ഹ്യൂമും ജോസുവും ടീമില്‍, കോച്ചായി കോപ്പല്‍, ബ്ലാസ്റ്റേഴ്‌സ് ടീം ഇങ്ങനെ
ഐഎസ്എല്‍ ആറ് സീസണകള്‍ പിന്നിടുമ്പോള്‍ എക്കാലത്തേയും മികച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഒരു കൂട്ടം മഞ്ഞപ്പടയുടെ ആരാധകര്‍. ബ്ലാസ്റ്റേഴ്‌സ്‌ന്യൂസ്. കോം എന്ന അവരുടെ വെബ്‌സൈറ്റിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സിന്‌റെ എക്കാലത്തേയും മികച്ച നിരയെ ആരാധകര്‍ തിരഞ്ഞെടുത്തത്. ഒട്ടേറെ മികച്ച താരങ്ങള്‍ ബൂട്ടുകെട്ടിയിട്ടും ഐഎസ്എല്ലില്‍ രണ്ട് തവണ റണ്ണറപ്പ് ആകാന്‍ കഴിഞ്ഞു എന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ ലീഗില്‍ സ്വന്തമാക്കാനായ ആകെ നേട്ടം. എങ്കിലും ലക്ഷകണക്കിന് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ ഹൃദത്തില്‍ ഇടം നേടാന്‍ നിരവധി താരങ്ങള്‍ക്ക് കഴിഞ്ഞു. അവര്‍ ഉള്‍കൊള്ളുന്നതാണ് ഈ ടീം. (വിവരങ്ങള്‍ക്ക് കടപ്പാട്: ബ്ലാസ്റ്റേഴ്‌സ്‌ന്യൂസ്. കോം)
ഹെഡ് കോച്ച് സ്റ്റീവ് കോപ്പല്‍
എല്ലാ പരിശീലകരുടെയും വിജയ ശതമാനം കണക്കിലെടുത്താല്‍ സ്റ്റീവ് കോപ്പല്‍ ഇവരിലെല്ലാം മുന്നിട്ട് നില്‍ക്കും. 49 ശതമാനമാണ് കോപ്പലിന്റെ വിജയശതമാനം. അതിനാല്‍ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തേയും മികച്ച ഇലവനെ കോപ്പലാശാന്‍ തന്നെ പരിശീലിപ്പിക്കും.
ഗോള്‍ കീപ്പര്‍ സന്ദീപ് നന്ദി
മുന്ന് സീസണോളം മഞ്ഞപ്പടയുടെ വല കാത്തത് ബംഗാളി താരമായ സന്ദീപ് നന്ദിയാണ്. കളിച്ച 18 മത്സരങ്ങളില്‍ 7 ക്ലീന്‍ ഷീറ്റുകള്‍ സൂക്ഷിച്ചു സന്ദീപ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പറാണ് നന്ദിയെന്ന് നിസംശയം പറയാം.
റൈറ്റ് ബാക്ക് / റൈറ്റ് സെന്റര്‍ ബാക്ക് സന്ദേശ് ജിങ്കന്‍
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കണ്ണിലുണ്ണി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ തുടക്കത്തിലെ ജിങ്കന്‍ ടീമില്‍ അംഗമാണ്. എമര്‍ജിങ് പ്ലേയര്‍ ഓഫ് ദി ഇയറായി തുടക്കമിട്ട താരം ഒടുവില്‍ മഞ്ഞപ്പടയുടെ ക്യാപ്റ്റനും ആരാധകരുടെ സൂപ്പര്‍ താരവുമായി മാറി. പ്രതിരോധ താരമെന്ന നിലയില്‍ ക്ലബിന് വേണ്ടി ഇതുവരെ 76 മത്സരങ്ങള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. പരിക്ക് കാരണം കഴിഞ്ഞ സീസണില്‍ അദ്ദേഹം മാറി നിന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരം ജിങ്കന്‍ തന്നെ.
സെന്റര്‍ ബാക്ക് ആരോണ്‍ ഹ്യൂഗ്‌സ്
കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ ഫൈനല്‍ വരെയെത്തിയപ്പോള്‍ പ്രതിരോധം കാത്തത് ആരോണ്‍ ഹ്യൂഗ്‌സാണ്. കൊപ്പലാശാന്റെ കീഴില്‍ മഞ്ഞപ്പടയില്‍ ഒരു സീസണ്‍ മുഴുവനും ഹ്യൂഗ്‌സ് ചിലവഴിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ സുപ്രധാന താരമായിരുന്നു ഹ്യൂഗ്‌സ്.
സെന്റര്‍ ബാക്ക് സെഡ്രിക് ഹെങ്ങ്ബര്‍ട്ട്
കൊപ്പലാശാന്റെ കീഴില്‍ പ്രതിരോധത്തിലെ കുന്തമുനയായിരുന്നു ഹെങ്ങ്ബര്‍ട്ട്. ഐ എസ് എല്ലിന്റെ മൂന്നാം സീസണില്‍ ആരോണ്‍ ഹ്യൂഗ്‌സുമൊത്ത് മഞ്ഞപ്പടക്കായി മികച്ച പ്രതിരോധം അദ്ദേഹം തീര്‍ക്കുകയുണ്ടായി. ഒരു ഗോളും നാല് അസിസ്റ്റുമാണ് ബ്ലാസ്റ്റേഴ്‌സിനായുള്ള തന്റെ രണ്ട് വര്‍ഷത്തെ സേവനത്തില്‍ സെഡ്രിക് ഹെങ്ബര്‍ടിന്റെ സമ്പാദ്യം.
