സഞ്ജു പുറത്ത്, ശ്രീശാന്ത് ടീമില്‍, കേരള ടീം പ്രഖ്യാപിച്ചു

Image 3
CricketCricket News

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ സച്ചിന്‍ ബേബിയാണ് ടീമിനെ നയിക്കുന്നത്. വിഷ്ണു വിനോദ് ആണ് പുതിയ വൈസ് ക്യാപ്റ്റന്‍. മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് ടീമില്‍ ഇടം നേടി.

അതേസമയം സഞ്ജു സാംസണെ തത്ക്കാലം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് ടെസ്റ്റിലാണ് സഞ്ജു. അതു കഴിഞ്ഞാല്‍ മാത്രമേ ടീമിനൊപ്പം ചേരുകയുളളുവെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. പരിക്കേറ്റ റോബിന്‍ ഉത്തപ്പയും ഇരുപതംഗ ടീമില്‍ ഇല്ല.

പതിനേഴുകാരനായ പുതുമുഖം ഏദന്‍ ആപ്പിള്‍ ടോം ആണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വരുണ്‍ നായനാര്‍, ഇടംകൈയന്‍ ഓപ്പണിങ് ബാറ്റര്‍ ആനന്ദ് കൃഷ്ണന്‍ എന്നിവരും ടീമിലെ പുതുമുഖങ്ങളാണ്.

രാജ്കോട്ടില്‍ ഫെബ്രുവരി 17 മുതല്‍ കേരളത്തിന്റെ മത്സരങ്ങള്‍ ആരംഭിക്കും. മേഘാലയയാണ് ആദ്യ എതിരാളികള്‍. ഫെബ്രുവരി 24ന് ഗുജറാത്തിനെതിരേയും മാര്‍ച്ച് മൂന്നിന് മധ്യപ്രദേശിനെതിരേയും കളത്തിലിറങ്ങും.

കേരള ടീം

സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ഗോവിന്ദ്, പി രാഹുല്‍, സല്‍മാന്‍ നിസാര്‍, ജലജ് സക്സേന, സിജോമോന്‍ ജോസഫ്, കെസി അക്ഷയ്, എസ് മിഥുന്‍, എന്‍പി ബേസില്‍, എംഡി നിധീഷ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എഫ് ഫനൂസ്, ശ്രീശാന്ത്, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), വിനൂപ് മനോഹരന്‍, ഏദന്‍ ആപ്പിള്‍ ടോം.