തുടങ്ങും മുമ്പെ തിരിച്ചടി, ആ സൂപ്പര്‍ ലീഗ് മാറ്റി വെച്ചു
ഐഎസ്എല്‍ മാതൃകയില്‍ ആരംഭിക്കാനിരുന്ന കേരള സൂപ്പര്‍ ലീഗ് ഈ വര്‍ഷം ഉണ്ടാകില്ല. 2021-2022 സീസണിലേക്ക് കേരള സൂപ്പര്‍ ലീഗ് മാറ്റിവെക്കാന്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് കേരള പ്രീമിയര്‍ ലീഗിന് പകരം ആരംഭിക്കാനിരുന്ന സൂപ്പര്‍ ലീഗ് മാറ്റിവെക്കുന്നത്.
കെഎഫ്എ സെക്രട്ടറി അനില്‍ കുമാര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വര്‍ഷം നവംബറില്‍ ആണ് 8 ഫ്രാഞ്ചസികളെ ഉള്‍പ്പെടുത്തി കേരള പ്രീമിയര്‍ ലീഗിനു പകരം കേരള സൂപ്പര്‍ ലീഗ് ആരംഭിക്കാനിരുന്നത്. ലീഗ് ആരംഭിക്കുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ജനുവരിയില്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ ഏപ്രിലില്‍ ആരംഭിക്കാനിരിക്കെയാണ് കോവിഡ് പിടിമുറുക്കുന്നതും ചര്‍ച്ച പൂര്‍ത്തിയാക്കാനാകാതെ പോയതും. ഇതോടെയാണ് ലീ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
ടീമുകള്‍ ഫ്രാഞ്ചസി ഫീസ് നല്‍കിയാണ് സൂപ്പര്‍ ലീഗില്‍ ചേരാനാകുക. ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സും ഐലീഗ് ക്ലബ് ഗോകുലവും എല്ലാം പങ്കെടുക്കുമെന്നായിരുന്നു കിട്ടിയ സൂചന. വിജയികള്‍ക്ക് നേരിട്ട് ഐലീഗ് സെക്കന്‍ഡ് ഡിവിഷനിലേക്ക് പ്രമോഷനും ലഭിക്കും.
നേരത്തെ കേരള സൂപ്പര്‍ ലീഗ് പ്രഖ്യാപിക്കപ്പെട്ടതോടെ മികച്ച പ്രതികരണമാണ് വിവിധ പ്രദേശങ്ങളില്‍ നിന്ന് ഉണ്ടായത്. നിരവധി അന്വേഷണങ്ങളും ഇത് സംബന്ധിച്ച് നടന്നിരുന്നു. ഇതിനിടെയാണ് കോവിഡ് പ്രതിസന്ധി മൂലം ലീഗ് മാറ്റിവെക്കുന്നത്.