ലെഫ്റ്റ് ബാക്ക്- ലാല്‍റുവാതാര
ഐ ലീഗിലെ കുഞ്ഞന്‍ ക്ലബ്ബായ ഐസോളില്‍ നിന്നുമാണ് കൊച്ചിയിലേക്ക് താരമെത്തിയത്. ഇന്ത്യന്‍ ഫുട്‌ബോളിനെ ഞെട്ടിച്ച് ഐസോള്‍ കപ്പടിച്ചപ്പോള്‍ ലാല്‍റുവാതാരയും ശ്രദ്ധിക്കപ്പെട്ടു. 2017-18 സീസണിലെ എമേര്‍ജിങ് പ്ലേയറായ താരം പിന്നീടുള്ള വര്‍ഷങ്ങളില്‍ ആ മികവ് നിലനിര്‍ത്തുകയും ചെയ്തു. എങ്കിലും പരിക്കുകള്‍ മൂലം 2019-20 സീസണില്‍ ബ്ലാസ്റ്റേഴ്‌സില്‍ കാര്യമായ അവസരങ്ങള്‍ താരത്തിന് ലഭിച്ചില്ല.
സെന്റര്‍ ഡിഫന്‍ഡര്‍ മിഡ്ഫീല്‍ഡര്‍ മെഹതാബ് ഹൊസൈന്‍
ഒരു കാലത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര മെഹ്താബ് ഹൊസൈനിന്റെ കാലുകളില്‍ ഭദ്രമായുരുന്നു. ഐഎസ്എല്‍ ആദ്യമൂന്ന് സീസാണുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പമായിരുന്നു മെഹ്താബ് ഹൊസൈന്‍. കൊപ്പലാശാന്റെ കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയില്‍ ഒരു പ്രധാന താരമായിരുന്നു മെഹ്താബ് ഹൊസൈന്‍. താരത്തിനെ ക്ലബ്ബില്‍ നിലനിര്‍ത്താന്‍ കൊപ്പലാശാന്‍ ശ്രമം നടത്തിയെങ്കിലും അത് ഫലം കണ്ടില്ല. മെഹ്താബ് ഹൊസൈന്‍ ക്ലബ്ബ് വിട്ടു.
റൈറ്റ് വിങ് സി കെ വിനീത്
ക്ലബ് വിട്ടെങ്കിലും വിനീതിന്റെ ക്ലബ്ബിനായുള്ള സംഭാവനകള്‍ വളരെ വിലമതിക്കുന്നതായിരുന്നു. 11 ഗോളുകളുമായി ക്ലബ്ബിന്റെ ഏറ്റവും മികച്ച രണ്ടാമത്തെ ഗോള്‍ വേട്ടക്കാരനാണ് അദ്ദേഹം.
സെന്‍ട്രല്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഇയാന്‍ ഹ്യൂം
സി കെ വിനീതും ഓഗ്ബെച്ചയും തന്റെ റെക്കോര്‍ഡ് തകര്‍ക്കുന്നത് വരെ ക്ലബ്ബിന്റെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനായിരുന്നു അദ്ദേഹം. 11 ഗോളുകളാണ് അദ്ദേഹത്തിന്റെ ക്ലബ്ബിനായുള്ള സമ്പാദ്യം
ലെഫ്റ്റ് വിങ് /ലെഫ്റ്റ് വിങ് ബാക്ക് ജോസു
2016 സീസണിന് ശേഷം ക്ലബ് വിട്ടെങ്കിലും ഏറ്റവും അസിസ്റ്റ് നേടിയ താരമെന്ന ഖ്യാതി ഇപ്പോഴും ജോസുവിനാണ് (6). ഒരു കാലത്ത് ക്ലബ്ബിന്റെ അഭിവാജ്യഘടകമായിരുന്നു ഈ താരം.
സ്ട്രൈക്കര്‍ മുഹമ്മദ് റാഫി
കേരള ബ്ലാസ്റ്റേഴ്‌സിനായുള്ള ആദ്യ സീസണില്‍ ആറ് ഗോളും മൂന്ന് അസിസ്റ്റും നേടി മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തെടുത്തത്. പ്ന്നീട് കഴിഞ്ഞ സീസണില്‍ തിരിച്ചെത്തിയെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ മൂലം കാര്യമായ അവസരം ലഭിച്ചിരുന്നില്ല
സ്ട്രൈക്കര്‍ ബര്‍ത്തോലോമ്യൂ ഓഗ്ബെച്ചേ
2019-20 സീസണിന് മുന്നോടിയായിട്ടാണ് ഓഗ്ബെച്ചേ കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേര്‍ന്നത്. താരത്തിന്റെ ക്ലബ്ബിനായുള്ള ആദ്യ സീസണിലെ പ്രകടനം വളരെ മികച്ചതായിരുന്നു. പോരാത്തതിന് 15 ഗോളുമായി ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനായി മാറി അദ്ദേഹം