ശ്രീശാന്ത്, ഉത്തപ്പ.. കേരളം ഞെട്ടിക്കുന്നു, 95ലെ ലങ്കന്‍ ടീമിനെ പോലെ

കെ നന്ദകുമാര്‍പിള്ള

വര്ഷങ്ങളായി കേരളാ ക്രിക്കറ്റ് ഫോളോ ചെയുന്ന ഒരാള്‍ എന്ന നിലയില്‍ ഒരുപാട് സന്തോഷം തോന്നുന്ന നിമിഷങ്ങളാണ് ഇപ്പോള്‍. ഒരു ചാമ്പ്യന്‍ ടീം എന്ന് പറയാറായിട്ടില്ലെങ്കിലും ഒരു ടീം എന്ന നിലയില്‍ കേരളം ഒരുപാട് മുന്നേറിയിരിക്കുന്നു. സയ്ദ് മുഷ്താഖ് അലി ടി20 യിലും ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫിയിലും നേടിയ തുടര്‍ ജയങ്ങള്‍ അതിന്റെ തെളിവാണ്.

ഇന്നലെ ഉത്തര്‍പ്രദേശിനെതിരായ ജയം ഒരുപാട് സന്തോഷം തരുന്നതാണ്. ഒരു ഘട്ടത്തില്‍ അനായാസമായി 300 കടക്കുമായിരുന്ന സ്‌കോറിനെ 283 ല്‍ ഒതുക്കാന്‍ സാധിച്ചത് വലിയൊരു നേട്ടമാണ്. ഭുവനേശ്വര്‍ കുമാര്‍ എന്ന ഇന്ത്യന്‍ താരം, ഇന്ത്യ U – 19 താരങ്ങളായ പ്രിയം ഗാര്‍ഗ്, കാര്‍ത്തിക് ത്യാഗി, മുന്‍ ഇന്ത്യ U – 19 താരമായ അക്ഷദീപ് നാഥ് തുടങ്ങിയവര്‍ അണി നിരന്ന ഉത്തര്‍പ്രദേശ് മികച്ച ടീം ആയിരുന്നു. അവര്‍ക്കെതിരെ 283 എന്ന സ്‌കോര്‍ ചെയ്‌സ് ചെയ്ത് വിജയിച്ചു എന്നത് തീര്‍ച്ചയായും മനസിന് കുളിര്‍മ നല്‍കുന്നു.

ശ്രീശാന്ത് തന്റെ തിരിച്ചു വരവ് അക്ഷരാര്‍ത്ഥത്തില്‍ ഗംഭീരമാക്കി. 38 ആം വയസില്‍ ഒരു 5 വിക്കറ്റ് പ്രകടനം. ഡിറ്റര്‍മിനേഷന്‍ ഉണ്ടെങ്കില്‍ പ്രായത്തിനു പോലും അതിരുകള്‍ ഇല്ല എന്ന് താങ്കള്‍ തെളിയിച്ചു, പ്രിയപ്പെട്ട ശ്രീശാന്ത്. വിമര്‍ശനങ്ങള്‍ ഉത്തപ്പയെ തന്റെ ഉത്തരവാദിത്തം എന്താണെന്ന് തിരിച്ചറിയാന്‍ സഹായിച്ചു എന്ന് തോന്നുന്നു. തുടര്‍ച്ചയായ മികച്ച പ്രകടനങ്ങള്‍ ഉദാഹരണം. സച്ചിന്‍ ബേബിയും ജലജ സക്‌സേനയും തങ്ങളുടെ ക്ലാസ് തുടര്‍ന്നു. നിര്‍ണായക സമയത്ത് സിക്സും ഫോറും അടിച്ച് 6 പന്തില്‍ 13 റണ്‍സ് നേടിയ നമ്മുടെ സ്വന്തം നിധീഷ് ജയം എളുപ്പമാക്കി. ഇനി സഞ്ജുവും വിഷ്ണുവും അസറുദ്ദിനും കൂടി ഫോമിലെത്തിയാല്‍ കേരളം അദ്ഭുതങ്ങള്‍ സൃഷ്ടിക്കും എന്ന് ഞാന്‍ കരുതുന്നു.

ഒരു ഡേവ് വാട്ട്‌മോര്‍ ഇഫക്ട് ടീമില്‍ കാണാനുണ്ട്. സയ്ദ് മുഷ്താഖ് അലി ടൂര്ണമെന്റ് മുതല്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. ലക്ഷ്യങ്ങള്‍ പിന്തുടരാനാണ് കേരളം താല്‍പര്യപ്പെടുന്നത്. ഈ വര്ഷം നടന്ന മത്സരങ്ങളില്‍

ടോസ് ലഭിച്ച അവസരങ്ങളിലെല്ലാം കേരളം ഫീല്‍ഡ് ചെയ്യാനാണ് താല്പര്യപ്പെട്ടത്. 1995 കളിലെ ശ്രീലങ്കന്‍ ടീമും അങ്ങനെയായിരുന്നു. ഏതു വന്‍ സ്‌കോറും ചെയ്സ് ചെയ്തു ജയിക്കാം എന്നൊരു ആത്മവിശ്വാസം കേരളത്തിന് ഉണ്ടെന്ന് തോന്നുന്നു. ആ ആത്മവിശ്വാസം കേരളത്തിന് നല്കാന്‍ വാട്ട്‌മോര്‍ എന്ന കോച്ചിന്റെ സാന്നിധ്യം സഹായിച്ചിട്ടുണ്ടാകാം. അത് അതേപടി നില നിര്‍ത്തുന്ന ഇപ്പോഴത്തെ കോച്ച് ടിനു യോഹന്നാനും പ്രശംസ അര്‍ഹിക്കുന്നു.

ടി20 ടൂര്‍ണമെന്റിന്റെ സമയത്തും ഞാന്‍ എഴുതിയിരുന്നു. ഈ ടീം ചാമ്പ്യന്മാര്‍ ആകണം എന്ന് ആഗ്രഹമുണ്ട്, പക്ഷെ അങ്ങനെ സംഭവിച്ചു കൊള്ളണം എന്നില്ലല്ലോ. എങ്കിലും കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് നിങ്ങളില്‍ പ്രതീക്ഷകളുണ്ട്. എന്ത് സംഭവിച്ചാലും ഞങ്ങള്‍ കൂടെയുണ്ടാകും.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like