ഞാനത് കാര്യമാക്കുന്നില്ല,മെസി ട്രാൻസ്ഫറിനെക്കുറിച്ച് മനംതുറന്ന് ഡിബ്രൂയ്നെ

സൂപ്പർ താരം ലയണൽ മെസി ബാഴ്സ വിട്ടാൽ ചേക്കേറാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റിയായതിനാൽ സിറ്റിയുടെ ആരാധകരും ഏറെ പ്രതീക്ഷയിലായിരുന്നു. എന്നാൽ അഭ്യൂഹങ്ങളെ കാറ്റിൽപറത്തിക്കൊണ്ട് മെസി ബാഴ്സയിൽ തന്നെ തുടരുകയായിരുന്നു.
എന്നാൽ മെസിയെ സിറ്റിയിൽ എത്തിക്കാത്തതിൽ പരിഭവമോ സങ്കടമോ ഇല്ലെന്ന അഭിപ്രായക്കാരനാണ് സൂപ്പർ താരം കെവിൻ ഡിബ്രൂയ്‌നെ.

കഴിഞ്ഞ ദിവസം ഡെയിലി മെയിലിന് നൽകിയ അഭിമുഖത്തിലാണ് ഡിബ്രൂയിൻ മെസിയെക്കുറിച്ച് മനം തുറന്നത്. മെസിയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ താൻ കാര്യമാക്കിയിട്ടില്ലെന്നും അദ്ദേഹം വന്നാൽ അത്‌ ഞങ്ങൾക്ക് സഹായകരമാവുമെന്നും ഡിബ്രൂയ്‌നെ അഭിപ്രായപ്പെട്ടു.

“സത്യസന്ധ്യമായി പറഞ്ഞാൽ ഞാൻ മെസിയുടെ ട്രാൻസ്ഫറിനെപറ്റി കൂടുതൽ ചിന്തിച്ചിട്ടില്ല. നിങ്ങൾക്ക് മെസിയെ വാങ്ങാനവസരം ലഭിച്ചാൽ തീർച്ചയായും നിങ്ങൾ അതിനു ശ്രമിക്കുകയേയുള്ളൂ. അത്‌ ഏതൊരു ക്ലബും ചെയ്യുന്നതാണ്. അത്‌ തന്നെയാണ് മാഞ്ചസ്റ്റർ സിറ്റിയും ചെയ്യുന്നത്. ബിസിനസ്പരമായി മെസ്സിയുടെ വരവ് സിറ്റിക്ക് ഗുണം ചെയ്യും. ഒരുപാട് സ്പോൺസർമാരെയും പണവും സിറ്റിയിലേക്ക് വരും.”

“അദ്ദേഹത്തിന് വേണ്ടി നിങ്ങൾ ഒരുപാട് പണം ചിലവഴിച്ചാൽ, തീർച്ചയായും മറ്റു വഴികളിലൂടെ നിങ്ങൾക്ക് അത്‌ ലഭിക്കുമെന്നു തീർച്ചയാണ്.അതിനാൽ സിറ്റിയുടെ തീരുമാനത്തെ ഈയൊരു കണ്ണിലൂടെയും വിലയിരുത്താം. സത്യത്തിൽ ഞാനിത് കാര്യമാക്കുന്നേയില്ല. അദ്ദേഹം സിറ്റിയിലേക്ക് വരികയാണെങ്കിൽ തീർച്ചയായും അത്‌ ഞങ്ങൾക്ക് സഹായകരമാവും. എന്നെ സംബന്ധിച്ചെടുത്തോളം അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്. മെസി വന്നില്ലെങ്കിലും സിറ്റി മികച്ച ടീം തന്നെയാണ്. ” ഡിബ്രൂയ്‌നെ അഭിപ്രായപ്പെട്ടു.

You Might Also Like