കേരളത്തിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം, വാട്‌മോറിന് പിന്‍ഗാമിയായി
മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്‍ കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകും. ഡേവ് വാട്മോറിന്റെ പിന്‍ഗാമിയായിട്ടാണ് ടിനു കേരള ടീമിന്റെ മുഖ്യ പരിശീലകനാകുന്നത്.
ഇന്ത്യക്കായി രാജ്യാന്തര ടെസ്റ്റ് മത്സരം കളിച്ച ആദ്യ മലയാളിയാണ് ടിനു യോഹന്നാന്‍. ഇംഗ്ലണ്ടിനെതിരെ 2001 ഡിസംബര്‍ മൂന്നിന് ഇന്ത്യ കളിക്കാനിറങ്ങിയപ്പോഴാണ് ടിനു യോഹന്നാന്‍ അരങ്ങേറ്റം കുറിച്ചത്. 2002 മെയ് 29നായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അത്. 2009ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുനിന് വേണ്ടിയും ഈ മലയാളി താരം കളിച്ചിരുന്നു.
കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി 2017ലാണ് വാട്മോര്‍ ചുമതലയേറ്റത്. കഴിഞ്ഞ വര്‍ഷം കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ മോശം പ്രകടനം വാട്മോറിനു തിരിച്ചടിയായിരുന്നു.
ടിനു യോഹന്നാന്‍ കേരള ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുമ്പോള്‍ അണ്ടര്‍-23 ടീമിനെ ഫിറോസ് റഷീദ് പരിശീലിപ്പിക്കും. മുന്‍ ഓള്‍റൗണ്ടര്‍ സുനില്‍ ഒയാസിസ് അണ്ടര്‍ 19 ന്റെയും പി പ്രശാന്ത് അണ്ടര്‍ 16 ടീമിന്റെയും പരിശീലകനാകും.