്ചില്‍ ഇംഗ്ലീഷ് ബാറ്റസ്മാന്‍മാര്‍ ഇന്ത്യന്‍ സ്പിന്നേഴ്സിന് മുന്നില്‍ കീഴടങ്ങുമെന്ന് കളി പറച്ചിലുകാര്‍ വിലയിരുത്തുകയാണ് അവരുടെ വാദങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായിരുന്നു ആദ്യ ഇന്നിങ്സില്‍ പനേസര്‍ നേടിയ 5 വിക്കറ്റും സ്വാന്‍ സ്വന്തമാക്കിയ 4 വിക്കറ്റുകളും …

തന്റെ കരിയറിനുടനീളം പീറ്റേഴ്‌സന് ഉറക്കമില്ല രാത്രികള്‍ സമ്മാനിച്ച ഇടതുകയ്യന്‍ സ്പിന്നറുടെ റോളില്‍ ആ സീരീസില്‍ നിറഞ്ഞു നിന്നത് പ്രഖ്യാന്‍ ഓജയായിരുന്നു, അഹമ്മദാബാദിലെ രണ്ടിന്നിങ്‌സിലും അയാളുടെ പ്രതിരോധം തകര്‍ത്തു കൊണ്ട് ഓജ അയാള്‍ക്ക് മേല്‍ മാനസികമായി വിജയവും സ്വന്തമാക്കിയിരുന്നു ,ആ ദിനം ഓജക്ക് കൂട്ടായി അശ്വിനും ഭാജിയും അണിനിരന്നപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരു സമ്മര്‍ദവും നിഴലിച്ചിരുന്നില്ല ഇംഗ്ലണ്ടിന്റെ രണ്ടു വിക്കറ്റുകള്‍ 66 റണ്‌സിനിടയില്‍ നഷ്ടമാവുമ്പോള്‍ പീറ്റേഴ്സണ്‍ പോരാട്ട വേദിയിലേക്ക് നടന്നടുക്കുകയാണ് .

ഹര്ഭജന്റ നേരിട്ട ആദ്യ ബോള്‍ തന്നെ മിഡ് ഓഫിലൂടെ ഡ്രൈവ് ചെയ്തു ബൗണ്ടറി നേടികൊണ്ടയാള്‍ തന്റെ നയം വ്യക്തമാക്കിയിരുന്നു. ‘ഞാന്‍ സര്‍വൈവ് ചെയ്യാനല്ല ഇവിടേക്ക് എത്തിയിരിക്കുന്നത് റണ്‍സുകള്‍ തന്നെയാണെന്റെ ലക്ഷ്യമെന്നത് അയാള്‍ തുറന്നു കാട്ടുകയായിരുന്നു’

പിന്നെ വാങ്കഡേ സാക്ഷ്യം വഴിച്ചത് ഒരു മികവാര്‍ന്ന കൂട്ടുകെട്ടിനായിരുന്നു പീറ്റേഴ്സന് പിന്തുണയുമായി കുക്കും കളം നിറഞ്ഞപ്പോള്‍ ആ സീരീസില്‍ ആദ്യമായി ഇംഗ്ലീഷ് പട ഇന്ത്യയെ പിന്നിലാക്കുകയാണ് തന്റെ റിസ്റ്റു കൊണ്ട് സ്പിന്നേഴ്സിനെ തന്റെ ഇച്ചതിനനുസരിച്ചു പീറ്റേഴ്സണ്‍ പ്രഹരിച്ചപ്പോള്‍ ഉത്തരമില്ലാതെ തലയില്‍ കൈ വച്ചിരിക്കുന്ന ഇന്ത്യന്‍ സ്പിന്നേഴ്സിന്റെ നിസ്സഹായത നിറഞ്ഞ മുഖം ഇങ്ങനെ ഓര്‍മ്മയില്‍ നിറഞ്ഞിരിക്കുന്നുണ്ട് .

സ്‌ക്വയര്‍ കട്ടിലൂടെയും സ്വീപ്പിലൂടെയും അയാള്‍ യദേഷ്ടം റന്‍സുകള്‍ സ്വന്തമാക്കി കൊണ്ടിരുന്നു എന്നും ഡ്രൈവ് ചെയ്യാന്‍ മിടുക്കനായിരുന്ന അയാള്‍ അന്നും ആ ഷോട്ടില്‍ മികച്ചു നിന്നു ഒരു ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ബോളിന്റെ ലെങ്ത് ഒരു പിഴവും കൂടാതെ അയാള്‍ വായിച്ചെടുത്ത ദിനം കൂടിയായിരുന്നു അത് .

233 ബോളുകളില്‍ 20 ഫോറുകളുടെയും 4 കൂറ്റന്‍ സിക്‌സറുകളുടെയും പിന്‍ബലത്തില്‍ അയാള്‍ നേടിയ ആ 176 റണ്‍സുകളില്‍ ആ സീരീസിന്റ വിലയുണ്ടായിരുന്നു… ആദ്യ ഇന്നിങ്‌സില്‍ 86 റണ്‍സിന്റെ ലീഡ് നേടാന്‍ അവരെ ആ ഇന്നിംഗ്‌സ് സഹായിച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 10 വിക്കറ്റുകളും പങ്കിട്ടെടുത്തു പനേസറും സ്വാനും ഇന്ത്യയെ 142 റണ്‍സിന് തകര്‍ത്തെറിഞ്ഞപ്പോള്‍ ജയിക്കാനാവശ്യമായ 57 റന്‍സുകള്‍ വിക്കറ്റ് നഷ്ടം കൂടാതെ ഇംഗ്ലീഷുകാര്‍ സ്വന്തമാക്കുകയും ചെയ്തു .

കൊല്‍ക്കത്തയിലെ മൂന്നം ടെസ്റ്റ് 7 വിക്കറ്റിന് ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ അവസാനത്തെ നാഗ്പൂര്‍ ടെസ്റ്റ് സമനിലയിലും കലാശിച്ചതോടെ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ട് ഇന്ത്യയില്‍ വെന്നിക്കൊടി പാറിക്കുകയും ചെയ്തു. അന്ന് മാന് ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ട കുക്ക് പറഞ്ഞിരുന്നത് പീറ്റേഴ്‌സന്റെ മുംബയിലെ ഇന്നിംഗ്‌സ് ആയിരുന്നു ഈ സീരീസ് ഞങ്ങള്‍ക്കനുകൂലമാക്കിയത് എന്നായിരുന്നു .’

ആദ്യ ടെസ്റ്റില്‍ തകര്‍ന്നൊരു ടീമിനെ അത്രയും ബുദ്ധിമുട്ടേറിയ സ്പിന്നിങ് ട്രാക്കില്‍ നെഞ്ചും വിരിച്ചു നേരിട്ട പീറ്റേഴ്‌സന്റെ ആ ഇന്നിംഗ്‌സ് ഇന്നും ഇന്ത്യയിലെ ഒരു നോണ്‍ ഏഷ്യന്‍ ബാറ്‌സ്മാന്റെ മികച്ച ഇന്നിങ്സുകളില്‍ ഒന്നായിട്ടാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത് …

കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്