അവര്‍ ചില്ലറക്കാരല്ല, ബ്ലാസ്‌റ്റേഴ്‌സിന് ഗോമസിന്റെ മുന്നറിയിപ്പ്

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ ഏറ്റവും പ്രധാന സൈനിംഗുകളില്‍ ഒന്നാണ് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വിസന്റെ ഗോമസ്. മൂന്ന് വര്‍ഷത്തേക്കാണ് ഈ ലാലിഗ കരുത്തനെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം നിരയിലേക്ക് എത്തിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഏറ്റവും മികച്ച സൈനിംഗുകളില്‍ ഒന്നായിട്ടാണ് ഗോമസിന്റെ വരവിനെ ഫുട്‌ബോള്‍ വിദഗാധര്‍ വിലയിരുത്തുന്നത്.

കഴിഞ്ഞ ദിവസം ഗോള്‍ ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ മുബൈ സിറ്റിയ്‌ക്കെതിരായ മത്സരം താന്‍ കാത്തിരിക്കുകയാണെന്നാണ് ഗോമസ് പറയുന്നത്. ലാലിഗ ക്ലബായ ലാസ് പാല്‍മിറാസിനായി മുംബൈ എഫ്‌സിയുടെ ഇപ്പോഴത്തെ പരിശീലകന്‍ സെര്‍ജിയോ ലൊബേരയ്ക്ക് കീഴില്‍ രണ്ട് വര്‍ഷത്തോളം ഗോമസ് കളിച്ചിരുന്നു.

‘ഞാന്‍ പ്രതീക്ഷയോടെയാണ് മുംബൈ സിറ്റിയ്ക്ക് എതിരായ മത്സരത്തെ നോക്കികാണുന്നത്. എന്തുകൊണ്ടെന്നാല്‍ ലൊബേരയേയും അവന്റെ സ്റ്റാഫുകളേയും എനിക്ക് നന്നായി അറിയാം. അവരാകും ഏറ്റവും പ്രയാസമേറിയ എതിരാളികള്‍. എങ്കിലും എനിക്കുറപ്പുണ്ട് ഞങ്ങള്‍ ഞങ്ങളുടെ ഏറ്റവും മികച്ച പോരാട്ടം തന്നെ അവര്‍ക്കെതിരെ പുറത്തെടുക്കുമെന്ന്’ ഗോമസ് പറയുന്നു.

എടികെ മോഹന്‍ ബഗാന്റെ പ്രതിരോധ താരം തിരിയ്‌ക്കെതിരെ കളിക്കുന്നതും താന്‍ ഉറ്റുനോക്കുന്നതായി പറഞ്ഞ ഗോമസ് തിരി ഐഎസ്എല്ലിലെ ഏറ്റവും മികച്ച പ്രതിരോധ താരമാണെന്നും കൂട്ടിചേര്‍ത്തു.

ലാലിഗയില്‍ ലാസ് പാല്‍മിറാസിനായി കളിച്ചതാണ് ജീവിതത്തിലെ മഹത്തായ അനുഭവം എന്ന് പറയുന്ന ഗോമസ് അതില്‍ തന്നെ ബെര്‍നബ്യൂ സ്‌റ്റേഡിയത്തില്‍ റയലിനെ 3-3ന് സമനിലയില്‍ കുരുക്കിയത് മറക്കാനാകാത്ത അനുഭവമാണെന്നും കൂട്ടിചേര്‍ത്തു