തകര്‍പ്പന്‍ ജയം, ഇരട്ട ഗോളുമായി രാഹുല്‍, വരവറിയിച്ച് ബ്ലാസ്‌റ്റേഴ്‌സ്

ആദ്യ പ്രീസീസണ്‍ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയ്‌ക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്തത്. ഇരട്ട ഗോള്‍ നേടിയ മലയാളി താരം രാഹുല്‍ കെപിയുടെ മികവിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ബ്ലാസ്റ്റേഴ്‌സ് മികച്ച മത്സരം തന്നെയാണ് കാഴ്ച്ചവെച്ചത്. ഇരുടീമുകളിലും ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് മത്സരത്തില്‍ അണിനിരന്നത് എന്നതിനാല്‍ ഇന്ത്യന്‍ താരങ്ങളുടെ മികവ് വിലയിരുത്തുന്ന മത്സരം കൂടിയായി ഇത് മാറി.

ക്വാറഡീന്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയും സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസും മത്സരം കാണാന്‍ മൈതാനത്തെത്തിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ പ്ലേയിംഗ് ഇലവനില്‍ ഉല്‍പ്പെടാനുളള മത്സരമായതിനാല്‍ തന്നെ അത്യന്തരം ആവേശത്തോടെയാണ് ഓരോ യുവതാരവും കളത്തിലിറങ്ങിയത്.

അതെസമയം ബ്ലാസ്‌റ്റേഴ്‌സിന്റെ ഭൂരിഭാഗം വിദേശ താരങ്ങള്‍ ഇതിനോടകം തന്നെ ഇന്ത്യയിലേക്ക് എത്തികഴിഞ്ഞു. ഇനി മൂന്ന് വിദേശതാരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സ് ക്യാമ്പില്‍ എത്താനുളളത്. ഈ ആഴ്ച്ച അവസാനത്തോടെ അവരും ടീമിനൊപ്പം ചേരുമെന്നാണ് അറിയാന്‍ കഴിയുന്നത്.

You Might Also Like