കേരള ഡര്‍ബി, ഐഎസ്എല്ലില്‍ ഗോകുലവും ബ്ലാസ്‌റ്റേഴ്‌സും ഏറ്റുമുട്ടിയാല്‍ സംഭവിക്കുന്നത്

Image 3
FootballISL

ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സുപരിചിതമാണല്ലോ കൊല്‍ക്കത്ത ഡെര്‍ബി. ബദ്ധവൈരികളായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടുന്ന ആ മത്സരം കാണാന്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്താറ് പതിനായിരങ്ങളാണല്ലോ. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ സുപ്രധാന മത്സരങ്ങളിലൊന്നാണ് കൊല്‍ക്കത്തിയിലെ കരുത്തരായ ബദ്ധവൈരികള്‍ ഏറ്റുമുട്ടുന്ന മത്സരം.

എന്നാല്‍ ഫുട്‌ബോളിലെ മറ്റ് ഹബ്ബുകളായ കേരളത്തിനും ഗോവയ്ക്കുമെന്നും ഈ തലത്തിലേക്ക് ഫുട്‌ബോള്‍ ആവേശത്തിനെ എത്തിക്കാനായിട്ടില്ല. ഗോവയില്‍ നിരവധി പ്രെഫഷണല്‍ ഫുട്‌ബോള്‍ ക്ലബുകളുണ്ടെങ്കിലും സ്‌റ്റേഡിയങ്ങള്‍ നിറഞ്ഞ് കവിയുന്ന മത്സരങ്ങള്‍ തന്നെ അപൂര്‍വ്വമായി തന്നെ നടക്കാറുള്ളു.

കേരളത്തിലാകട്ടെ ഫുട്‌ബോള്‍ പ്രേമികള്‍ ചിതറിക്കിടക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ആറ് വര്‍ഷമായി ഫുട്‌ബോള്‍ പ്രേമികളെ ഒരു കുടക്കീഴില്‍ ഒരുമിച്ച് കൂട്ടിയപ്പോള്‍ തന്നെ കരുത്തുറ്റ ഒരു ആരാധക നിര തന്നെ ബ്ലാസ്‌റ്റേഴ്‌സിനുണ്ടായി. എന്നാല്‍ കേരളത്തില്‍ നിന്ന് ഐലീഗ് കളിക്കുന്ന ഗോകുലം കേരളയ്ക്ക് ബ്ലാസ്‌റ്റേഴ്‌സ് ഉണ്ടായിക്കിയ ഓളത്തിന്റെ നാലില്‍ ഒന്നുപോലും ഉണ്ടാക്കാനായില്ല.

ഫുട്‌ബോള്‍ പ്രേമികളുടെ ഇറ്റില്ലമായ മലബാറില്‍ നിന്ന് പിറവിയെടുത്ത ക്ലബാണെങ്കിലും കോഴിക്കോട് നഗരത്തിന് പുറത്തേക്ക് കാര്യമായ ആരാധകരെയൊന്നും സൃഷ്ടിക്കാന്‍ ഗോകുലത്തിനായില്ല. ഐലീഗില്‍ ഗോകുലത്തിന്റെ മുന്‍ഗാമികളായിരുന്ന എഫ്‌സി കൊച്ചിന്‍ തീര്‍ത്ത ആവേശവും തിരയിളക്കവും എഫ്‌സി കൊച്ചിനെ പോലെ തന്നെ ഡ്യൂറാന്റ് കപ്പ് ജയിച്ചിട്ടും ഗോകുലത്തിന് സൃഷ്ടിക്കാനായില്ല.

എന്നാല്‍ സമീപഭാവിയില്‍ പ്രെമോഷനിലൂടെ ഗോകുലം ഐഎസ്എല്ലില്‍ പ്രവേശിക്കുകയാണെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം കാണാത്ത വിധമുളള ഡര്‍ബിയ്ക്കാകും കേരളം സാക്ഷ്യം വഹിക്കുക. ഐഎസ്എല്ലില്‍ ഗോകുലവും ബ്ലാസ്‌റ്റേഴ്‌സും ഏറ്റുമുട്ടുന്ന മത്സരം ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട മത്സരമായി മാറിയാല്‍ അത്ഭുതപ്പെടാനില്ല. ഐഎസ്എല്ലില്‍ പ്രവേശിക്കുകയാണെങ്കില്‍ ഗോകുലത്തിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടവും നിരവധി പുതിയ ആരാധകരെ ഉണ്ടാക്കാനാകും എന്നതാകും.