ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ്, ഒരുങ്ങി തന്നെ, രണ്ട് സൂപ്പര്‍ താരങ്ങളെ കൂടി റാഞ്ചി

Image 3
FootballISL

കൊച്ചി: ഐഎസ്എല്‍ പുതിയ സീസണില്‍ തകര്‍പ്പന്‍ ഒരുക്കങ്ങളുമായി മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. ഐ ലീഗ് സൂപ്പര്‍ ക്ലബായ റിയല്‍ കശ്മീരിന്റ മധ്യനിരതാരം ഋത്വിക് ദാസിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇക്കാര്യത്തില്‍ അവശേഷിക്കുന്നത്.

പശ്ചിമ ബംഗാളില്‍ നിന്നുള്ള ഋത്വിക്ക് കഴിഞ്ഞ രണ്ട് സീസണുകളായി കശ്മീരിന്റെ ഭാഗമാണ്. ഈ ഐ-ലീഗ് സീസണില്‍ ആറ് ആദ്യ ഇലവന്‍ അവസരം അടക്കം 11 തവണയാണ് 23-കാരനായ ഋത്വിക്ക് ക്ലബ് ജേഴ്സിയണിഞ്ഞത്.

അതെസമയം ഋത്വിക്കിനെ കൂടാതെ മറ്റൊരു യുവതാരം കൂടി ടീമിലെത്തിയേക്കും. ഇന്ത്യന്‍ ആരോസിന്റെ വിക്രം പ്രതാപ് സിംഗാണ് ബ്ലാസ്റ്റേഴ്‌സ് നിരയിലെത്തുക. 18-കാരനായ വിക്രം ഇരുവിങ്ങുകളിലും സെന്റര്‍ ഫോര്‍വേഡ് പൊസിഷനിലും കളിക്കുന്ന താരമാണ്.

ഇതിനകം തന്നെ ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവിതാരമെന്ന വിശേഷണം സ്വന്തമാക്കിക്കഴിഞ്ഞ താരമാണ് വിക്രം. മുമ്പും ഇന്ത്യന്‍ ആരോസില്‍ നിന്ന് താരങ്ങള്‍ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കെ പി രാഹുല്‍ ടീമിലെത്തിയിരുന്നു.