ശ്രീ വീണ്ടും വിക്കറ്റെടുത്തു, കേരളത്തിന് ആദ്യ തിരിച്ചടി
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ആദ്യ തോല്‍വി. ടൂര്‍ണമെന്റില്‍ ഇതുവരെ ജയിക്കാത്ത ആന്ധ്ര പ്രദേശാണ് കേരളത്തെ തോല്‍പിച്ചത്. ഇതോടെ കേരളത്തിന്റെ വിജയകുതിപ്പിന് പര്യവസാനമായി. ആറു വിക്കറ്റിനാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ കറുത്ത കുതിരകളെ ആന്ധ്ര തോല്‍പിച്ചത്.
സ്‌കോര്‍: കേരളം-112/4, ആന്ധ്ര-113/4
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിനായി അര്‍ധ സെഞ്ച്വറി നേടിയ സച്ചിന്‍ ബേബി മാത്രമാണ് തിളങ്ങിയത്. 34 പന്തില്‍ ഒരു ഫോറും നാല് സിക്‌സും സഹിതം സച്ചിന്‍ 51 റണ്‍സെടുത്തു. ജലജ് സക്‌സേന 34 പന്ത് നേരിട്ട് 27 റണ്‍സുമായി പുറത്താകാതെ നിന്നു.
റോബിന്‍ ഉത്തപ്പ (8), അസറുദ്ദീന്‍ (12), സഞ്ജു സാംസണ്‍ (7), വിഷ്ണു വിനോദ് (4) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ പ്രകടനം.
മറുപടി ബാറ്റിംഗിനിറങ്ങിയ 43 റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ഓപ്പണര്‍ അശ്വിന്‍ ഹെബ്ബറും (48) നായന്‍ അമ്പാടി റായിഡുവും (38*) ചേര്‍ന്ന് വിജയത്തിലെത്തിക്കുകയായിരുന്നു.
കേരളത്തിനായി ജലജ് സക്‌സേന നാല് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വങ്ങി രണ്ട് വിക്കറ്റ് വീഴത്തി. ശ്രീശാന്തും സച്ചിന്‍ ബേബിയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ആന്ധ്ര നിരയില്‍ ടോപ് സ്‌കോററായ അശ്വിന്‍ ഹെബ്ബറുടെ വിക്കറ്റാണ് ശ്രീശാന്ത് സ്വന്തമാക്കിയത്.