രോഹിത്തും കോഹ്ലിയുമല്ല, ആ ഇന്ത്യന്‍ താരത്തെ ഇംഗ്ലണ്ട് യുവതാരങ്ങള്‍ മാതൃകയാക്കൂവെന്ന് പീറ്റേഴ്‌സണ്‍

Image 3
CricketCricket News

ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ വളര്‍ന്നുവരുന്ന ഇംഗ്ലണ്ട് താരങ്ങള്‍ മാതൃകയാക്കണമെന്ന് കെവിന്‍ പീറ്റേഴ്സണ്‍. തന്റെ ബ്ലോഗിലാണ് മുന്‍ ഇംഗ്ലീഷ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം ഇപ്പോഴത്തെ സ്പിന്നര്‍മാരായ ജാക്ക് ലീച്ച്, ഡൊമിനിക് ബെസ്സ് എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും പീറ്റേഴ്സണ്‍ ഉന്നയിച്ചിട്ടുണ്ട്.

ജഡേജ ചെയ്യുന്നത് അനുകരിക്കാനാണ് പീറ്റേഴ്സണ്‍ യുവതാരങ്ങളോട് പറയുന്നത്. പീറ്റേഴ്സണിന്റെ വാക്കുകള്‍…”ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ജഡേജ ഇന്ത്യക്ക് വേണ്ടി ചെയ്യുന്നത് നോക്കൂ. ഇടങ്കയ്യന്‍ സ്പിന്നറായ ജഡേജയ്ക്ക് ബാറ്റുകൊണ്ടും കാര്യമായി ഇന്ത്യയെ സഹായിക്കാന്‍ കഴിയുന്നുണ്ട്. ഫീല്‍ഡറായും മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.

അത്തരമൊരു താരത്തെയാണ് ഇംഗ്ലണ്ടിനും വേണ്ടത്. നിങ്ങള്‍ വളര്‍ന്നുവരുന്ന താരമാണെങ്കില്‍ ജഡേജയെ മാതൃകയാക്കുകയാണ് വേണ്ടത്. ടീമിലെ സൂപ്പര്‍താരമാണ് അദ്ദേഹം. ജഡേജയെ പഠിക്കുന്നതിലൂടെ ഇംഗ്ലണ്ടിനായി ദീര്‍ഘനാള്‍ കളിക്കുന്ന ടെസ്റ്റ് താരമാവാന്‍ നിങ്ങള്‍ക്ക് സാധിക്കും.” പീറ്റേഴ്സണ്‍ പറഞ്ഞു.

ഇപ്പോഴത്തെ സ്പിന്നര്‍മാരായ ജാക്ക് ലീച്ച്, ഡോം ബെസ്സ് എന്നിവരെ ടെസ്റ്റ് സ്പിന്നറെന്ന് വിളിക്കാനാവില്ലെന്നും പീറ്റേഴ്സണ്‍ പറഞ്ഞു. മോണ്ടി പനേസര്‍, ഗ്രെയിം സ്വാന്‍ എന്നിവരെപോലെ മത്സരത്തെ സ്വാധീനിക്കാനാവുന്ന മികവ് ഇരുവര്‍ക്കുമില്ലെന്നും മുന്‍താരം വ്യക്തമാക്കി.