കെപി എന്തായിരുന്നെന്ന് കങ്കാരുക്കള്‍ ആദ്യമായി തിരിച്ചറിഞ്ഞ ദിവസം

സനല്‍കുമാര്‍ പദ്മനാഭന്‍

തന്റെ കൂടെയുള്ളവരുടെ കൈക്കരുത്തിലും കരളുറപ്പിലും ഉള്ള അമിതാത്മവിശ്വാസത്തില്‍ , കാടിനെയറിയാതെ കാടിനെ അടക്കി ഭരിക്കുന്നവനെകുറിച്ചു അറിയാതെ അയാളുടെ കാടിനുള്ളിലെ നിയമങ്ങളെ കുറിച്ചു അറിയാതെ ബ്രിസ്റ്റോളിലെ കൊടുങ്കാടിനുള്ളില്‍ നാറ്റ്വെസ്റ്റ് നിധി തേടി പോയി അപകടം സ്വയം ചോദിച്ചു വാങ്ങിയ റിക്കി പോണ്ടിങ് എന്ന നായകനെ ഇന്നും ഓര്‍മയുണ്ട്…..

ബ്രിസ്റ്റോളില്‍ മൂന്നാം ഏകദിനവിജയം എന്ന നിധി തേടിയുള്ള അയാളുടെ യാത്രക്ക് ( 252 റണ്‍സ് പ്രതിരോധിക്കുക ) വിലങ്ങു തടി ആയി എതിരെ വന്ന സ്ട്രോസ് , ട്രെസ്‌കൊതിക് , ഫ്‌ലിന്റോഫ് , വോന്‍ , കോളിങ്വുഡ് തുടങ്ങിയ വന്യജീവികളും കാട്ടാറുകളും കാട്ടു മരങ്ങളും തീവ്രവിഷമുള്ള ഇഴജീവികളും എല്ലാം, അയാളുടെ കൂടെയുള്ള കൈക്കരുത്തു കൊണ്ടും കുതന്ത്രം കൊണ്ടും മായാജാലം കാണിക്കുന്ന മഗ്രാത്ത് , ഗില്ലസ്പി , കാസ്പറോവിച്, ബ്രോഗ് എന്നിവരുടെ മുന്നില്‍ പിടഞ്ഞു വീണപ്പോള്‍ ബ്രിസ്റ്റോളില്‍ സ്‌കോര്‍ കാര്‍ഡില്‍ തെളിഞ്ഞു വന്ന ഇംഗ്ലണ്ട് 150/5 അക്കങ്ങള്‍ കണ്ടപ്പോള്‍ പോണ്ടിങ് നിധി തന്റെ കയ്യില്‍ ഇരിക്കുന്ന സ്വപ്നങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു….

ഇത് വരെയുള്ള യാത്രയില്‍ തങ്ങളുടെ വഴിക്കു കുറുകെ വന്നു പെട്ട പ്രതിബന്ധങ്ങളെ എല്ലാം തച്ചു തകര്‍ത്തു നില്‍ക്കുന്ന തന്റെ പോരാളികളെ കണ്ടപ്പോള്‍ അയാളുടെ കണ്ണിലെ തിളക്കത്തിന് പതിയെ ധാര്‍ഷ്ട്യത്തിന്റെ ഭാഷ്യം കലരുക ആയിരുന്നു….
സ്‌കോര്‍ കാര്‍ഡില്‍ 160 ഇല്‍ നില്‍കുമ്പോള്‍ തങ്ങള്‍ക്കു തടസമായി നിന്ന ജോണ്‍സ് എന്ന കാട്ടുവള്ളിയെയും ബ്രോഗ് തുടച്ചു നീക്കിയപ്പോള്‍ , രികയേര്‍ഡ് റണ്‍ റേറ്റ് 7.76 എന്ന നിലയില്‍ 12 ഓവറില്‍ 93 റണ്‍സ്

