തീതുപ്പുന്ന യുവതുര്‍ക്കികള്‍, ബ്ലാസ്റ്റേഴ്‌സ് ഭരിക്കാന്‍ ആറ് അത്ഭുത താരങ്ങള്‍

Image 3
FootballISL

പതിവില്‍ നിന്ന് വ്യത്യസ്തമായി യുവതാരങ്ങള്‍ നിറഞ്ഞതാണ് പുതിയ സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യയുടെ ഭാവിവാഗ്ദാനങ്ങള്‍ എന്ന് വിലയിരുത്തപ്പെട്ടുന്ന നിരവധി താരങ്ങളെയാണ് ഇതിനോടകം തന്നെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം കൂടാരത്തിലെത്തിച്ച് കഴിഞ്ഞിരിക്കുന്നത്.

അണ്ടര്‍ 17 ലോകകപ്പ് കളിച്ച താരങ്ങള്‍ തൊട്ട് ഇന്ത്യന്‍ ആരോസിലെ പ്രധാന താരങ്ങളെല്ലാം തന്നെ ബ്ലാസ്റ്റേഴ്‌സിലെത്തികഴിഞ്ഞു. ഇവരുമായെല്ലാം ദീര്‍ഘകാലത്തെ കരാര്‍ ഒപ്പിടാനാണ് ബ്ലാസ്റ്റേഴ്‌സ് ആലോചിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിലെത്തിയ യുവതാരങ്ങളാരൊക്കയെനന് നോക്കാം

1) കെപി രാഹുല്‍

വേഗതകൊണ്ട് ഇന്ത്യന്‍ ഫുട്‌ബോളിനെ അമ്പരപ്പിക്കുന്ന താരമാണ് മലയാളി താരം കെപി രാഹുല്‍. ഇരുപാര്‍ശ്യങ്ങളിലും കളിക്കാന്‍ കഴിവുളള താരമായ രാഹുലിന് 20 വയസ്സാണ്. ഇന്ത്യയുടെ ഭാവി താരമായി വിലയിരുത്തപ്പെടുന്ന കളിക്കാരനാണ് തൃശൂര്‍ സ്വദേശി കൂടിയായ മലയാളി താരം.

2) ജിക്‌സണ്‍ സിംഗ്

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ് ജിക്‌സണ്‍ സിംഗ്. ലോകകപ്പില്‍ ഇന്ത്യയ്ക്കായി ആദ്യ ഗോള്‍ നേടിയ താരം എന്ന ഒരിക്കലും തകര്‍ക്കാത്ത റെക്കോര്‍ഡിന് ഉടമയായ 19കാരന്‍ പ്രതിരോധ താരമാണ്. നിരവധി ക്ലബുകളാണ് ഈ സീസണില്‍ ജിക്‌സണെ സ്വന്തമാക്കാന്‍ വലയെറിഞ്ഞത്.

3) ആയുഷ് അധികാരി

ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ് ടീമിന്റെ കണ്ടെത്തലാണ് ആയുഷ് അധികാരി. കഴിഞ്ഞ സീസണില്‍ ഐലീഗില്‍ ഇന്ത്യന്‍ ആരോസിനായി തകര്‍പ്പന്‍ പ്രകടനമാണ് ഈ ഡല്‍ഹി സ്വദേശി കാഴ്ച്ചവെച്ചത്. വരും സീസണില്‍ ആയുഷിന്റെ മാജിക്ക് ഇന്ത്യ കാണാനിരിക്കുന്നേയുളളു. സെന്‍ട്രല്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറാണ് ഈ യുവതാരം

4) പ്രഭുസുഖര്‍ സിംഗ് ഗില്‍

ബ്ലാസ്റ്റേഴ്‌സിന്റെ യുവ ഗോള്‍ കീപ്പറാണ് പ്രഭുസുഖര്‍ സിംഗ് ഗില്‍. വളര്‍ന്നുവരുന്ന കഴിവുളള താരം. ആല്‍ബിനോ തോമസിന്റെ അഭാവത്തില്‍ ബിലാല്‍ ഖാനെ മറികടന്ന് ഗില്‍ ബ്ലാസ്‌റ്റേഴ്‌സ് വലകാത്താലും അത്ഭുതപ്പെടാനില്ല.

5) ഗിവ്‌സണ്‍ സിംഗ്

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി ചുമതലയേറ്റ ശേഷം കിബു വികൂനയ്ക്ക് കീഴിലുളള ആദ്യ സൈനിംഗ് ആയിരുന്നു ഗിവ്‌സണ്‍ സിംഗിന്റേത്. 17 വയസ്സുകാരനായ താരം യുവ അറ്റാക്കിംഗ് മിഡ് ഫീല്‍ഡര്‍ ആണ്. ഇന്ത്യയുടെ ഭാവി വാഗ്ദാനമായി വിലയിരുത്തപ്പെട്ട ഗിവ്സണ്‍ ഇന്ത്യന്‍ ആരോസിലൂടെ കളിച്ച് തെളിഞ്ഞ താരമാണ്.

കഴിഞ്ഞ ഐലീഗില്‍ ഇന്ത്യന്‍ ആരോസിനായി 18 മത്സരങ്ങള്‍ കളിച്ച ഗിവ്സണ്‍ രണ്ട് ഗോളും നേടിയിരുന്നു. ഇന്ത്യ അണ്ടര് 17, അണ്ടര്‍ 20 ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്.

6) ബോറിസ് സിംഗ്

ഇന്ത്യന്‍ യുവ സൂപ്പര്‍ താരമാണ് ബോറിസ് സിംഗ്. ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയേക്കുമെന്ന് സൂചനയുളള താരം ക്ലബുമായി ചര്‍ച്ചയിലാണ. 20 വയസ്സുകാരനായി ബോറിസ് സിംഗ് കഴിഞ്ഞ സീസണില്‍ എടികെ മോഹന്‍ ബഗാനായാണ് കളിച്ചത്. റൈറ്റ് ബാക്ക് ആണ് മണിപ്പൂരി സ്വദേശിയായ ബോറിസ് സിംഗിന്റെ പൊസിഷന്‍

ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച താരമാണ് ബോറിസ് സിംഗ്. ലോകകപ്പിന് ശേഷം ഇന്ത്യന്‍ ആരോസില്‍ ബൂട്ടണിഞ്ഞ ബോറിസ് ഐലീഗില്‍ 31 മത്സരങ്ങളാണ് കളിച്ചത്. രണ്ട് ഗോളും സ്വന്തം പേരില്‍ കുറിച്ചു. ഡ്യൂറാന്റ് കപ്പില്‍ ആരോസിനായി നാല് മത്സരവും കളിച്ചു.