ഐപിഎല്‍ ചാമ്പ്യന്‍മാരെ പ്രവചിച്ച് കെവില്‍ പീറ്റേഴ്‌സണ്‍

Image 3
IPL

ഐ.പി.എല്‍ 13ാം സീസണിനായി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കഠിന പരിശീലനത്തിലാണ് ടീമുകള്‍. കളത്തിന് പുറത്ത് എങ്ങും ടൂര്‍ണമെന്റിനെ കുറിച്ചുള്ള ചര്‍ച്ചകളും പ്രവചനങ്ങളുമായി. ഇപ്പോഴിതാ ഈ വര്‍ഷത്തെ ഐ.പി.എല്‍ ചാമ്പ്യന്മാര്‍ ആരായിരിക്കുമെന്ന് പ്രവചിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍. ഡല്‍ഹി ക്യാപിറ്റല്‍സ് കിരീടം നേടുമെന്നാണ് കരുതുന്നതെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു.

യു.എ.ഇയിലെത്തിയ ചിത്രത്തോടൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് പീറ്റേഴ്‌സണ്‍ ഈ വര്‍ഷത്തെ ഐ.പി.എല്‍ വിജയികളെ പ്രവചിച്ചത്. ഇത്തവണ ഐ.പി.എല്ലില്‍ അവതാരകനായും കമന്റേറ്ററായും പീറ്റേഴ്‌സണ്‍ ഉണ്ടാകും. ഇക്കഴിഞ്ഞ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്കുള്ള കമന്റേറ്ററി പാനലിലും പീറ്റേഴ്‌സണ്‍ ഉണ്ടായിരുന്നു.

‘ഇംഗ്ലണ്ടിലെ ഒരു ബബിളില്‍ നിന്ന് ദുബായിലെ മറ്റൊരു ബബിളിലേക്ക്. ഞാനിതിനെ സ്‌നേഹിക്കുന്നു. ക്രിക്കറ്റ് തിരിച്ചുവരുന്നതില്‍ വലിയ സന്തോഷം ഉണ്ട്. ഐ.പി.എല്ലിന്റെ ഭാഗമാവുക എന്നത് എപ്പോഴും ആവേശം നല്‍കുന്ന ഒന്നാണ്. ഇത്തവണ ഡല്‍ഹി വിജയിക്കുമെന്നാണ് പ്രതീക്ഷ’ കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞു.

ശ്രേയസ് അയ്യര്‍ നായകനും റിക്കി പോണ്ടിങ് മുഖ്യ പരിശീലകനായുള്ള ഡല്‍ഹി മികച്ച ടീമാണ്. ശിഖര്‍ ധവാന്‍,പൃത്ഥ്വി ഷാ,റിഷഭ് പന്ത്,അജിന്‍ക്യ രഹാനെ,ശ്രേയസ് അയ്യര്‍ തുടങ്ങിയ കരുത്തുറ്റ ബാറ്റിംഗ് നിരയാണ് അവരുടെ പ്രധാന കരുത്ത്. റബാഡ, ഇഷാന്ത് ശര്‍മ, ആവേഷ് ഖാന്‍, ആന്റിച്ച് നോര്‍ജെ, കീമോ പോള്‍, മോഹിത് ശര്‍മ എന്നിവരടങ്ങിയ ബൗളിംഗ് നിരയും ശക്തം.

ഈ മാസം 20 ന് പഞ്ചാബിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 ന് ദുബായിലാണ് മത്സരം.