ടി20യെ വെല്ലും കൊടുങ്കാറ്റായി സഞ്ജുവും ഉത്തപ്പയും, തീതുപ്പി ശ്രീ, ഇത് സ്വപ്‌ന കേരളം

Image 3
CricketCricket News

വിജയ് ഹസാരെ ട്രോഫിയില്‍ ബൗളുകൊണ്ടും ബാറ്റ് കൊണ്ടും ടീം കേരള മിന്നിയപ്പോള്‍ ബീഹാറിനെതിരെ തകര്‍പ്പന്‍ ജയം. വിലക്കിനു ശേഷമുള്ള തിരിച്ചുവരവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി മറ്റൊരു തകര്‍പ്പന്‍ ബോളിങ് പ്രകടനവുമായി പേസ് ബോളര്‍ എസ്. ശ്രീശാന്ത് കളം നിറഞ്ഞതാണ് ഈ വിജയത്തിലെ ഏറ്റവും വലിയ ഹൈലെറ്റ്.

ഇതോടെ വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് നാലാം ജയം കുറിച്ച കേരളം നോക്കൗട്ട് സാധ്യത സജീവമാക്കി. കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ കര്‍ണാടകയോട് ഏറ്റ പരാജയത്തിന്റെ നിരാശ മറന്ന് ബിഹാറിനെയാണ് കേരളം തകര്‍ത്തുവിട്ടത്. ഒന്‍പതു വിക്കറ്റിനാണ് കേരളത്തിന്റെ ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാര്‍ 40.2 ഓവറില്‍ 148 റണ്‍സിന് എല്ലാവരും പുറത്തായി. 149 റണ്‍സിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം 41.2 ഓവറുകള്‍ ബാക്കിനിര്‍ത്തി ഒരേയൊരു വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. ഇതോടെ, എലീറ്റ് ഗ്രൂപ്പ് സിയില്‍ കേരളം 16 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറിയാണ് കേരളം നോക്കൗട്ട് സാധ്യത സജീവമാക്കിയത്.

32 പന്തില്‍ നാലു ഫോറും 10 സിക്‌സും സഹിതം 87 റണ്‍സുമായി പുറത്താകാതെ നിന്ന റോബിന്‍ ഉത്തപ്പയുടെ ട്വന്റി20യേയും വെല്ലുന്ന പ്രകടനമാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. വിഷ്ണു വിനോദ് 12 പന്തില്‍ രണ്ടു ഫോറും നാലു സിക്‌സും സഹിതം 37 റണ്‍സെടുത്തു. സഞ്ജു സാംസണ്‍ ഒന്‍പത് പന്തില്‍ രണ്ടുവീതം സിക്‌സും ഫോറും സഹിതം 24 റണ്‍സുമായി പുറത്താകാതെ നിന്നു.

149 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവര്‍ അതിവേഗ തുടക്കമാണ് സമ്മാനിച്ചത്. ട്വന്റി20 മത്സരത്തെയും അതിശയിക്കുന്ന പ്രകടനവുമായി തകര്‍ത്തടിച്ച ഇരുവരും വെറും 29 പന്തില്‍നിന്ന് അടിച്ചുകൂട്ടിയത് 76 റണ്‍സ്. 10 ഓവറിനുള്ളില്‍ കേരളം വിജയലക്ഷ്യം മറികടക്കും എന്ന നിലയില്‍ മുന്നേറുമ്പോള്‍, വിഷ്ണു വിനോദിനെ വീഴ്ത്തി ക്യാപ്റ്റന്‍ അശുതോഷ് അമനാണ് കൂട്ടുകെട്ട് പൊളിച്ചത്. 12 പന്തില്‍ രണ്ടു ഫോറും നാലു സിക്‌സും സഹിതം 37 റണ്‍സെടുത്താണ് വിഷ്ണു മടങ്ങിയത്. തൊട്ടുപിന്നാലെ ഇരു ടീമുകളും ഉച്ചഭക്ഷണത്തിനായി കയറി.

സഞ്ജു സാംസണിന്റെ കൂട്ടില്‍ തിരിച്ചെത്തിയ ഉത്തപ്പ, തുടര്‍ന്നും തകര്‍ത്തടിച്ചതോടെ കേരളം അനായാസം വിജയത്തിലെത്തി. ഇരുവരും ചേര്‍ന്ന് പിരിയാത്ത രണ്ടാം വിക്കറ്റില്‍ വെറും 24 പന്തില്‍നിന്ന് അടിച്ചെടുത്തത് 73 റണ്‍സ്! സഞ്ജു ഒന്‍പത് പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും സഹിതം 24 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ, സീസണിലെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടം ചെറിയ വ്യത്യാസത്തില്‍ വഴുതിപ്പോയെങ്കിലും, നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിന്റെ മികവിലാണ് കേരളം ബിഹാറിനെ 148 റണ്‍സില്‍ ഒതുക്കിയത്. ടോസ് നേടി ബിഹാറിനെ ബാറ്റിങ്ങിന് അയച്ച കേരളം, 9.4 ഓവര്‍ ബാക്കിനില്‍ക്കെയാണ് എതിരാളികളെ ചെറിയ സ്‌കോറില്‍ എറിഞ്ഞൊതുക്കിയത്. കേരളത്തിനായി ശ്രീശാന്ത് ഒന്‍പത് ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങിയാണ് നാലു വിക്കറ്റ് വീഴ്ത്തിയത്. ഇതിനിടെ രണ്ട് മെയ്ഡന്‍ ഓവറുകളും ശ്രീശാന്ത് എറിഞ്ഞു. ജലജ് സക്‌സേന 10 ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി മൂന്നും എം.ഡി നിധീഷ് എട്ട് ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി. അക്ഷയ് ചന്ദ്രനാണ് ശേഷിച്ച വിക്കറ്റ്.

89 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതം 64 റണ്‍സെടുത്ത ബാബുല്‍ കുമാറാണ് ബിഹാറിന്റെ ടോപ് സ്‌കോറര്‍. ഒരുവേള അഞ്ചിന് 74 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ബിഹാറിനെ, ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അശുതോഷ് അമനൊപ്പം (39 പന്തില്‍ 18) ബാബുല്‍ കൂട്ടിച്ചേര്‍ത്ത 46 റണ്‍സാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. യശ്വസി ഋഷവ് (26 പന്തില്‍ 19), വാലറ്റത്ത് സാബിര്‍ ഖാന്‍ (14 പന്തില്‍ പുറത്താകാതെ 17) എന്നിവരുടെ പ്രകടനങ്ങളും ബിഹാറിന് തുണയായി.

നേരത്തെ, തന്റെ ആദ്യ ഓവറില്‍ത്തന്നെ ഒരു പന്തിന്റെ ഇടവേളയില്‍ ഓപ്പണര്‍മാരായ മംഗല്‍ മഹ്‌റൂര്‍ (നാല് പന്തില്‍ ഒന്ന്), എസ്. ഗാനി (0) എന്നിവരെ പുറത്താക്കിയ ശ്രീശാന്ത് കേരളത്തിന് തകര്‍പ്പന്‍ തുടക്കത്തമാണ് സമ്മാനിച്ചത്. രണ്ടു പേരും ശ്രീശാന്തിന്റെ പന്തില്‍ ക്ലിനി് ബൗള്‍ഡായി. പിന്നീസ് ഷഷീം റാത്തോര്‍ (10 പന്തില്‍ മൂന്ന്), വികാസ് രഞ്ജന്‍ (20 പന്തില്‍ 10) എന്നിവരെയും ശ്രീശാന്ത് തന്നെ പുറത്താക്കി.