എതിരാളികള്‍ക്ക് ഏറെക്കുറെ അപ്രാപ്യമായ ലക്ഷ്യം തന്നെ എന്നുറപ്പിച്ചു പോണ്ടിങ് തന്റെ മുന്നില്‍ തെളിഞ്ഞു വന്ന നിധിപേടകത്തില്‍ ആര്‍ത്തിയില്‍ പൊതിഞ്ഞ ആവേശത്തോടെ കൈ വെച്ചു എടുക്കാന്‍ തുടങ്ങവേ ആണു , തന്റെ കയ്യുടെ മുകളില്‍ എന്തോ ഭാരം കയറ്റി വച്ചത് പോലെ അയാള്‍ക്ക് തോന്നിയത് !

ഇരുണ്ട വെളിച്ചത്തില്‍ തന്റെ കയ്യുടെ മുകളില്‍ ഇരിക്കുന്നത് മറ്റൊരു കൈപ്പത്തി ആണെന്ന് പതിയെ ഒരല്പം ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞു , പതിയെ മുഖമുയര്‍ത്തി ആ കൈപ്പത്തിയുടെ ഉടമയുടെ മുഖം തിരഞ്ഞ അയാളുടെ കണ്ണില്‍ ആദ്യം തടഞ്ഞത് തിളക്കമുള്ളൊരു കടുക്കന്‍ ആയിരുന്നു

ചെവിയില്‍ തിളങ്ങുന്ന കടുക്കനും , നടുവില്‍ മുകളിലേക്കു ഉയര്‍ത്തി വെച്ച ചെമ്പിച്ച മുടിയും , കൈ തെറുത്തു വെച്ച ഹാഫ് സ്ലീവ് ജേഴ്‌സിയും ആ ജേഴ്‌സിയുടെ പിറകിലെ 24 എന്ന നമ്പറും കണ്ടപ്പോള്‍ പോണ്ടിങ്ങിന്റെ ചുണ്ടില്‍ നിന്നും വിറയലോടെ ആ പേര് പിറന്നു വീണു ‘ കെ പി ‘

ആ കാടിനെ ഒരു ലോലിപോപ്പ് പോലെ നുണഞ്ഞു നടക്കുന്നവന്‍ !

ബ്രിസ്റ്റോള്‍ എന്ന കാടിനെ അടക്കി ഭരിക്കുന്ന രാജാവും കാട്ടില്‍ നിധി തേടിയെത്തിയ കൊള്ളക്കാരുമായുള്ള യുദ്ധം അവിടെ തുടങ്ങുക ആയിരുന്നു….

മിഴികളില്‍ ആളിക്കത്തുന്ന അഗ്‌നിയുമായി നില്‍ക്കുന്ന അയാള്‍ക്കെതിരെ പോണ്ടിങ് രംഗത്തിറക്കിയ കരുത്തന്മാരില്‍ കരുത്തനായ ഗില്ലസ്പിയെ തൂക്കിയെടുത്തു നിലത്തടിച്ചു ഒരോവറില്‍ 17 റണ്‍സ് എടുത്തതോടെ പോണ്ടിങ് അപകടം മണത്തു തുടങ്ങിയിരുന്നു…..
12 ഓവര്‍ നീണ്ടു നില്‍ക്കും എന്ന് കരുതിയ യുദ്ധം 9.3 ഓവറില്‍ അവസാനിക്കുമ്പോള്‍ പോരാട്ട ഭൂവില്‍ ഒറ്റ ഒരാള്‍ മാത്രമേ ജീവനോടെ ഉണ്ടായിരുന്നുള്ളു

65 ബോളില്‍ 91 റണ്‍സോടെ അജയ്യനായി നിന്ന കെ പി…..!
2005 നാറ്റ്വെസ്‌റ് സീരിസ് മൂന്നാം ഏകദിനം..
ഓസ്ട്രേലിയ 252
മൈക് ഹസി 84.
ഇംഗ്ലണ്ട് 253( 47.3)
കെ പി 91**
മാന്‍ ഓഫ് ദി മാച്ച് : കെ പി…

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like