സൂപ്പർകപ്പ് ഇത്തവണ ജീവന്മരണ പോരാട്ടം, പ്രധാന ടീമിനെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് അണിനിരത്തും

Image 3
ISL

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരുവും ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന മത്സരം ഒരുപാട് വിവാദങ്ങൾക്ക് കാരണമായ ഒന്നായിരുന്നു. മത്സരത്തിൽ ഛേത്രി നേടിയ ഗോൾ അനുവദിച്ചതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഗോളിനെച്ചൊല്ലി സ്റ്റേഡിയം വിട്ടുപോയതിനെ തുടർന്നാണ് ബ്ലാസ്റ്റേഴ്‌സ് ടൂർണമെന്റിൽ നിന്നും പുറത്തു പോയത്.

ഐഎസ്എല്ലിൽ നിന്നും പുറത്തു പോയ കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസനിലിനി ലക്‌ഷ്യം വെക്കുന്നത് സൂപ്പർകപ്പാണ്. കേരളത്തിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ കിരീടം നേടാനാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. അതുവഴി എഎഫ്‌സി കപ്പിന് യോഗ്യത നേടാനുള്ള അവസരം സൃഷ്‌ടിക്കുകയും ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യമാണ്.

മുൻപ് സൂപ്പർകപ്പിനു പ്രധാന ടീമിനെ ഒഴിവാക്കി റിസർവ് ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കിയിരുന്നത്. എന്നാൽ ഇത്തവണ അത് നടപ്പിലാക്കാൻ കൊമ്പന്മാർ തയ്യാറല്ല. കിരീടം നേടുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് മത്സരത്തിനായി ടീം ഒരുങ്ങുന്നത്. വിദേശ താരങ്ങൾ അടക്കമുള്ള സീനിയർ ടീമിനെ തന്നെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കും.

സൂപ്പർകപ്പിനായി ബ്ലാസ്റ്റേഴ്‌സ് മാർച്ച് ഇരുപത്തിയഞ്ചിന് ശേഷം പരിശീലനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവാദഗോളിൽ തങ്ങളെ തോൽപിച്ച ബെംഗളൂരു എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രൂപ്പിലാണുള്ളത്. സൂപ്പർകപ്പിൽ അവരെ കീഴടക്കി പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യവും കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നിലുണ്ടാകും.

കേരളത്തിൽ വെച്ചാണ് സൂപ്പർകപ്പ് മത്സരം നടക്കുകയെന്നതിനാൽ ബ്ലാസ്റ്റേഴ്‌സിന് കൂടുതൽ പ്രതീക്ഷയാണ്. അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി വേദിയല്ല. കോഴിക്കോട്, മഞ്ചേരി തുടങ്ങിയ സ്റ്റേഡിയങ്ങളിലാണ് ടൂർണമെന്റ് നടക്കുന്നത്. കേരളത്തിലെ മറ്റൊരു ടീമായ ഗോകുലം കേരളയും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.