അവന്‍ വരുന്നു, ആരാധകരില്‍ കൊടുങ്കാറ്റ് വിതച്ച് ബ്ലാസ്റ്റേഴ്‌സിന്റെ പ്രഖ്യാപനം

ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വലിയ വിദേശ താരമെത്തുന്നു എന്ന സൂചന നല്‍കി ക്ലബ് മാനേജുമെന്റ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രഖ്യാപനം കേരള ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുന്നത്. ഇതോടെ ബുധനാഴ്ച്ചത്തെ സൈനിംഗ് ഒരു വിദേശ താരത്തിന്റേതാകുമെന്ന് ഉറപ്പായി.

ഒരു ചീട്ട് ഉയര്‍ത്തിപിടിച്ച് കസേരയില്‍ ഇരിക്കുന്ന ഒരു ഡോണിന്റെ ചിത്രം പങ്കുവെച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ‘അവന്‍ വരുന്നു’ എന്ന ക്യാപ്ഷനോടെ ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതോടെ താരമാരെന്നറിയാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ചൂടുളള ചര്‍ച്ചകളാണ് നടക്കുന്നത്.

അതെസമയം സിംബാബ് വെ താരം കോസ്റ്റ നമോനിസുവിനെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയതായി വാര്‍ത്ത പുറത്ത് വരുന്നുണ്ട്. കൂടാതെ ഇംഗ്ലീഷ് താരം ഗാരി ഹുപ്പറിന്റേയും വിന്‍സന്റ് ഗോമസിന്റേയും പേരുകള്‍ നാളത്തെ പ്രഖ്യാപനമായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

നിലവില്‍ രണ്ട് വിദേശ താരങ്ങളെയാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഉറപ്പിച്ചിട്ടുളളു. കഴിഞ്ഞ സീസണില്‍ കളിച്ച സെര്‍ജിയോ സിഡോചയും അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ ഫക്കുണ്ടോ പെരേരയുടേയും കാര്യമാണ് ഉറപ്പായത്. മറ്റ് വിദേശ താരങ്ങളുടെ പ്രഖ്യാപനത്തിന് അക്ഷമയോടെ കാത്തിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍

You Might Also Like