കലിപ്പടക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ്, അട്ടിമറി മോഹവുമായി ഈസ്റ്റ് ബംഗാള്‍, കൊച്ചിയില്‍ തീപാറും

ഫായിസ് മുഹമ്മദ് വാണിയക്കാട്‌

ഐഎസ്എല്‍ ഒമ്പതാം സീസണിന് ഇന്ന് വര്‍ണാഭമായ തുടക്കം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തന്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി ഏഴരക്കാണ് മത്സരം തുടങ്ങുക.

രണ്ടുവര്‍ഷത്തിനുശേഷം കാണികള്‍ക്ക് പ്രവേശനം ഉള്ളതിനാല്‍ കൊച്ചി സ്റ്റേഡിയം മഞ്ഞക്കടല്‍ ആകുമെന്ന് ഉറപ്പാണ്. സാദാരണയായി ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എടികെ മോഹന്‍ ബഗാന്‍ ആയിരുന്നു എതിരാളി എങ്കില്‍ ഇത്തവണ വ്യത്യാസമുണ്ട്. കൊല്‍ക്കത്തയില്‍ നിന്നും തന്നെയുളള ഇന്ത്യയുടെ വിഖ്യാത ക്ലബ് ഈസ്റ്റ് ബംഗാളിനെ ആണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക.

2020-21 സീസണില്‍ ആണ് ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലില്‍ പ്രവേശനം നേടിയത്. എന്നാല്‍ ഈസ്റ്റ് ബംഗാളിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടിരുന്നില്ല. ആദ്യസീസണില്‍ ഒന്‍പതാമത് ഫിനിഷ് ചെയ്ത ടീം രണ്ടാം സീസണില്‍ 11മതാണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഇപ്രാവശ്യം ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കുന്നത് മുന്‍ ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റല്‍ ആണ്. അതിനാല്‍ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷ.

ഇന്ത്യയെ 97ാം റാങ്കിങ്ങിലെത്തിച്ച സ്റ്റീഫന്‍ കോണ്‍സ്റ്റല്‍ ഇന്ത്യക്കാര്‍ക്ക് പരിചയമില്ലാത്ത ഒരു പേരല്ല. ഡ്യൂറന്‍ കപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ പുറത്തായെങ്കിലും ഐഎസ്എല്ലില്‍ കിരീടം സ്വന്തമാക്കാം എന്ന ഉറച്ച പ്രതീക്ഷയിലാണ് ടീം. ബ്രസീലിയന്‍ താരം ക്ലെയ്‌റ്റോണ്‍ സില്‍വയും ഇവാന്‍ ഗോണ്‍സാലസും മുഹമ്മദ് റാക്കിബും ഒപ്പ മലയാളി താരം സുഹൈര്‍ കൂടി ചേരുമ്പോള്‍ ആരേയും അട്ടിമറിയ്ക്കാന്‍ കരുത്തുളള ടീമാണ് ഈസ്റ്റ് ബംഗാള്‍.

ബ്ലാസ്റ്റേഴ്‌സ് ആണെങ്കില്‍ കളിച്ച എല്ലാ പ്രീ സീസണും ജയിച്ച് ശുഭപ്രതീക്ഷയോടെയാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. അതിനാല്‍ തന്നെ ഈസ്റ്റ് ബംഗാളിലെ തോല്‍പ്പിച്ച് മൂന്ന് പോയിന്റ് നേടുമെന്ന് ഉറച്ച പ്രതീക്ഷയില്‍ തന്നെയാണ് ആരാധകരും. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ടീമില്‍ ആര്‍ക്കും തന്നെ പരിക്കില്ല എന്ന് ഇവാന്‍ വുകമനോവിച്ച് പറഞ്ഞിരുന്നു. എന്നാല്‍ സഹല്‍ ഇന്ന് കളിക്കോ എന്ന കാര്യത്തില്‍ സംശയമാണ്.

ഇനി രണ്ട് ടീമിന്റെയും സാധ്യത ഇലവന്‍ നോക്കാം: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍കീപ്പര്‍ ആയി ഗില്ലും, ഡിഫന്‍ഡര്‍മാരായി ലെസ്‌കോവിച്ചും, ഹോര്‍മിപമും, കബ്‌റയും,ജെസ്സലും ഉണ്ടാകും.സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ആയി ഇവാനും, ജീക്‌സണും ഉണ്ടാകും. മിഡ്ഫീല്‍ഡ്‌സ് ആയി സഹലും,ലൂണയും, രാഹുലും ഉണ്ടാകും. അറ്റാക്ക് റായി ദിമിട്രിയോസ് ഉണ്ടാകും.

ഈസ്റ്റ് ബംഗാളിന്റെത് ഗോള്‍കീപ്പര്‍ ആയി കമ്മല്‍ജിത്ത് സിംഗും, ഡിഫന്‍ഡര്‍മാരായി ഐവാന്‍ ഗോണ്‍സാലിസും, സാര്‍ത്ഥകും, റാക്കിബും,ജെറിയും ഇറങ്ങും.സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ ആയി ജോര്‍ദാനും, അമര്‍ജിത്തും ഇറങ്ങും. മിഡ്ഫീല്‍ഡ്‌സായി വി പി സുഹൈറും, മുബഷിറും എലി സാമിയെയും ഇറങ്ങും. അറ്റാക്കാറായി ക്ളെട്ടന്‍ സില്‍വ ഇറങ്ങും.

You Might Also Like