കേരളം ഫുട്ബോൾ വിപ്ലവത്തിനൊരുങ്ങുന്നു, എണ്ണൂറു കോടി ചിലവിൽ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചു

Image 3
Football News

ഇന്ത്യയിൽ ഫുട്ബോളിന് ഏറ്റവുമധികം ആരാധകരുള്ളത് കേരളത്തിലാണെന്നതിൽ യാതൊരു സംശയവുമില്ല. കേരളത്തിലെ പ്രധാന ഫുട്ബോൾ ടീമുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സിനു ലഭിക്കുന്ന പിന്തുണയും അവിശ്വസനീയമായ രീതിയിലാണ്. എന്നാൽ കേരളത്തിൽ ഫുട്ബോളിന്റെ വികസനത്തിനായി യാതൊരു വിധ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന പരാതിയും വിമർശനവും വ്യാപകമായി ഉയർന്നിരുന്നു.

എന്നാൽ ഇതിനു പ്രായശ്ചിത്തമായി വലിയൊരു പദ്ധതിയുമായി കഴിഞ്ഞ ദിവസം കേരള ഗവണ്മെന്റ് രംഗത്തു വന്നിട്ടുണ്ട്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്റർനാഷണൽ സ്പോർട്ട്സ് സമ്മിറ്റിന്റെ ആദ്യ ദിവസമായ ഇന്നലെ കേരളത്തിൽ ഫുട്ബോൾ വളർത്താൻ വേണ്ടി എണ്ണൂറു കോടി രൂപയുടെ പദ്ധതികൾ വരുമെന്ന പ്രഖ്യാപനമാണ് കേരള ഗവണ്മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.

നിക്ഷേപമായാണ് എണ്ണൂറു കോടി രൂപയുടെ പദ്ധതികൾ വരുന്നതെന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇതിലൂടെ എട്ടു ഫുട്ബോൾ സ്റ്റേഡിയങ്ങളും നാല് പരിശീലന മൈതാനങ്ങളും വരുമെന്നാണ് പറയുന്നത്. എന്നാൽ ഇത്രയും കുറഞ്ഞ തുകയിൽ ഇത്രയും സ്റ്റേഡിയങ്ങൾ വരുമ്പോൾ അത് അന്താരാഷ്‌ട്ര നിലവാരത്തിൽ ഉള്ളതായിരിക്കുമോ എന്ന സംശയങ്ങൾ ഉയരുന്നുണ്ട്.

നിക്ഷേപങ്ങളിലൂടെയാണ് ഈ പണം വരുന്നത് എന്നതിനാൽ തന്നെ അത് കൃത്യമായി വിനിയോഗിക്കപ്പെടുമെന്ന പ്രതീക്ഷ ആരാധകരിലുണ്ട്. ചെറിയ സ്റ്റേഡിയങ്ങൾ ആണെങ്കിൽ പോലും അത് കേരളത്തിൽ പ്രാദേശിക ലീഗ് നടത്താനും അതുവഴി ഫുട്ബോൾ വികസനത്തിനും ഉപയോഗിക്കാൻ കഴിയും. അതേസമയം മലപ്പുറത്ത് ഫിഫ നിലവാരത്തിൽ ഒരു സ്റ്റേഡിയം ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടു പോവുകയാണ്.