ഇങ്ങനെ കരയിപ്പിക്കല്ലേ ബ്ലാസ്റ്റേഴ്‌സേ… ദൈവം കണ്ണടച്ച അവസാന നിമിഷം

എസ്സി ഈസ്റ്റ് ബംഗാള്‍-1, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി-1

തിലക് മൈതാന്‍ (ഗോവ): അവസാന സെക്കന്‍ഡില്‍ വഴങ്ങിയ ഗോളില്‍ ഐഎസ്എലിലെ പതിനൊന്നാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കളി തീരാന്‍ 30 സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ എതിരില്ലാത്ത ഒരു ഗോളിന് മുന്നിലുണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്സിനെ എസ്സി ഈസ്റ്റ് ബംഗാളാണ് സമനിലയില്‍ കുരുക്കിയത്. ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം 64ാം മിനുറ്റില്‍ ഓസ്ട്രേലിയന്‍ സ്ട്രൈക്കര്‍ ജോര്‍ദാന്‍ മറെയാണ് കേരള ബ്ലാസ്റ്റേഴ്സിനായി ലീഡ് നേടിയത്. ഇഞ്ചുറി ടൈമില്‍ പ്രതിരോധ താരം സ്‌കോട്ട് നെവില്ലെ നേടിയ ഗോള്‍ മത്സരം സമനിലയിലാക്കി. സഹല്‍ അബ്ദുസമദ് കളിയിലെ താരമായി. സീസണിലെ നാലാം സമനിലയോടെ 11 മത്സരങ്ങളില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് രണ്ടു ജയവും അഞ്ചു തോല്‍വിയും ഉള്‍പ്പെടെ പത്തു പോയിന്റായി. ജനുവരി 20ന് ബംബോലിം ജിഎംസി സ്റ്റേഡിയത്തില്‍ ബെംഗളൂരു എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

പ്രതിരോധത്തില്‍ നിഷുകുമാറിനെ തിരിച്ചുവിളിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങിയത്. സന്ദീപ് സിങ്, കോസ്റ്റ നമോയിനെസു, ജെസെല്‍ കെര്‍ണെയ്റോ എന്നിവരും പ്രതിരോധകോട്ട കെട്ടി. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, വിസെന്റ് ഗോമെസ്, ജീക്സണ്‍ സിങ്, ഫക്കുണ്ടോ പെരേര എന്നിവര്‍. മുന്നേറ്റത്തില്‍ ജോര്‍ദാന്‍ മറെയും ഗാരിഹൂപ്പറും. ഒരേയൊരു മാറ്റമാണ് ഈസ്റ്റ് ബംഗാള്‍ നിരയിലുമുണ്ടായത്. ജംഷ്ഡ്പൂരിനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് കളിയുടെ തുടക്കം മുതല്‍ തന്നെ ആക്രമിച്ചു കളിച്ചു. ആദ്യ മിനുറ്റില്‍ ഫെക്കുണ്ടോയുടെ ലോ ക്രോസ് മുതലെടുക്കാന്‍ ജോര്‍ദാന്‍ മുറേയ്ക്കായില്ല. മൂന്നാം മിനുറ്റില്‍ ഈസ്റ്റ് ബംഗാളും ഒരു അവസരം പാഴാക്കി. മഗോമയുടെ ഫ്രീകിക്കില്‍ നിന്നുള്ള നെവില്ലെയുടെ ഹെഡര്‍ പുറത്തേക്ക് പോയി. ബ്ലാസ്റ്റേഴ്സിന് മറ്റൊരു മികച്ച അവസരം അഞ്ചാം മിനുറ്റില്‍ എത്തി. ബോക്സിലേക്കുള്ള കെര്‍ണെയ്റോയുടെ ലോങ്ബോള്‍ സ്വീകരിച്ച മറേ വല ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തു, പന്ത് കൃത്യം ദേബജിതിന്റെ കസ്റ്റഡിയിലായി. 11ാം മിനുറ്റില്‍ മിലന്‍സിങും ഹര്‍മന്‍പ്രീതും ചേര്‍ന്ന് നടത്തിയൊരു ഗോള്‍ നീക്കത്തിന് സമയോചിതമായ ഇടപെടലിലൂടെ ആല്‍ബിനോ ഗോമസ് തടയിട്ടു.

അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബ്ലാസ്റ്റേഴ്സ് മികച്ചുനിന്നു. ഇടതുപാര്‍ശ്വത്തില്‍ നിന്ന് പെരേര നല്‍കിയ ക്രോസില്‍ വിസെന്റെ ഗോമസിന്റെ ഹെഡര്‍ ശ്രമം ക്രോസ്ബാറിന് പുറത്തായി. 17ാം മിനുറ്റില്‍ മറ്റൊരു ഹെഡര്‍ ശ്രമം. ഹൂപ്പറിന്റേതായിരുന്നു ക്രോസ്, വലയുടെ ഇടത് മൂല ലക്ഷ്യമാക്കി വിസെന്റെയുടെ ഹെഡര്‍, നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തേക്ക്. പന്തടക്കത്തിലെ ആധിപത്യവുമായി ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാള്‍ ഗോള്‍ ഏരിയയില്‍ തമ്പടിച്ചു, ബംഗാള്‍ ടീം സമ്മര്‍ദത്തിലായി. മറെയെ ഫൗള്‍ ചെയ്തതിന് 34ാം മിനുറ്റില്‍ മിലന്‍ സിങിന് യെല്ലോ കാര്‍ഡ് ലഭിച്ചു. തൊട്ടുപിന്നാലെ കോര്‍ണര്‍ കിക്ക് ലഭിച്ച ബ്ലാസ്റ്റേഴ്സ് തന്ത്രപരമായൊരു നീക്കം നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. ബോക്സിന് തൊട്ട്പുറത്ത് ഇടത്പാര്‍ശ്വത്തില്‍ നിന്ന് കിക്കെടുത്ത സഹല്‍ ലോപാസിലൂടെ ബോക്സിന് മുന്നിലായി നിലയുറപ്പിച്ച ഫക്കുണ്ടോയ്ക്ക് നല്‍കി. ഫക്കുണ്ടോയുടെ ശക്തമായ ഷോട്ട് ലക്ഷ്യം തെറ്റി അകന്നു. മികച്ച കളി പുറത്തെടുത്തെങ്കിലും ആദ്യപകുതിയില്‍ ലീഡെടുക്കാന്‍ ബ്ലാസ്റ്റേഴ്സിനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഈസ്റ്റ് ബംഗാളിന്റെ ഒരു ഗോള്‍ നീക്കം ജെസെല്‍ കെര്‍ണോയ്റോ വിഫലമാക്കി. കോര്‍ണര്‍ ഷോട്ടിന് ശേഷം മഗോമയില്‍ നിന്ന് പന്ത് വീണ്ടും സ്വീകരിച്ച ബ്രൈറ്റ് ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖത്ത് അപകടം സൃഷ്ടിക്കുമെന്ന് തോന്നിച്ചു. വലക്ക് മുന്നിലെത്തിയ പന്ത് ക്ലിയര്‍ ചെയ്യാനുള്ള ബ്ലാസ്റ്റേഴ്സ് നായകന്റെ ശ്രമം ആശങ്കയുണ്ടാക്കിയെങ്കിലും രണ്ടാം ശ്രമത്തില്‍ ജെസെല്‍ അപകടം ഒഴിവാക്കി. 55ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സിന് മറ്റൊരു അവസരം. സലയും മറെയും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പന്ത് ബോക്സിന് മുന്നിലുള്ള ഹൂപ്പറിലേക്ക്. ഹൂപ്പര്‍ വല ലക്ഷ്യമാക്കിയെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്തകന്നു. 62ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് ആദ്യമാറ്റം വരുത്തി. ഫക്കുണ്ടോ പെരേരയ്ക്ക് പകരം ലാല്‍താംഗ ഖ്വാള്‍റിങ് കളത്തില്‍. പിന്നാലെ ബ്ലാസ്റ്റേഴ്സ് സമനിലക്കെട്ട് പൊട്ടിച്ചു. 64ാം മിനുറ്റില്‍ ആല്‍ബിനോ ഗോമസിന്റെ ലോങ്ബോള്‍ നെഞ്ചില്‍ സ്വീകരിച്ച ജോര്‍ദാന്‍ മറെ, ബോക്സിനകത്ത് കയറി പന്ത് വലയിലേക്ക് ഷൂട്ട് ചെയ്തു. പന്തുമായി കുതിച്ച മറെയെ തടയാനുള്ള ബംഗാള്‍ പ്രതിരോധ താരങ്ങളായ റാണയുടെയും സ്‌കോട്ടിന്റെയും ശ്രമം ഓസ്ട്രേലിയന്‍ താരത്തിന്റെ അതിവേഗതയില്‍ വിഫലമായി. ദേബജിതിനെയും മറികടന്ന് പന്ത് കൃത്യം വലയില്‍. ലീഗില്‍ മറെയുടെ ആറാം ഗോള്‍.

68ാം മിനുറ്റില്‍ നായകനെ പിന്‍വലിച്ച ബ്ലാസ്റ്റേഴ്സ് ജുവാന്‍ഡെ ലോപസിനെ ഇറക്കി. കളിതിരിച്ചുപിടിക്കാന്‍ ബംഗാള്‍ ആന്തണി പില്‍കിങ്ടണെയും കളത്തിലിറക്കി. 81ാം മിനുറ്റില്‍ ബോക്സിന് തൊട്ടരികില്‍ നിന്ന് പില്‍കിങ്ടണ്‍ തൊടുത്ത മികച്ചൊരു ഷോട്ട് കോര്‍ണറിന് വഴങ്ങി കോസ്റ്റ തട്ടിയകറ്റി. തൊട്ടടുത്ത മിനുറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം ബംഗാള്‍ പ്രതിരോധവും പൊളിച്ചു. 84ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായ രണ്ടു മാറ്റങ്ങള്‍ വരുത്തി. സഹലിനും മറെയ്ക്കും രാഹുല്‍ കെപിയും രോഹിത്കുമാറും പകരക്കാരായി. ലീഡുയര്‍ത്താന്‍ ബ്ലാസ്റ്റേഴ്സും സമനിലക്കായി ഈസ്റ്റ് ബംഗാളും കിണഞ്ഞു ശ്രമിച്ചു. മത്സരം തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെയാണ് കോര്‍ണര്‍ കിക്കിലൂടെ ഈസ്റ്റ് ബംഗാള്‍ ഗോള്‍ കണ്ടെത്തിയത്, പിന്നാലെ റഫറിയുടെ ലോങ് വിസില്‍, ഇരുടീമുകളും തമ്മിലുള്ള രണ്ടാം ലെഗും സമനിലയില്‍ കലാശിച്ചു.

You Might Also Like