ആദ്യ സീസണില്‍ കളിച്ച സൂപ്പര്‍ താരത്തെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം, ബ്ലാസ്‌റ്റേഴ്‌സിന്റെ മറ്റൊരു തകര്‍പ്പന്‍ നീക്കം

ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മുന്‍ താരത്തെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്ലാസ്റ്റേഴ്‌സിനായി 2016 സീസണില്‍ തകര്‍ത്ത് കളിച്ച ഹെയ്ത്തി താരം ഡക്കന്‍സ് നാസോണിനെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടിമിട്ടിരിക്കുന്നത്.
നിലവില്‍ ബെല്‍ജിയം ഒന്നാം ഡിവിഷന്‍ ക്ലബില്‍ കളിയ്ക്കുന്ന താരമാണ് നാസോണ്‍. സിന്റ് ട്രൂയിഡെന്‍സിന് വേണ്ടി ബൂട്ടണിയുന്ന നാസോണ്‍ കഴിഞ്ഞ സീസണില്‍ 22 മത്സരങ്ങളിസ് നിന്ന് 6 ഗോളുകളും, 1 അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
സെന്റര്‍ ഫോര്‍വേഡ് പൊസിഷന് പുറമേ, സെക്കന്‍ഡ് സ്‌ട്രൈക്കറായും, ലെഫ്റ്റ് വിങ്ങറായും ഈ 27കാരന് കളിക്കാന്‍ സാധിക്കും. നിലവില്‍ ഹെയ്ത്തി ദേശീയ ടീം അംഗമായ നാസോണ്‍ 44 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 23 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്‌സിനായി ഐഎസ്എല്ലില്‍ ആറ് മത്സരങ്ങളാണ് 2016ല്‍ നാസോണ്‍ കളിച്ചത്. 2 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. അരങ്ങേറ്റ സീസണില്‍ തന്നെ ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം പുറത്തെടുത്ത താരം ക്ലബ്ബിനെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍ വരെ എത്തിക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ശേഷം ക്ലബ്ബ് വിട്ട താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സുമായി കരാര്‍ ഒപ്പു വെച്ചു. വോള്‍വര്‍ഹാംപ്ടണ്‍ താരത്തെ ലോണ്‍ വ്യവസ്ഥയില്‍ വിവിധ ക്ലബ്ബുകളിലേക്ക് അയക്കുകയായിരുന്നു.