ബ്ലാസ്റ്റേഴ്‌സ് പ്രീസീസണ്‍ ആരംഭിക്കുന്ന ആദ്യ ക്ലബാകും, വേദി സര്‍പ്രൈസ്, രണ്ടും കല്‍പിച്ച് തന്നെ

Image 3
FootballISL

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ മറ്റു ക്ലബ്ബുകളെക്കാള്‍ മുമ്പ് തന്നെ പ്രീ സീസണ്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രീ സീസണ്‍ പരിശീലനം കൊച്ചിയില്‍ തന്നെ ആരംഭിക്കാനാണ് സാധ്യത. ഐഎസ്എല്ലിന്റെ ഔദ്യോഗിക വെബ് സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടു തവണ ഫൈനലിലെത്തിയ ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാല്‍ 2016-ന് ശേഷം മികച്ച റിസള്‍ട്ട് ഇതുവരെ ക്ലബ്ബിന് നേടാന്‍ സാധിച്ചിട്ടില്ല. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടു തവണ ഫൈനലില്‍ എത്തിയപ്പോഴും ചിരവൈരികളായ എടികെ കൊല്‍ക്കത്തയോടാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പരിശീലകരെ നിയമിച്ച ടീമും കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ്.

ഇക്കഴിഞ്ഞ രണ്ട് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണുകളില്‍ മോശം പ്രകടനത്തിന് കാരണമായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകര്‍ ചൂണ്ടിക്കാണിച്ചിരുന്നത് പ്രീ സീസണ്‍ മത്സരങ്ങളുടെ അഭാവമാണ്. 2019-20 സീസണില്‍ ചില സാങ്കേതിക കാര്യങ്ങള്‍ കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന് പ്രീ സീസണ്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. വിദേശത്ത് സംഘടിപ്പിച്ച പ്രീ സീസണ്‍ ഉടന്‍ തന്നെ അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്‌സിന് തിരികെ വരേണ്ടതായി വന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കൊവിഡ് പ്രതിസന്ധി കാരണം ഗോവയിലെ അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മുഴുവന്‍ മത്സരങ്ങളും നടന്നത്. ഇതുമൂലം കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ള ടീമുകള്‍ക്കൊന്നും ആവശ്യമായ പ്രീ സീസണ്‍ മത്സരങ്ങള്‍ ലഭ്യമായില്ല. ഇതിന്റെ അഭാവം ഏറ്റവുമധികം ബാധിച്ച ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

അതിനാല്‍ ഇത്തവണ അതെല്ലാം മറികടക്കാനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. പുതിയ പരിശീലകനെ നിയമിച്ച കേരള ബ്ലാസ്റ്റേഴ്‌സ് അതോടൊപ്പം തന്നെ മികച്ച ഇന്ത്യന്‍, വിദേശ താരങ്ങളെ ടീമില്‍ എത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ക്ലബ്ബ് കൂടിയാണ് കൊച്ചി ആസ്ഥാനമായ കേരള ബ്ലാസ്റ്റേഴ്‌സ്.

പുതിയ സീസണ് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ക്ലബ്ബുകളെല്ലാം പ്രീ സീസണ്‍ ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ്. പക്ഷേ കൊവിഡ് പ്രതിസന്ധി കാരണം പരിശീലന ക്യാമ്പുകള്‍ ആരംഭിക്കാന്‍ മറ്റു ക്ലബ്ബുകള്‍ എല്ലാം തന്നെ പ്രയാസപ്പെടുകയാണ്.

പക്ഷേ ഇക്കാര്യത്തില്‍ മറ്റു ടീമുകളെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന ബ്ലാസ്റ്റേഴ്‌സ് എത്രയും പെട്ടെന്ന് പ്രീ സീസണ്‍ കൊച്ചിയില്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വിദേശ താരങ്ങളുടെ സൈനിംഗ് കൂടി പൂര്‍ത്തിയായി കഴിഞ്ഞാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസണ്‍ ക്യാമ്പിനായി വിദേശത്തേക്ക് പോകും.