ആവേശം അവസാന പന്ത് വരെ, വിക്കറ്റ് കൊയ്ത് തുടര്‍ന്ന് ശ്രീ, ജയം പിടിച്ചെടുത്ത് കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. എലീറ്റ് ഗ്രൂപ്പ് സി പോരാട്ടത്തില്‍ കരുത്തരായ റെയില്‍വേസിനെയാണ് കേരളം തകര്‍ത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത 50 ഓവറില്‍ നേടിയത് ആറു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ്. റെയില്‍വേസിന്റെ മറുപടി 49.4 ഓവറില്‍ 344 റണ്‍സില്‍ അവസാനിച്ചു. വിജയം ഏഴു റണ്‍സിന്.

വിജയത്തോടെ മൂന്നു കളികളില്‍നിന്ന് 12 പോയിന്റുമായി കേരളം എലീറ്റ് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. മൂന്നു മത്സരങ്ങളില്‍നിന്ന് ആദ്യ തോല്‍വി വഴങ്ങിയ റെയില്‍വേസാണ് രണ്ടാമത്. മൂന്നു മത്സരങ്ങളില്‍നിന്ന് രണ്ടു ജയവുമായി ഉത്തര്‍പ്രദേശ് മൂന്നാമതുണ്ട്.

റെയില്‍വേസ് അവസാന നിമിഷം വരെ വിജയത്തിനായി പൊരുതി നോക്കിയെങ്കിലും കേരളം ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനായില്ല. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഹര്‍ഷ് ത്യാഗിയും (32 പന്തില്‍ ഏഴു ഫോറും രണ്ടു സിക്‌സും സഹിതം 58), അമിത് മിശ്ര (10 പന്തില്‍ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 23) എന്നിവര്‍ ഒരുവേള കേരളത്തെ ശ്വാസംമുട്ടിച്ചതാണ്.

എന്നാല്‍ അവസാന ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ ആദ്യം മിശ്രയെയും പിന്നാലെ ത്യാഗിയെയും പുറത്താക്കി എം.ഡി. നിധീഷ് കേരളത്തെ വിജയത്തിലെത്തിച്ചു. ഒന്‍പതാം വിക്കറ്റില്‍ വെറും 24 പന്തില്‍നിന്ന് ഇരുവരും അടിച്ചുകൂട്ടിയത് 59 റണ്‍സാണ്!

നേരത്തെ, ഓപ്പണര്‍ മൃണാള്‍ ദേവ്ധര്‍ (80 പന്തില്‍ 79), അരിന്ദം ഘോഷ് (62 പന്തില്‍ 64), സൗരഭ് സിങ് (52 പന്തില്‍ 50) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് റെയില്‍വേസിന് മറുപടി ബാറ്റിങ്ങില്‍ വിജയപ്രതീക്ഷ നല്‍കിയത്. ഇതിനുശേഷമാണ് അവസാന ഓവറുകളില്‍ ത്യാഗിയും മിശ്രയും ചേര്‍ന്ന് റെയില്‍വേസിന് വീണ്ടും വിജയപ്രതീക്ഷ സമ്മാനിച്ചത്. കേരളത്തിനായി എം.ഡി. നിധീഷ് 9.4 ഓവറില്‍ 83 റണ്‍സ് വഴങ്ങിയെങ്കിലും അവസാന ഓവറിലെ നിര്‍ണായകമായ രണ്ടു വിക്കറ്റ് സഹിതം മൂന്നു വിക്കറ്റ് വീഴ്ത്തി. എല്ലാവരും ഓവറില്‍ ശരാശരി ആറു റണ്‍സിലധികം വഴങ്ങിയപ്പോള്‍, ശരാശരി നാല് റണ്‍സ് മാത്രം വഴങ്ങി 10 ഓവറില്‍ 40 റണ്‍സിന് ഒരു വിക്കറ്റെടുത്ത ജലജ് സക്‌സേനയുടെ ബോളിങ്ങും നിര്‍ണായകമായി.

എസ്. ശ്രീശാന്ത് 10 ഓവറില്‍ 68 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. എന്‍.പി. ബേസില്‍, ക്യാപ്റ്റന്‍ സച്ചിന്‍ ബേബി എന്നിവര്‍ക്കും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.

ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന ഫോം തുടരുന്ന ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെയും ഇത്തവണത്തെ താരലേലത്തില്‍ ഡല്‍ഹി ക്യാപ്റ്റില്‍സ് സ്വന്തമാക്കിയ വൈസ് ക്യാപ്റ്റന്‍ വിഷ്ണു വിനോദിന്റെയും മികവില്‍ വിജയ് ഹസാരെ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ റെയില്‍വേസിനെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു. 104 പന്തില്‍ എട്ടു ഫോറും അഞ്ച് സിക്‌സും സഹിതം ഉത്തപ്പ 100 റണ്‍സെടുത്തപ്പോള്‍, 107 പന്തുകള്‍ നേരിട്ട വിഷ്ണു വിനോദ് അഞ്ച് ഫോറും നാലു സിക്‌സും സഹിതം 107 റണ്‍സുമെടുത്തു.

ടൂര്‍ണമെന്റിലാദ്യമായി ഫോമിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസണ്‍, 29 പന്തില്‍ ആറു ഫോറും നാലു സിക്‌സും സഹിതം 61 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വത്സല്‍ ഗോവിന്ദിന്റെ ഇന്നിങ്‌സാണ് (34 പന്തില്‍ രണ്ടു ഫോറും മൂന്നു സിക്‌സും സഹിതം പുറത്താകാതെ 46) കേരള സ്‌കോര്‍ 350 കടത്തിയത്. സര്‍വീസസിനായി ക്യാപ്റ്റന്‍ കാണ്‍ ശര്‍മ, പ്രദീപ് പൂജാര്‍ എന്നിവര്‍ രണ്ടും അമിത് മിശ്ര, ശിവം ചൗധരി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

You Might Also Like