കപ്പ് അർജന്റീനക്കെന്ന് മണിയാശാൻ, മാരക്കാനയിൽ കണ്ടറിയാമെന്ന് ശിവൻകുട്ടി; കേരളത്തിലും ബ്രസീൽ – അർജന്റീന പോര് കനക്കുന്നു

Image 3
Copa America

ബ്രസീലും അർജന്റീനയും തമ്മിൽ ക്ലാസിക് ഫൈനലിന് കളമൊരുങ്ങിയതോടെ കേരളത്തിലും കോപ്പ പതിയെ ചൂടുപിടിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിൽ ഒരുപക്ഷെ ലാറ്റിനമേരിക്കയിലേതിനേക്കാൾ ആവേശം മലയാളികൾക്കിടയിൽ കാണാനാവും. ഇരുടീമിന്റെയും ആരാധകർ തമ്മിൽ വാദപ്രദിവാദങ്ങളും വെല്ലുവിളിയുമായി ആകെ ‘കോപ്പമയമാണ്’ ഫേസ്ബുക്കിലെയും മറ്റും കേരളം.

ആരാധകരുടെ ആവേശം വാനോളമെത്തുമ്പോൾ രാഷ്ട്രീയക്കാരായ സൂപ്പർ ആരാധകരുമുണ്ട് ഒരങ്കത്തിന്. പ്രഖ്യാപിത അർജന്റീന ആരാധകനായ എം എം മണിയാണ് വെല്ലുവിളികൾക്ക് തുടക്കമിട്ടത്.

“അപ്പോ ഫൈനലിൽ കാണാം ബ്രസീലേ, കപ്പ് ഇത്തവണ അർജന്റീനക്ക് വണ്ടികയറും.” ഇങ്ങനെയായിരുന്നു മണിയാശാന്റെ പോസ്റ്റ്.

വെല്ലുവിളി ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രിയും അറിയപ്പെടുന്ന ബ്രസീൽ ആരാധകനായ വി ശിവൻകുട്ടിയുടെ പോസ്റ്റ് എത്തി. “കോപ്പ അമേരിക്ക ഫൈനലിൽ തീപാറും… ബ്രസീൽ അർജന്‍റീനയെ നേരിടും… മണി ആശാനേ മാരക്കാനയിൽ കാണാം” ഇങ്ങനെയായിരുന്നു ശിവൻകുട്ടിയുടെ വാക്കുകൾ.

“ചരിത്രമുറങ്ങുന്ന മാരക്കാനയിൽ ഞായറാഴ്ച പുതിയ ഫുട്​ബാൾ ചരിത്രം കുറിക്കും” എന്ന് മണിയാശാനിട്ട് ഒരു കൊട്ട്കൊട്ടിയെത്തിയത് പിന്നീട് കടകംപള്ളി സുരേന്ദ്രനാണ്.

എന്തായാലും കൂടുതൽ രാഷ്ട്രീയക്കാർ വാഗ്‌വാദങ്ങളിൽ പങ്കാളികളായിക്കൊണ്ടിരിക്കുകയാണ്.