ടോട്ടന്നത്തോട് തോറ്റമ്പി കേരള ബ്ലാസ്റ്റേഴ്‌സ്

പ്രീമിയര്‍ ലീഗിന്റെ നെക്സ്റ്റ് ജനറേഷന്‍ കപ്പ് ഫുട്ബാള്‍ സെമി പോരാട്ടത്തില്‍ പ്രീമിയര്‍ ലീഗ് കരുത്തരായ ടോട്ടനം ഹോട്‌സ്പുര്‍ യൂത്ത് ടീമിനോട് തോറ്റമ്പി ബ്ലാസ്റ്റേഴ്‌സ് യുവനിര. എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്.

ഏകപക്ഷീയമായ മത്സരത്തില്‍ എല്ലാ മേഖലയിലും മികച്ചുനിന്നത് ടോട്ടനം ആയിരുന്നു. എങ്കിലും ആശ്വാസ ഗോളിനായി ബ്ലാസ്റ്റേഴ്‌സ് ടീമൊന്നാകെ കിണഞ്ഞുപരിശ്രമിക്കുകയും പലപ്പോഴായി സ്‌കോറിങ്ങിന് അടുത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഒരു ശ്രമങ്ങളും ലക്ഷ്യസ്ഥാനം തൊട്ടില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി പലപ്പോഴായി ടോട്ടനം ആക്രമണം നടത്തുന്ന കാഴ്ചയായിരുന്നു. ടോട്ടനത്തിന് വേണ്ടി വില്യം ഹാട്രിക് നേടി.

എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയിലാണ് ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുന്നത്. ക്രിസ്റ്റല്‍ പാലസ്, ടോട്ടനം, വെസ്റ്റ്ഹാം ടീമുകളാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ഗ്രൂപ്പ് ബിയില്‍. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനം തീരുമാനിക്കാന്‍ കെബിഎഫ്സി അടുത്തതായി ക്രിസ്റ്റല്‍ പാലസുമായി കളിക്കും.

ബാംഗ്ലൂര്‍ എഫ്.സി മത്സരിക്കുന്ന ഗ്രൂപ്പ് എയില്‍ ലെസ്റ്റര്‍ സിറ്റി, നോട്ടിങ്ഹാം ഫോറസ്റ്റ്, സ്റ്റെല്ലര്‍ബോഷ് (ദക്ഷിണാഫ്രിക്ക) ടീമുകളുമാണ് കളിക്കുന്നത്. ഐ.എസ്.എല്‍ ഡെവലപ്പ്‌മെന്റ് ലീഗില്‍ ആദ്യ രണ്ടുസ്ഥാനങ്ങള്‍ നേടിയ ടീമുകളാണ് നെക്സ്റ്റ് ജനറേഷന്‍ കപ്പിന് യോഗ്യത നേടിയത്. ബാംഗ്ലൂര്‍ എഫ്.സി ജേതാക്കളും കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനക്കാരുമാണ്. സച്ചിന്‍ സുരേഷ് ഉള്‍പ്പടെ മലയാളി താരങ്ങള്‍ നിറഞ്ഞതാണ് ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ്.

You Might Also Like