ചാമ്പ്യൻസ് ലീഗ് നേടി സിൽവക്ക് യാത്രയയപ്പ് നൽകും, ആരാധകര്‍ക്ക് ഡിബ്രൂയ്‌നെയുടെ ഉറപ്പ്
ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത് മിഡ്ഫീല്‍ഡ് മജീഷ്യന്‍ ഡേവിഡ് സില്‍വക്ക് മികച്ച യാത്രയയപ്പ് നല്‍കാന്‍ ശ്രമിക്കണമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം കെവിന്‍ ഡിബ്രൂയ്‌നെ. നോര്‍വിച്ച് സിറ്റിയുമായി എതിരില്ലാത്ത അഞ്ചു ഗോളിന് പ്രീമിയര്‍ ലീഗിലെ അവസാന മത്സരവും ജയിച്ചതോടൊപ്പം ഡേവിഡ് സില്‍വ പ്രീമിയര്‍ ലീഗിനോട് വിട പറഞ്ഞിരുന്നു.
പ്രീമിയര്‍ ലീഗില്‍ സിറ്റിക്കു വേണ്ടി ഏറ്റവും കൂടുതല്‍ ബൂട്ടുകെട്ടിയ താരവും ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടിയതാരവും ഡേവിഡ് സില്‍വയാണ്. 2010ലാണ് വലെന്‍സിയയില്‍ സില്‍വ സിറ്റിയിലേക്ക് ചേക്കേറുന്നത്. സിറ്റിക്ക് വേണ്ടി ഇതുവരെ 309 മത്സരങ്ങള്‍ കളിക്കാന്‍ സില്‍വക്ക് സാധിച്ചിട്ടുണ്ട്.
ഈ സീസണില്‍ ഇനി ഡേവിഡ് സില്‍വ കളിക്കാന്‍ ബാക്കിയുള്ളത് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ മാത്രമാണ്. ഓഗസ്റ്റ് ആദ്യവാരം മുതല്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ്ലീഗ് രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെയാണ് നേരിടുന്നത്. ആദ്യപാദത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സാന്റിയാഗോ ബെര്‍ണബ്യൂവില്‍ സിറ്റി വിജയിച്ചിരുന്നു.
‘എന്റെ അഭിപ്രായത്തില്‍ പ്രീമിയര്‍ ലീഗില്‍ കളിച്ച ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. ഞങ്ങള്‍ ഒരുപാട് വിജയങ്ങള്‍ നേടിയിട്ടുണ്ട്. ഒരുമിച്ചു നല്ലപോലെ കളിച്ചിട്ടുണ്ട്. ഞങ്ങള്‍ പലരീതിയില്‍ പരസ്പരം അഭിനന്ദിക്കാറുമുണ്ട്. അദ്ദേഹം ഒരു നല്ല മനുഷ്യനാണ്. അദ്ദേഹം ഞങ്ങള്‍ക്ക് വലിയൊരു നഷ്ടമാവും. ചാമ്പ്യന്‍സ്ലീഗ് നേടിയാല്‍ അയാള്‍ക്ക് ഒരു നല്ല യാത്രയയപ്പ് നല്‍കാനാവും. ‘ ഡിബ്രൂയ്‌നെ ഡേവിഡ് സില്‍വയെക്കുറിച്ച് അഭിപ്രായപ്പെട്ടു.